കൊച്ചി: വറുതിയുടെ കർക്കടകത്തിനു പിന്നാലെ ഗൃഹാതുര സ്‌മരണകൾ ഉണർത്തിയെത്തുന്ന തിരുവോണം കെങ്കേമമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് തൃക്കാക്കരയിലെ വാമനക്ഷേത്രം. ഇവിടെ അതിവിപുലമായ ചടങ്ങുകളോടെയാണ് ഓണാഘോഷം.
വാമനക്ഷേത്രത്തിൽ തിരുവോണ സദ്യ
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തൃക്കാക്കര മഹാക്ഷേത്രത്തിൽ തിരുവോണ ദിനത്തിൽ രാവിലെ 10.30 മുതൽ സദ്യ തുടങ്ങും. ജാതിമതഭേദമന്യേ ഓണസദ്യയിൽ പങ്കെടുക്കാൻ ഇത്തവണ 15,000 മുതൽ 20,000 വരെയാളുകൾ എത്തുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്. ഉത്രാട സദ്യയിൽ പതിനായിരം പേർ പങ്കെടുത്തു. അത്തം മുതൽ നടന്നു വരുന്ന ഉത്സവത്തിന്റെ സമാപന ദിനമായ നാളെ, രാവിലെ നാലിന് ചന്ദനംചാർത്തോടെ ചടങ്ങുകൾക്ക് തുടങ്ങും.
അഞ്ചിന് ഹരിനാമകീർത്തനം, ആറിന് ആലിൻചുവട് ഓങ്കാര ഭജൻസിന്റെ ഭജനാമൃതം, രാവിലെ 7.30ന് മഹാബലി എതിരേൽപ്പ്. എട്ടിന് തിരുവാതിരകളി, രാവിലെ 8.30ന് ഒമ്പത് ഗജവീരന്മാർ അണിനിരക്കുന്ന ശ്രീബലി, തുടർന്ന് സ്‌പെഷ്യൽ നാദസ്വരം. ശേഷം ചേരാനെല്ലൂർ ശങ്കരൻകുട്ടൻമാരാരുടെ പഞ്ചാരിമേളം . ഉച്ചക്ക് 12 ന് മെഗാ ഫ്യൂഷൻ ഗാനമേള, വൈകിട്ട് നാലരയ്ക്ക് കൊടിയിറക്കൽ. അഞ്ചിന് വീണക്കച്ചേരി, വൈകിട്ട് ആറിന് ആറാട്ടെഴുന്നള്ളിപ്പ്, ആറരയ്ക്ക് സംഗീതാർച്ചന, രാത്രി എട്ടിന് തിരുവാതിരകളി, രാത്രി 8.30ന് ഗാനാമൃതം, രാത്രി 11ന് ആറാട്ടെഴുന്നള്ളിപ്പ്. തുടർന്ന് വെടിക്കെട്ടോടെ ഉത്സവം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |