തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി കമ്മിഷണറേറ്റിലെ ക്യാബിനകത്ത് കൂടോത്ര വസ്തുക്കൾ കണ്ട് ഭയന്നുപോയ പുതിയ ഡെപ്യൂട്ടി കമ്മിഷണർ ജീവനുംകൊണ്ടോടി. ക്യാബിൻ മാറി മറ്റൊരിടത്ത് ഇരിപ്പുറപ്പിച്ചു.
സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ ആസ്ഥാനമായ തിരുവനന്തപുരം കരമനയിലെ ടാക്സ് ടവറിലെ ഡെപ്യൂട്ടി കമ്മിഷണറുടെ ക്യാബിനകത്താണ് ആഭിചാരവസ്തുക്കൾ വച്ചിരുന്നത്. സി.പി.എം അനുകൂല സംഘടനാനേതാവായ മുൻ ഡെപ്യൂട്ടി കമ്മിഷണർ സ്ഥലം മാറിപ്പോയശേഷം വന്ന ഉദ്യോഗസ്ഥനാണ് ഇതുകണ്ട് പേടിച്ചത്.
ഇദ്ദേഹവും സി.പി.എം അനുകൂല ഗസറ്റഡ് ഓഫീസർമാരുടെ സംഘടനാനേതാവാണ്. ഇടത് സംഘടനാ നേതാക്കളുടെ കാലത്ത് ടാക്സ് ടവറിനകത്ത് അരങ്ങേറിയ ആഭിചാരക്രിയകൾ എന്ന തരത്തിലാണ് ജീവനക്കാർക്കിടയിൽ ഇപ്പോൾ കഥ പ്രചരിക്കുത്.
ഡെപ്യൂട്ടി കമ്മിഷണറായിരുന്ന എസ്.വി. ശിശിർ ആഴ്ചകൾക്കുമുമ്പാണ് സ്ഥലംമാറിപ്പോയത്. പകരം വന്ന അജിത് ഇതേ ക്യാബിനിൽ ഏതാനും ദിവസങ്ങൾ പ്രവർത്തിച്ചു. കഴിഞ്ഞയാഴ്ച അലമാര തുറന്നപ്പോഴാണ് ഞെട്ടിയത്. കോഴിമുട്ട, ഭസ്മം, ചെമ്പ് തകിട്, ഏലസ്സ്, ചരട് എന്നിവ അലമാരയിൽ. എല്ലാം കൂടോത്ര സാമഗ്രികൾ.
ജീവനക്കാർ തടിച്ചുകൂടിയതോടെ അറ്റൻഡർമാരുടെ സഹായത്തോടെ അവ മാറ്റി. മൊബൈൽഫോണിൽ ഇതിന്റെ ചിത്രങ്ങളെടുക്കുന്നത് ഉന്നതർ ഇടപെട്ട് വിലക്കിയെങ്കിലും ടാക്സ് ടവറിനകത്ത് വിഷയം വൻ ചർച്ചയായി.
ഡെപ്യൂട്ടി കമ്മിഷണർമാരുടെ ഈ ക്യാബിനിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് സെക്രട്ടേറിയറ്റിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ട ഫിനാൻസ് ഓഫീസറാണ്.
ഡെപ്യൂട്ടി കമ്മിഷണർസ്ഥാനത്ത് നിന്ന് സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥൻ പരമഭക്തനാണത്രെ. കഴിഞ്ഞ ഭരണകാലത്ത് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |