തൃശൂർ: പീച്ചി ഡാമിന്റെ ആനവാരിയിലെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊള്ളിക്കാട് തെക്കെപ്പുരയിൽ അറുമുഖന്റെ മകൻ അജിത്ത് (21), കോട്ടശ്ശേരി കൂടിയിൽ പോൾസൺ മകൻ വിപിൻ (26), പ്രധാനി വീട്ടിൽ ഹനീഫ മകൻ സിറാജ് എന്ന നൗഷാദ് (29) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
എൻ.ഡി.ആർ.എഫ് സംഘവും അഗ്‌നിശമനസേനാ വിഭാഗവും നടത്തിയ തെരച്ചിലിലാണ് ഇന്നലെ ഉച്ചയോടെ മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. മരുതുകുഴിയിൽ നിന്നും യാത്ര ആരംഭിച്ച് ആനവാരിയിൽ വച്ച് വള്ളം കരയ്ക്കടുപ്പിച്ച് ശിവപ്രസാദ് ഇറങ്ങി മറ്റ് മൂന്ന് പേർ ചേർന്ന് തുഴഞ്ഞ് നീങ്ങുന്നതിനിടയിലാണ് ഫൈബർ വള്ളം മുങ്ങിയത്.
തുടർന്ന് ശിവപ്രസാദ് സമീപത്തെ നഴ്‌സറിയിലെ തൊഴിലാളികളെ അറിയിച്ചു. പിന്നിട് പീച്ചി പൊലീസിലും അഗ്‌നിരക്ഷാസേനയിലും വിവരം അറിയിച്ച് വൈകിട്ട് തന്നെ തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ തന്നെ തൃശൂരിലെയും ചാലക്കുടിയിലെയും മുങ്ങൽ വിദ്ഗ്ദ്ധർ ഉൾപ്പെടെയുള്ളവരുടെ സംഘം തൃശൂർ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണയുടെ നേത്യത്വത്തിൽ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പതിനൊന്ന് മണിയോടെ ആദ്യം അജിത്തിന്റെയും, പന്ത്രണ്ട് മണിയോടെ വിപിന്റെയും, തുടർന്ന് നൗഷാദിന്റെയും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.
പീച്ചി ഡാമിന്റെ ഏറ്റവും ആഴമേറിയ സ്ഥലളിൽ ഒന്നാണ് ഇവിടം. പ്രദേശത്ത് നിരന്തരം ആന ഇറങ്ങുന്നതിനാൽ ജാഗ്രതതോടെയാണ് ആളുകൾ പ്രദേശത്ത് തെരച്ചിലിന് എത്തിയത്. അപകട വിവരം അറിഞ്ഞ് മന്ത്രി കെ. രാജൻ, കളക്ടർ വി.ആർ. കൃഷ്ണതേജ, തഹസിൽദാർ ടി. ജയശ്രീ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ എട്ടിന് കൊള്ളിക്കാട് പരിസരത്ത് പൊതുദർശനത്തിന് വയ്ക്കും. വിപിന്റെ അമ്മ: ബേബി. നൗഷാദിന്റെ അമ്മ: ഹാജറ, സഹോദരൻ: സുധീർ, അജിത്തിന്റെ അമ്മ: മണിയമ്മ. സഹോദരങ്ങൾ: അപർണ, അഖില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |