കൊവിഡ് കാലത്ത് വേദാന്ത് പ്രദീപിന് ധാരാളം സമയം കിട്ടി. വെറുതേ സമയം കളയുന്നതിന് പകരം ക്രിയാത്മകമായി എന്തു ചെയ്യാമെന്നായി പൊതുവെ വിചാരശീലനായ വേദാന്തിന്റെ ചിന്ത. സമൂഹത്തിന് പ്രത്യേകിച്ച് യുവാക്കൾക്ക് ഗുണമുള്ള എന്തെങ്കിലും തന്നെക്കൊണ്ടാകും വിധം ചെയ്യണം. ഈ ചിന്തയുമായിരിക്കുമ്പോഴാണ് ലോകത്ത് ലഹരിക്ക് അടിമപ്പെടുന്ന യുവാക്കൾ കൂടുന്നത് ഓർത്തത്.
ലഹരി വിപത്തിനെപ്പറ്റി വാർത്തയില്ലാത്ത ദിവസങ്ങളില്ല. താനും യുവാവാണ്. നന്നായി പ്രവർത്തിച്ച് സമൂഹത്തിന് മാതൃക കാട്ടേണ്ടവരാണ് തന്നെപ്പോലുള്ളവർ. അത്തരക്കാർ നശിക്കുന്നത് ലോകത്തിനു തന്നെ നാശമാണ്. ഈ വിപത്തിനെ തന്നാൽ കഴിയും വിധം പ്രതിരോധിക്കണമെന്നായി 24കാരനും അമേരിക്കയിലെ ജോർജ്ജിയ ടെക് സ്കൂൾ ഒഫ് കെമിക്കൽ ആൻഡ് ബയോ മോളിക്യുലർ എൻജിനിയറിംഗ് വിദ്യാർത്ഥിയുമായ പാലക്കാടുകാരൻ വേദാന്തിന്റെ ചിന്ത. തന്റെ ആശയം സഹ വിദ്യാർത്ഥിനിയായ സിയി ഗവോയുമായി പങ്കുവച്ചു. ലഹരിക്ക് എതിരെയുള്ള പ്രചാരണത്തിന് ഒരു ആപ് തുടങ്ങാമെന്നായി. കമ്പ്യൂട്ടർ വെെദഗ്ദ്ധ്യവും തുണയായി. തുടർന്ന് സിയിയെയും ഒപ്പം കൂട്ടി റീ ഫ്രെയിം എന്ന ആപുണ്ടാക്കി, ആൽക്കഹോൾ വിപത്തിനെതിരെ ഹെടെക് പ്രചാരണം തുടങ്ങി. ലഹരിമരുന്നുകളുണ്ടാക്കുന്ന ദുരിതാവസ്ഥകളെപ്പറ്റിയും ബോധവത്കരിക്കാൻ തുടങ്ങി. ഏതാനും മാസം കഴിഞ്ഞപ്പോൾ റീ ഫ്രെയിം ആപ് ഹിറ്റാകാൻ തുടങ്ങി. ലോകജനതയെ പ്രത്യേകിച്ചും യുവാക്കളെ വഴി തെറ്റിക്കുന്ന ലഹരിക്കെതിരെ സന്ദേശം പ്രചരിപ്പിക്കാൻ ആപ് ഡൗൺലോഡ് ചെയ്തവർ ദശ ലക്ഷക്കണക്കിനായി. 90 ലക്ഷം ആസ്തിയുള്ള കമ്പനിയുടെ വളർച്ചയിലേക്കുള്ള വഴിയായിരുന്നു അത്. ആപ് ദശ ലക്ഷക്കണക്കിന് ആളുകൾ ഡൗൺ ലോഡ് ചെയ്ത് ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചതോടെ ദുബായ് സിലിക്കോൺ ഇന്ത്യ അന്തർദ്ദേശീയ അവാർഡ് വേദാന്ത് പ്രദീപിനെ തേടിയെത്തി. 25000 ദിർഹമായിരുന്നു (ഏകദേശം അഞ്ച് ലക്ഷം) അവാർഡ്. അമേരിക്കൻ ഇന്ത്യക്കാരുടെ ഏറ്റവും നല്ല ടെക്നോളജി കമ്പനിക്ക് നൽകുന്നതാണ് അവാർഡ്. അബുദാബിയിലെ ബിസിനസുകാരനായ പാലക്കാട് ടൗണിലെ അംബികാപുരത്ത് പ്രദീപിന്റെയും ഡോ. ചാന്ദ്നിയുടെയും ഏക മകനാണ് വേദാന്ത്. സ്കൂൾ പഠനം യു.എ.ഇയിൽ. തുടർപഠനം അമേരിക്കയിലും. ഇപ്പോൾ കമ്പനിയുടെ സി.ഇ.ഒ.
മാറിയ ലോകത്തിൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയതാണ് വേദാന്തിനെ വ്യത്യസ്തനും വിജയിയുമാക്കിയത്. ആപ് ഗൂഗിൾ പ്ളേ സ്റ്റോറിലുണ്ട്. ക്ളാസുകളും ചർച്ചകളുംആൽക്കഹോൾ ഉപയോഗം മൂലം വ്യക്തികൾക്കും സമൂഹത്തിനുമുണ്ടാകുന്ന ദോഷങ്ങൾ, ശാരീരിക, മാനസിക രോഗങ്ങൾ, കുടുംബാംഗങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ... ആപിലെ വിഷയം ലഹരിയുടെ വിവിധ വശങ്ങളിലേക്ക് കൊണ്ടുപോകുന്നു. ലോകപ്രസിദ്ധ ആരോഗ്യ വിദഗ്ദ്ധരും അദ്ധ്യാപകരും മാനേജ്മെന്റ് വിദഗ്ദ്ധരും മനഃശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവരുടെ ക്ലാസുകൾ ആപിലൂടെ നൽകുന്നു. ലഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റിയുള്ള ചർച്ചകളുമുണ്ട്. ആപിന്റെ പ്രചാരണത്തിന് സോഷ്യൽ മീഡിയയും പ്രയോജനപ്പെടുത്തിയതോടെ അമേരിക്കയിലെ മോസ്റ്റ് പ്രോമിസിംഗ് ടെക്നോളജി കമ്പനിയായി വളർന്നു. ലഹരിക്കെതിരെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യമേ വേദാന്തിന് ഉണ്ടായിരുന്നുള്ളൂ. തുടക്കം മന്ദഗതിയിലായിരുന്നു. ഏറെ വെല്ലുവിളികളുമുണ്ടായിരുന്നു. നിരുത്സാഹപ്പെടുത്താനും ധാരാളം പേരുണ്ടായി. തടസങ്ങൾ വക വയ്ക്കാതെ വേദാന്തും സിയിയും മുന്നേറി. കൊവിഡ് കാലത്ത് കിട്ടിയ സമയം ആപിലൂടെ ബോധവത്കരണത്തിനും ക്ളാസുകൾക്കും വിനിയോഗിച്ചു. പതുക്കെ സ്വീകാര്യത വർദ്ധിച്ചു. 20 ലക്ഷത്തിലധികം തവണ റീഫ്രെയിം ഡൗൺലോഡ് ചെയ്യപ്പെട്ടു. പുറത്തു നിന്നുള്ള സാമ്പത്തിക, മൂലധന നിക്ഷേപം കൂടി ചേർത്ത് (പോസ്റ്റ് മണി വാല്വേഷൻ) നൂറ് ദശലക്ഷം മൂല്യമുള്ള സ്റ്റാർട്ടപ്പായി റീഫ്രെയിം മാറി. ആപിൻ്റെ തുടക്കം മുതൽ ഒപ്പമുണ്ടായ പ്രണയിനി, ചൈനക്കാരിയായ സിയിയെ ജീവിത യാത്രയിൽ കൂടെക്കൂട്ടാൻ വേദാന്ത് തീരുമാനിച്ചു. ആഗസ്റ്റ് 19ന് ഗുരുവായൂരിൽ ഇവർ വിവാഹിതരായി. ഷാൻ്റോംഗിലെ ഷുപ്പൻ ഗവോയുടെയും യിർഗുവ ഷാംഗിന്റെയും മകളാണ് സിയി ഗവോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |