കവറിൽ പാക്ക് ചെയ്തുവരുന്ന പല സാധനങ്ങളും പ്രത്യേകിച്ച് മിഠായികളിൽ കാലാവധി തീയതി വായിക്കാൻ പറ്റാത്ത തരത്തിൽ വളരെ ചെറുതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുട്ടികൾക്ക് മിഠായികൾ പോലുള്ള സാധനങ്ങൾ വാങ്ങിച്ചു കൊടുക്കുമ്പോൾ നമ്മൾ പലപ്പോഴും ഈ തീയതി വായിക്കാൻ മെനക്കെടാറില്ല.കാലഹരണപ്പെട്ട വസ്തുക്കൾ ഭക്ഷിക്കുന്നത് വഴി കുട്ടികൾക്ക് പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. മിഠായികളിലും കുട്ടികൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലും കാലാവധി തീയതി വലിയ അക്ഷരത്തിൽ രേഖപ്പെടുത്താൻ നടപടി ഉണ്ടാവണം.
ആർ. ജിഷി
കൊട്ടിയം
പെൻഷൻ കുടിശ്ശിക ലഭ്യമാക്കണം
കേരള ധനകാര്യ വകുപ്പ് 2021 ഫെബ്രുവരി 12നും 23ലും പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം സർവീസ് പെൻഷൻകാർക്ക് അനുവദിച്ച പെൻഷൻ കുടിശ്ശിക നാലു ഗഡുക്കളായി നൽകാൻ വ്യവസ്ഥ ചെയ്തിരുന്നു. ഇതനുസരിച്ച് 2021 ഏപ്രിലിലും മേയിലുമായി ആദ്യ രണ്ട് ഗഡു പെൻഷൻ കുടിശ്ശിക നൽകിയിരുന്നു.
എന്നാൽ, അതിനു ശേഷം 2021 ആഗസ്റ്റിലും നവംബറിലുമായി മൂന്നും നാലും ഗഡു തുക ലഭ്യമാക്കേണ്ട സർക്കാർ, നാളിതുവരെ നൽകാത്തത് സങ്കടകരമാണ്. ഇതുകൂടാതെ, കേന്ദ്ര പെൻഷൻകാർക്ക് 2020, 21, 22, 23 വർഷങ്ങളിൽ അനുവദിച്ച ഡി.ആറിന്റെ കുടിശ്ശിക കേരളത്തിലെ സർവീസ് പെൻഷൻകാർക്കും ലഭിക്കുന്നതിന് അംഗീകരിക്കപ്പെട്ടതാണ്. ഈ ആനുകുല്യവും ഇതുവരെ നൽകാത്തത് മഹാകഷ്ടമാണ്. രോഗങ്ങളിലും ദുരിതങ്ങളിലും അകപ്പെട്ട് ഉഴലുന്ന സർവീസ് പെൻഷൻകാരോടു കാട്ടുന്ന കടുത്ത അനീതിയാണിത്.
ധനകാര്യ വകുപ്പ് ആവിഷ്കരിച്ച മെഡിസെഫ് എന്ന പദ്ധതി പ്രകാരം ഓരോ പെൻഷൻകാരനും സൗജന്യ ചികിത്സയ്ക്കു വേണ്ടി 6000 രൂപ നൽകണമെന്ന് തീരുമാനിച്ചിരുന്നു. അത് 2022 ജൂലായ് 1 മുതൽ പ്രതിമാസം 500 രൂപ വീതം റിക്കവറി നടത്തി 2023 ജൂൺ 1ന് 6000 രൂപ നിക്ഷേപിച്ചതാണ്. അതിനു ശേഷവും ജൂലായ് 1 മുതൽ ഈ റിക്കവറി പെൻഷനിൽ നിന്നു നടത്തുന്നത്, ആസ്തമ, കാൻസർ, ഹൃദ്‌രോഗങ്ങൾ തുടങ്ങിയ രോഗങ്ങളാൽ വലയുന്ന പെൻഷൻകാരോടു കാട്ടുന്ന ക്രൂരതയാണ്. ഇത് നീതികരിക്കാവുന്നതല്ല.
പെൻഷൻ തുകയിൽ നിന്നു മെഡിസെഫിനു വേണ്ടി റിക്കവറി ചെയ്യുന്നത് റദ്ദാക്കണം. പെൻഷൻ കുടിശ്ശിക എത്രയും വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടി ധനവകുപ്പ് സ്വീകരിക്കണം.
വിശ്വംഭരൻ എസ്
സർവീസ് പെൻഷണർ
പെരിഞ്ചിറാകോണം
യു-ഡയസ് അപ്‌ഡേഷൻ
സമയപരിധി നീട്ടണം
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ വ്യക്തിഗത വിവരശേഖരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ യു-ഡയസ് അപ്‌ഡേഷനുള്ള സമയപരിധി ദീർഘിപ്പിക്കണം. ഓണാവധി കാലത്ത് സ്‌കൂൾ വിട്ടുപോയ കുട്ടികളുടേത് അടക്കമുള്ള വ്യക്തിഗത വിവരശേഖരണം വിദ്യാലയ അധികൃതർക്കും അദ്ധ്യാപകർക്കും ഏറെ ദുഷ്‌കരമാണ്. അതിനാൽ യു-ഡയസ് അപ്‌ഡേഷൻ സമയം ദീർഘിപ്പിക്കണം. ഓണാവധി കഴിഞ്ഞ് സ്‌കൂളുകൾ പ്രവർത്തനം തുടങ്ങിയതിനു ശേഷം ഒരാഴ്ചത്തെ സമയം കൂടി നൽകണം. എങ്കിൽ മാത്രമേ കൃത്യതയോടെയും സൂക്ഷ്മതയോടെയുമുള്ള വിവരശേഖരണം സാദ്ധ്യമാകൂ. അദ്ധ്യാപകരെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനം പുനഃപരിശോധന നടത്താൻ തയ്യാറാകണം.
റോയ് വർഗീസ് ഇലവുങ്കൽ,
കെ.എസ്.ടി.സി
സംസ്ഥാന വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |