ഇടുക്കി: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇനി വാഗമണ്ണിലെത്തി ചില്ലുപാലത്തിലൂടെ (ഗ്ലാസ് ബ്രിഡ്ജ്) നടക്കാം. സമുദ്രനിരപ്പിൽ നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 40 മീറ്റർ നീളത്തിലാണ് ചില്ലുപാലം. ഇതിലൂടെ നടന്നാൽ നെഞ്ചിടിപ്പ് കൂടുമെങ്കിലും അതിവിദൂര ദൃശ്യങ്ങൾ കൺകുളിർക്കെ കണ്ട് ആസ്വദിക്കാം.
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലമാണ് വാഗമണ്ണിലേത്. ഇന്ന് വൈകിട്ട് നാലിന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ നിർമ്മിച്ച കാൻഡി ലിവർ മാതൃകയിലുള്ള ചില്ലുപാലവും സാഹസിക വിനോദ പാർക്കും ടൂറിസം രംഗത്ത് പുതിയൊരു കാൽവയ്പ്പായിരിക്കും.
സ്വകാര്യ സംരംഭകരുമായി ചേർന്ന് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡി.ടി.പി.സിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം നിർമ്മിച്ചത്.
ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസും 35 ടൺ സ്റ്റീലുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. ചെലവ് മൂന്നുകോടി. ഭീമാകാരമായ പോൾ സ്ട്രക്ചറിൽ മറ്റു സപ്പോർട്ടുകൾ ഇല്ലാതെ വായുവിൽ നിൽക്കുന്ന രീതിയിലാണ് ചില്ലുപാലം. ഉരുക്ക് വടങ്ങൾ കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
പത്ത് മിനിട്ട്, 500 രൂപ
ഒരു സമയം 15 പേർക്കാണ് ചില്ലുപാലത്തിൽ പ്രവേശനം. പത്തു മിനിട്ട് ചെലവഴിക്കാം. ഒരാൾക്ക് അഞ്ഞൂറ് രൂപയാണ് പ്രവേശന ഫീസ്. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിഗ്, സിപ്‌ലൈൻ തുടങ്ങിയവയും സാഹസിക പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |