കൊല്ലം: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ സാമ്പ്രാണിക്കോടിയിൽ ഓണക്കാലമായ ആഗസ്റ്റ് 27 മുതൽ സെപ്തംബർ രണ്ടുവരെ സഞ്ചാരികളിൽ നിന്നു ലഭിച്ചത് 16 ലക്ഷം രൂപയെന്ന് ഡി.ടി.പി.സി അധികൃതർ.
അവിട്ടം, ചതയം ദിനങ്ങളിൽ മാത്രം ലഭിച്ച വരുമാനം 8 ലക്ഷത്തിനു മുകളിലാണ്. ആയിരക്കണക്കിന് പേരാണ് ദിനംപ്രതി കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തിയത്. സമീപ ജില്ലകളിൽ നിന്നും കണ്ണൂർ, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ പേരെത്തിയത്.
ഓണക്കാലത്ത് വിനോദസഞ്ചാരികളുടെ വരവ് മുന്നിൽക്കണ്ട് സാമ്പ്രാണിക്കോടിയിൽ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കണ്ടൽ ചെടികളിൽ വന്നടിയുന്ന പ്ളാസ്റ്റിക്ക് മാലിന്യങ്ങളും കക്ക തോടുകളും സാമ്പ്രാണിക്കോടിയിൽ നിന്നു നീക്കം ചെയ്തു. ദിശാ സൂചികകളും അപായ സൂചനാ ബോർഡുകളും സ്ഥാപിച്ചു. സഞ്ചാരികൾക്കായി ഡി.ടി.പി.സിയുടെ അനുതിയുള്ള 37 ബോട്ടുകളാണ് സാമ്പ്രാണിക്കോടിയിൽ സർവീസ് നടത്തുന്നത്. ബോട്ട് ചാർജ് ഉൾപ്പെടെ 150 രൂപയാണ് ടിക്കറ്റ് നിരക്ക്.
ശരാശരി 7 മുതൽ 8 പേർക്കു വരെ ഒരു ബോട്ടിൽ കയറാം. ഒരു മണിക്കൂർ സാമ്പ്രാണിക്കോടിയിൽ ചെലവഴിക്കാം. പരമാവധി നൂറു പേരെ മാത്രമെ സാമ്പ്രാണിക്കോടിയിൽ ഒരേസമയം അനുവദിക്കൂ. നാല് ലൈഫ് ഗാർഡുമാരുടെ സേവനവും ഒരുക്കിയട്ടുണ്ട്. രാവിലെ 9.30 മുതൽ 4.30 വരെയാണ് ടിക്കറ്റ് നൽകുന്നത്.
കുട്ടികൾക്കായി കളിയുപകരണങ്ങളും പ്രായമായവർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് സാമ്പ്രാണിക്കോടി സന്ദർശിച്ച വിനോദ സഞ്ചാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേപ്പറ്റി ഡി.ടി.പി.സി ആലോചിക്കുന്നുണ്ട്. എന്നാൽ വെള്ളത്തിലുള്ള നിർമ്മാണം ആയതിനാൽ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കണം. ഇതിനായി വിശദമായ പഠനം ആവശ്യമാണ്
സി. വിജയ് രാജ്
ഡി.ടി.പി.സി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |