SignIn
Kerala Kaumudi Online
Friday, 20 September 2019 9.26 PM IST

അർജുന്റെ മൃതദേഹം ചതുപ്പിൽ നിന്ന് പൊങ്ങാതിരിക്കാൻ ചെയ്തത് കൊടുക്രൂരത, ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി പ്രതികൾ

crime

കൊച്ചി: നെട്ടൂരിൽ റെയിൽവേ ട്രാക്കിന് സമീപം കുമ്പളം സ്വദേശി അർജുനെ (20) തല്ലിക്കൊന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ പ്രതികളുടെ കൊടുംക്രൂരത പുറത്ത്. കൊന്ന് തള്ളാൻ ഉറപ്പിച്ചെത്തിയ പ്രതികൾ ചതുപ്പിന് സമീപത്തെ ആളൊഴിഞ്ഞിടത്ത് മണിക്കൂറുകൾ മുമ്പേ എത്തി. പിന്നീട് പതിവ് പോലെ ഇവിടെയിരുന്ന കഞ്ചാവ് പുകച്ചു. ശേഷം പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആളെ വിട്ട് അർജുനെ രഹസ്യകേന്ദ്രത്തിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പലവട്ടം ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ചിട്ടുള്ളതിനാൽ അർജുനും സംശയിച്ചിരുന്നില്ല. ചതുപ്പിന് സമീപത്തെ കേന്ദ്രത്തിലെത്തിയ അർജുനും പ്രതികൾ കഞ്ചാവ് നൽകി. കഞ്ചാവിന്റെ ഉൻമാദത്തിലായതോടെ പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. പട്ടികയും കല്ലും ഉപയോഗിച്ച് ഒരു മണിക്കൂറോളം അർജുനെ ഇവിടെയിട്ട് മർദ്ദിച്ചു. ശേഷം ചതുപ്പിന് സമീപത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. അബോധാവസ്ഥയിലായിരുന്ന അർജുൻ മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവിടെയിട്ട് വീണ്ടും ക്രൂരമായി മർദ്ദിച്ചു. ജീവൻ നഷ്ടപ്പെട്ടെന്ന് ഉറപ്പായതോടെയാണ് മർദ്ദനം അവസാനിപ്പിച്ചത്.

പിന്നീട് പുറംലോകം അറിയാതിരിക്കാൻ മൃതദേഹം ചതുപ്പിൽ താഴ്‌ത്തി. ചതുപ്പിൽ നിന്നും മൃതദേഹം ഉയർന്നു വരാതിരിക്കാൻ മുകളിൽ മതിൽ പണിയാൻ ഉപയോഗിക്കുന്ന കോൺക്രീറ്റ് സ്ലാബുകളിട്ട് ചവിട്ടിയുറപ്പിച്ചു. ഉദരഭാഗം പൂർണമായും അഴുകി എല്ലു പുറത്തു കാണുന്ന നിലയിലായിരുന്നു. മൃതദേഹം ചതുപ്പിൽ നിന്ന് ഉയർന്നു പോകാതിരിക്കാൻ ഉദരം കീറിയിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പനങ്ങാട് സി.ഐ കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു. ഇന്ന് ഇതിനായുള്ള അപേക്ഷ നൽകും.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും ചതുപ്പിൽ താഴ്ത്തും മുമ്പ് ജീവൻ നഷ്ടപ്പെട്ടിരുന്നതായാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളും ഇത് തന്നെയാണ് മൊഴി നൽകിയിട്ടുള്ളത്. നെട്ടൂർ സ്വദേശികളായ മാളിയേക്കൽ നിബിൻ പീറ്റർ (20), കുന്നലക്കാട്ട് വീട്ടിൽ റോണി (23), കളപ്പുരയ്ക്കൽ വീട്ടിൽ അനന്തു (21), പനങ്ങാട് തട്ടാശേരിൽ അജിത്കുമാർ (22), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി ഇന്നലെ റിമാൻഡ് ചെയ്തു.

അർജുന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്നലെ വൈകിട്ട് സംസ്കരിച്ചു. കുമ്പളം കണിയാന്തുരുത്തിയിൽ റോഡിൽ എം.എസ്. വിദ്യന്റെ മകനാണ് കൊല്ലപ്പെട്ട അർജുൻ. പ്ളസ് ടു പൂർത്തിയാക്കിയ അർജുൻ ബന്ധുവിന്റെ പരസ്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. നെട്ടൂർ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് കണിയാച്ചാൽ പ്രദേശത്തെ കണ്ടൽക്കാടുകൾക്കിടയിൽ ബുധനാഴ്ച വൈകിട്ടാണ് അർജുന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ദ്ധരും പൊലീസ് സംഘവും പരിശോധനയും ഇൻക്വസ്റ്റും പൂർത്തിയാക്കി. പ്രതികളിലൊരാളായ നിബിന്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിക്കാൻ കാരണം അർജുനാണെന്ന സംശയത്തെത്തുടർന്ന് ഇവർ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. അർജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് പ്രതികളെ പിടികൂടി പൊലീസിന് കൈമാറിയത്. കാണാതായതിന്റെ പിറ്റേന്ന് പരാതി നൽകിയെങ്കിലും അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് വീട്ടുകാർ ആരോപിച്ചു. പൊലീസിന്റെ വീഴ്ചയ്ക്കെതിരെ ജനരോഷം ശക്തമാവുകയാണ്. ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പെട്രോൾ വാങ്ങാനെന്ന വ്യാജേന അർജുനെ ഈമാസം രണ്ടിന് രാത്രി പത്തോടെയാണ് വീട്ടിൽനിന്ന് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. അർജുന്റെ മൊബൈൽഫോൺ 'ദൃശ്യം' സിനിമയെ അനുകരിച്ച് ഒരു ലോറിയിലേക്ക് വലിച്ചെറിഞ്ഞു. അതേസമയം,​ പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, ARJUN MURDER, NETTUR, POLICE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.