ബി.ജെ.പി ദേശീയ സെക്രട്ടറിയും പാർട്ടി ദേശീയ വക്താവുമായി നിയമിതനായ അനിൽ ആന്റണി ദേശീയ-സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചു കേരളകൗമുദിയുമായി സംസാരിച്ചു. പ്രസക്തഭാഗങ്ങളിൽ നിന്ന് :
ഇന്ത്യ മുന്നണി സജീവമാവുകയാണല്ലോ?
ഇരുപത്തിയാറു പാർട്ടികൾ ഒരുമിച്ചു നിൽക്കുന്നുവെന്ന് പറയുമ്പോഴും അവർക്ക് പൊതുവായി ഒരു നിലപാടേയില്ല. ഭൂരിഭാഗംപേരും പല കേസുകളിൽ അന്വേഷണം നേരിടുന്നവരാണ്. അതിൽനിന്ന് രക്ഷപ്പെടാനാണ് ഒരുമിച്ചു നിൽക്കുന്നത്. ലോകത്തിൽത്തന്നെ ഏറ്റവും ജനപിന്തുണയുള്ള നേതാവായ നരേന്ദ്രമോദിജിയെ താഴെയിറക്കുമെന്നാണ് അവകാശവാദം. ഇന്ത്യൻ ജനത അത് തള്ളിക്കളയും. മോദിജിയെ നേരിടാൻ പ്രാപ്തനായ ഒരു നേതാവും ഇന്ത്യ മുന്നണിയിലില്ല. (അതിനെ ഇന്ത്യയെന്നല്ല ഐ.എൻ.ഡി.ഐ.എ എന്നു പറഞ്ഞാൽ മതി) ലോകത്തുതന്നെ ഏറ്റവും ജനസമ്മതിയുള്ള നേതാവായി മോദിജി മാറിക്കഴിഞ്ഞു.
രാഹുൽഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന്
അശോക് ഗെലോട്ട് പറയുകയുണ്ടായി?
പാർട്ടിയെ നയിക്കാനോ, പാർലമെന്റിലിരിക്കാനോ രാഹുൽ ഗാന്ധി യോഗ്യനാണെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിങ്ങൾതന്നെ വിലയിരുത്തിനോക്കൂ. പാർലമെന്റിൽ ചർച്ചകളിലോ സംവാദങ്ങളിലോ പങ്കെടുക്കാതെ നാടകങ്ങൾ നടത്താനാണ് അദ്ദേഹത്തിന്റെ ശ്രമം.
രാഹുൽഗാന്ധിയുടെ പ്രതിച്ഛായ വർദ്ധിച്ചില്ലേ?
ഒരിക്കലുമില്ല. അദ്ദേഹം ഉപജാപകരുടെ പിടിയിലാണ്. എത്ര മുതിർന്ന നേതാക്കളാണ് കോൺഗ്രസ് വിട്ടുപോയത്. രാഹുലിനേക്കാൾ കഴിവും യോഗ്യതയുമുള്ള എത്ര നേതാക്കൾ. അദ്ദേഹത്തിന് ഇന്ത്യയെക്കുറിച്ചൊരു കാഴ്ചപ്പാടില്ല. അടുത്ത ഇരുപത്തിയഞ്ചു വർഷത്തെ നയങ്ങളും കാഴ്ചപ്പാടുമായിട്ടാണ് മോദിജി രാജ്യത്തെ നയിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണിന്ന് ഭാരതീയ ജനതാ പാർട്ടി. മറ്റൊരു ഓപ്ഷൻ ഇന്ത്യയിലെ ജനങ്ങൾ കാണുന്നില്ല.
കോൺഗ്രസ് രക്ഷപ്പെടാൻ അപ്പോൾ രാഹുൽ മാറണോ?
രക്ഷപ്പെടുകയെന്നതല്ല. പ്രസക്തമായ പ്രതിപക്ഷമായെങ്കിലും കോൺഗ്രസിനെ നിലനിറുത്താൻ രാഹുൽ ഗാന്ധിക്കു കഴിയുകയില്ല.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി വിമർശനം നേരിടുന്നുണ്ടല്ലോ?
തെറ്റായ പ്രചാരണമാണ്. കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും നടത്തുന്ന പ്രചാരണങ്ങളാണ്. ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ അങ്ങനെയില്ല. ക്രമസമാധാനം കൈയിലെടുക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുത്തതിന്റ പ്രശ്നങ്ങളാണ്. ആഭ്യന്തരമന്ത്രി അമിത്ഷാ ജി വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തിന് താത്‌പര്യമില്ല. ആരോപണമുന്നയിക്കുന്നവർ പ്രശ്നം ആളിക്കത്തിക്കാൻ ശ്രമിക്കുന്നവരാണ്.
കേരളത്തിൽ ക്രൈസ്തവ വിഭാഗം മണിപ്പൂർ വിഷയത്തിൽ
ബി.ജെ.പിയുമായി അകന്നില്ലേ?
അങ്ങനെയൊന്നുമില്ല. എൽ.ഡി.എഫ്.-യു.ഡി.എഫിന്റെ വെറും പ്രചാരണങ്ങൾ മാത്രമാണത്.
അടുത്ത ലോക്‌സഭാ തിരഞ്ഞടുപ്പിലെ സ്ഥിതിയെന്താകും?
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലേക്കാൾ ഭൂരിപക്ഷത്തിൽ
ബി.ജെ.പി വീണ്ടും അധികാരത്തിൽ വരും.
കേരളത്തിൽ നിന്ന് എം.പിയുണ്ടാകുമോ?
ഒന്നല്ല ഒന്നിലധികം പേരുണ്ടാകും.
പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ചവർക്ക് ലഭിക്കാത്ത
അവസരങ്ങൾ പുതുതായി വന്നവർക്ക് ലഭിക്കുന്നതായി
ആക്ഷേപമുണ്ടല്ലോ?
ഇന്ത്യയിൽ അതിവേഗം വളർന്ന പാർട്ടിയാണ് ബി.ജെ.പി. കേരളത്തിലും പാർട്ടി വളരുകതന്നെയാണ്. അതിനുള്ള പ്രവർത്തനങ്ങളാണ് സുരേന്ദ്രൻജിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. ഒരുപാടുപേർ പാർട്ടിയിലേക്ക് വരുന്നു. എല്ലാവർക്കും പാർട്ടിയിൽ സ്പേസ് നൽകുന്നുണ്ട്. പാർട്ടി നേതൃത്വമാണ് ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി
അർഹമായ അവസരങ്ങളിൽ നിയോഗിക്കുന്നത്. അതിൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ നോട്ടമില്ല. മോദിജിയുടെ ലക്ഷ്യം നിറവേറ്റി ഇന്ത്യയെ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂ. ഇന്ന് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പല കേന്ദ്രമന്ത്രിമാരും കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനകം ബി.ജെ.പിയിലെത്തിയവരാണ്.
താങ്കൾക്കും അബ്‌ദുള്ളക്കുട്ടിക്കും പദവികൾ നൽകുന്നത്
ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായിട്ടാണോ?
അതൊക്കെ പാർട്ടിയെ വിമർശിക്കാൻ വേണ്ടി മാത്രം പറയുന്നതാണ്. വേറൊന്നും പറയാനില്ലാത്തപ്പോൾ എന്തെങ്കിലും പറയുന്നു.
കേരളത്തിലെ പാർട്ടിയിൽ ഗ്രൂപ്പ് പോര് കൂടുതലല്ലേ?
അത് ശരിയല്ല. മറ്റു പാർട്ടികളിലില്ലാത്ത ഒരു പ്രശ്നവും ബി.ജെ.പിയിലില്ല. ഞാനീ പാർട്ടിയിലെത്തിയിട്ട് അധികനാളായിട്ടില്ല. വ്യക്തികളാകുമ്പോൾ പല അഭിപ്രായങ്ങൾ കാണും. എന്നാൽ എല്ലാവരും പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്.
ഉത്തരേന്ത്യയിൽ മുതിർന്ന പല കോൺഗ്രസ് നേതാക്കളും
ബി.ജെ.പിയിലേക്ക് വന്നതുപോലെ കേരളത്തിൽ വരുന്നില്ലല്ലോ?
കേരളത്തിന്റെ സോഷ്യൽ ഡൈനാമിക്സ് ഉത്തരേന്ത്യയിലെപ്പോലെയല്ല. എന്നാൽ മറ്റു പാർട്ടികളിൽനിന്ന് പലരും ഇവിടെ ബി.ജെ.പിയിലേക്കു വരും. 2024 ൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കും.
താങ്കൾ മത്സരിക്കുമോ?
അതൊക്കെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.
കേരളത്തിൽ ഇ.ഡി കേസ് അന്വേഷണങ്ങൾ അട്ടിമറിക്കുന്നതിൽ
ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്ന് കോൺഗ്രസ് വിമർശിക്കുന്നുണ്ട്?
കേന്ദ്ര സർക്കാർ അത്തരം അന്വേഷണങ്ങളിലൊന്നും ഇടപെടാറില്ല. കേസ് അന്വേഷണങ്ങൾ പൂർത്തിയാകാൻ അതിന്റേതായ സമയമെടുക്കും.
ഒരു വീട്ടിൽത്തന്നെ കോൺഗ്രസ് പ്രവർത്തകസമിതി അംഗവും
ബി.ജെ.പി ദേശീയ സെക്രട്ടറിയും ഉണ്ടല്ലോ?
ഇതൊരു ജനാധിപത്യ രാജ്യമാണ്. എല്ലാവർക്കും വ്യക്തിപരമായി വിശ്വാസമുള്ള രാഷ്ട്രീയപാത സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്.
താങ്കൾ പാർട്ടി വിട്ടപ്പോൾ എ.കെ.ആന്റണി ദുഃഖം പ്രകടിപ്പിച്ചിരുന്നു?
ഞാൻ അന്നു പറഞ്ഞതാണ് ഇപ്പോഴും പറയാനുള്ളത്. എന്റെ ജീവിതത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ടവരാണ് പപ്പയും അമ്മയും എന്റെ സഹോദരനും. എന്നും അങ്ങനെ തന്നെയായിരിക്കും. ഞങ്ങൾ വീട്ടിൽ രാഷ്ട്രീയം ചർച്ച ചെയ്യാറില്ല.
കോൺഗ്രസിൽ നിൽക്കുമ്പോൾ താങ്കളെ ഏറെ പിന്തുണച്ചിരുന്ന
ശശി തരൂരിനെ പ്രവർത്തക സമിതിയിലെടുത്തു. രമേശിനെ എടുത്തതുമില്ല?
അത് ആ പാർട്ടിയുടെ ആഭ്യന്തരകാര്യമാണ്. ഞാൻ അഭിപ്രായം പറയേണ്ട വിഷയമല്ല. അവരിരുവരും നല്ല നേതാക്കളാണ്. തരൂർജിക്കു അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്.
പുതുപ്പള്ളിയിൽ ബാല്യകാല സുഹൃത്തായ ചാണ്ടി ഉമ്മനെതിരെ പ്രചാരണത്തിനിറങ്ങി?
ചാണ്ടി എന്റെ വളരെയടുത്ത സുഹൃത്താണ്. എന്നും അങ്ങനെതന്നെയായിരിക്കും. പുതുപ്പള്ളിയിലേത് വ്യക്തിപരമായ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. ഞാൻ അവിടെ ചാണ്ടി ഉമ്മനെതിരെയല്ല പ്രചാരണം നടത്തിയത്. മോദിജിക്കു വേണ്ടിയാണ്. കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെപ്പോലെ വളരാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടിയാണ്. ഇതിനെയൊന്നും വ്യക്തിപരമായി കാണേണ്ടതില്ല.
(അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |