ബ്രസീലിയ: ഒമ്പത് വയസുകാരിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച അമ്മ പിടിയിൽ. 30കാരിയായ റൂത്ത് ഫ്‌ലോറിയാനോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രസീലിലെ സാവോപോളോയിലെ യുവതിയുടെ വീട്ടിൽ നിന്നാണ് മൂന്ന് ആഴ്ചയോളം പഴക്കമുള്ള കുട്ടിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇവരുടെ മറ്റ് രണ്ട് കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഓഗസ്റ്റ് എട്ടിനും ഒമ്പതിനും ഇടയിലാണ് ഇവർ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
മകളായ അലാനി സിൽവയുടെ ശരീരം വെട്ടിനുറുക്കാനുള്ള എളുപ്പമാർഗം ഫ്‌ലോറിയാനോ ഇന്റർനെറ്റിൽ തിരഞ്ഞതായി ബ്രസീലിയർ സിവിൽ പൊലീസ് പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു ഫ്‌ലോറിയാനോ. മകളെ അംഗീകരിക്കാൻ കഴിയാത്തതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.
ഡേറ്റിംഗ് ആപ്പിലൂടെ യുവതി പരിചയപ്പെട്ട യുവാവും കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്നതായി അവർ പറഞ്ഞു. അയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. താനും കാമുകനും ലഹരിമരുന്ന് ഉപയോഗിച്ച് കിടന്നുറങ്ങിയെന്നും അടുത്ത ദിവസം എഴുന്നേറ്റപ്പോൾ മകൾ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നുമാണ് ആദ്യം ഫ്‌ലോറിയാനോ മൊഴി നൽകിയത്. എന്നാൽ മകളുടെ ശരീരം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത് താനാണെന്ന് അവർ സമ്മതിച്ചു.
കാമുകന്റെ അമ്മയാണ് ഫ്രിജിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ പല്ലു തേക്കുന്നതിനിടെ നെഞ്ചിൽ കുത്തിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഫ്‌ലോറിയാനോ പറഞ്ഞു. തെളിവ് നശിപ്പിക്കാൻ കുട്ടിയുടെ ചില ശരീരഭാഗങ്ങൾ പാകം ചെയ്യുകയും സമീപത്തെ അഴുക്കുചാലിൽ ഉപേക്ഷിക്കുകയും ചെയ്തതായി ഇവർ പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |