കോട്ടയം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ. മൂന്നാറിൽ താൻ ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും നിയമപരമായ നിർമാണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
പട്ടയഭൂമിയിൽ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിർമിക്കുമ്പോഴാണ് നിയമലംഘനമാവുന്നത്. നിലവിൽ ചിന്നക്കനാലിൽ പണിതത് റസിഡൻഷ്യൽ പെർമിറ്റിലുള്ള കെട്ടിടമാണ്. അത് നിയമവിധേയമാണ്. എന്നാൽ എം വി ഗോവിന്ദൻ തനിയ്‌ക്കെതിരെ വാർത്താസമ്മേളനം നടത്തിയ എ കെ ജി സെന്റർ പട്ടയ ഭൂമിയിൽ നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടമാണെന്നാണ് കുഴൽനാടന്റെ ആരോപണം.
വീണയ്‌ക്കെതിരായ ആരോപണം പ്രതിരോധിക്കാനാണ് ഗോവിന്ദൻ ശ്രമിക്കുന്നതെന്നും താൻ ലെെസൻസ് പ്രകാരമാണ് ഹോംസ്റ്റേ നടത്തിയതെന്നും കുഴൽനാടൻ വ്യക്തമാക്കി. 'നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. അഭിഭാഷകവൃത്തിയ്ക്ക് പുറമെ മറ്റൊരു ബിസിനസും നടത്തിയിട്ടില്ല. ഒമ്പത് കോടിയുടെ വിദേശ നിക്ഷേപം ഇല്ല. കമ്പനിയിൽ ഓഹരിയുണ്ട്. അതിന്റെ മൂല്യമാണിത്. എം വി ഗോവിന്ദൻ പുകമറ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്'. - അദ്ദേഹം കൂട്ടിച്ചേർത്തു. തനിയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർത്തിയ ജില്ലാ സെക്രട്ടറിമാർക്ക് വരവിൽക്കവിഞ്ഞ സ്വത്ത് ഇല്ലെന്ന് പറയാൻ ധെെര്യമുണ്ടോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |