ചന്ദ്രയാന്‍- 3 ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിംഗ് നടത്തിയ സുവര്‍ണ്ണ നിമിഷത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞത് - ''നമ്മള്‍ ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ്‌ലാന്‍ഡിംഗ് നടത്തിയിരിക്കുന്നു. നിങ്ങളുടെ സ്വപ്‌നം പൂവണിഞ്ഞെന്ന് കുട്ടികളോട് പറയൂ''. എന്നായിരുന്നു. വര്‍ഷങ്ങളുടെ നിരന്തരമായ പരിശ്രമത്തിനും നിശ്ചയദാര്‍ഢ്യത്തിനും ശേഷമാണ് ഇന്ത്യയെ പോലൊരു രാജ്യം ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിലൂടെ വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നത്.
ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാഷ്ട്രം എന്ന പദവിക്കും മുകളിലായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യരാഷ്ട്രം എന്ന ചരിത്ര നേട്ടം കൂടി ഇന്ത്യ സ്വായത്തമാക്കിയിരിക്കുകയാണ് ഈ ശാസ്ത്രവിജയത്തിലൂടെ. ചന്ദ്രയാന്‍- 3 ചന്ദ്രനെ തൊട്ടപ്പോള്‍ 140 കോടി ജനതയ്ക്ക് സ്വപ്‌നസാഫല്യമാണ് കൈവന്നിരിക്കുന്നത്. ശാസ്ത്രലോകത്തിന് ഇന്നേവരെ അപ്രാപ്യമായിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യ സ്പര്‍ശിച്ചപ്പോള്‍ രാജ്യം അഭിമാനത്തോടെ ലോകത്തോട് വിളിച്ചുപറയുകയാണ്- ഇനി മറ്റൊരാള്‍ എത്തുന്നതുവരെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് അധിപര്‍ ഇന്ത്യക്കാര്‍ തന്നെയെന്ന്. മറ്റൊരു പേടകം അവിടേക്ക് വന്നാലും ഇന്ത്യയുടെ ഒന്നാം സ്ഥാനം എന്നും ചരിത്രരേഖയായി തന്നെ തുടരും.
2023 ജൂലായ് 14 വെള്ളിയാഴ്ച പുറപ്പെട്ട ചന്ദ്രയാന്‍ 3 ഓഗസ്റ്റ് 23 ബുധനാഴ്ച സന്ധ്യയ്ക്ക് ചന്ദ്രനില്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ആ വിജയം ഇന്ത്യക്ക് അഭിമാനവും മാനവരാശിക്കാകെ പ്രതീക്ഷ നല്‍കുന്ന ശാസ്ത്ര വിജയവുമായി. ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തിലും അവിടത്തെ അന്തരീക്ഷത്തിലും നടത്തുന്ന ഓരോ കണ്ടെത്തലും ലോകജനതയ്ക്കാകെ പുതിയ അറിവുകള്‍ നല്‍കുന്നതും ഭാവി ഉദ്യമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതുമായിരിക്കും. അതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ദൗത്യവിജയത്തില്‍ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കുമ്പോള്‍ ഇങ്ങനെ പ്രസ്താവിച്ചത്.- ``വിജയം മനുഷ്യരാശിയുടേതാണ്. വികസിത ഇന്ത്യയുടെ കാഹളമാണ് മുഴങ്ങിയിരിക്കുന്നത്. ചന്ദ്രപഥത്തിലൂടെ നടക്കാനുള്ള സമയമാണിത്. ശാസ്ത്രകാരന്മാരുടെ കഴിവിന്റെയും അര്‍പ്പണത്തിന്റെയും ഫലമായി ഇതുവരെ ഒരു രാജ്യവും എത്തിച്ചേരാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്നു. ആകാശമല്ല അവസാനമെന്ന് ഇന്ത്യ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. "
പ്രധാനമന്ത്രി സൂചിപ്പിച്ചതുപോലെ ഇന്ത്യന്‍ ശാസ്ത്രലോകത്തിന് ആകാശമല്ല അവസാനം. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യമായ ഗഗന്‍യാന്‍, ആദ്യ സൂര്യപര്യവേഷണ ദൗത്യം, ആദിത്യ എല്‍-1 , 2024 ലെ ബഹിരാകാശ ദൗത്യം, യു. എസുമായി ചേര്‍ന്നുള്ള ആര്‍ട്ടെമിസ് ദൗത്യം തുടങ്ങി ഒട്ടേറെ ദൗത്യങ്ങള്‍ക്കാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2023ല്‍ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ സ്റ്റേഷൻ സ്ഥാപിക്കാനുള്ള പദ്ധതിക്കായി പരിശ്രമിക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞര്‍. ഈ സ്വപ്‌നങ്ങള്‍ക്കെല്ലാം ഊര്‍ജ്ജവും ആത്മവിശ്വാസവും നല്‍കുകയാണ് ചന്ദ്രയാന്‍ 3 വിജയം.
ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളെ ഈ മേഖലയില്‍ വിജയം നേടിയിട്ടുള്ള മറ്റ് രാഷ്ട്രങ്ങള്‍ ഇപ്പോഴും അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ സംരംഭങ്ങളുടെ കുറഞ്ഞ ചെലവാണ് അമേരിക്കയെയും റഷ്യയെയും ചൈനയെയും അതിശയിപ്പിക്കുന്നത്. അമേരിക്ക ചെറിയൊരു ബഹിരാകാശ ദൗത്യത്തിനുപോലും 9900 കോടി രൂപ ചെലവഴിക്കുമ്പോള്‍ സങ്കീര്‍ണ്ണമായ ചന്ദ്രയാന്‍ ദൗത്യത്തിന് ഇന്ത്യ ചെലവഴിച്ചതാവട്ടെ വെറും 615 കോടി രൂപമാത്രമാണ്. അതുകൊണ്ടു തന്നെ ബഹിരാകാശ സംരംഭങ്ങളില്‍ ഇന്ത്യയുടെ സേവനം ഭാവിയില്‍ ഇതര രാഷ്ട്രങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്തുകയും അത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും. 1962ല്‍ സ്ഥാപിക്കപ്പെട്ട ഐഎസ്ആര്‍ഒ 2023 എത്തുമ്പോള്‍ ഇത്രയും നേട്ടങ്ങള്‍ കൈവരിച്ചെങ്കില്‍ ഈ സ്ഥാപനത്തിന് ഇനിയും വരും വര്‍ഷങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. ബഹിരാകാശ മേഖലയില്‍ ബഹുദൂരം മുന്നോട്ടുപോയിട്ടുള്ള യു.എസ്., റഷ്യ, ചൈന, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളുടെ വളര്‍ച്ച വളരെ സാവധാനത്തിലായിരുന്നു. താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ കുതിക്കുകയാണെന്ന് വേണം വിശേഷിപ്പിക്കാന്‍. ബഹിരാകാശത്ത് ചരിത്രം സൃഷ്ടിക്കുന്ന ഇന്ത്യയ്ക്ക് ഒരു രാഷ്ട്രമെന്ന നിലയില്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. മുന്‍ഭരണാധികാരികളുടെ അലംഭാവം കൊണ്ടും ജാഗ്രതകുറവുകൊണ്ടും ഉണ്ടായിട്ടുള്ളതാണ് രാജ്യം നേരിടുന്ന പല പ്രശ്‌നങ്ങളും. ഭീകരവാദം, ജനസംഖ്യ വര്‍ദ്ധന, സിവില്‍ നിയമങ്ങളുടെ ഏകീകരണമില്ലായ്മ, ഭദ്രമായ അതിര്‍ത്തികള്‍ തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കുകയും വിഘടനവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയോ ഒറ്റപ്പെടുത്തുകയോ ചെയ്താല്‍ ലോകരാഷ്ട്രങ്ങളുടെ നേതൃത്വത്തിലേക്ക് ഉയരാന്‍ ഇന്ത്യയ്ക്ക് അധികകാലമൊന്നും വേണ്ടിവരില്ല. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന് ഇതൊക്കെയും സുസാധ്യമാണെന്ന് കശ്മീർ പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്ത രീതികൾ തന്നെ തെളിവ്. സ്വാമി വിവേകാനന്ദന്‍ പ്രസ്താവിച്ചതുപോലെ 2025 മുതല്‍ ഇന്ത്യ ലോകത്തിന് ആത്മീയ- സാമൂഹിക- രാഷ്ട്രീയ രംഗങ്ങളില്‍ വഴികാട്ടിയാകാനുള്ള സാധ്യതകള്‍ ഏറുകയാണ്.
* ( ഫൊക്കാന മുൻ പ്രസിഡന്റും നാമം (യു.എസ്.എ) ചെയർമാനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |