ചോറും തോരനും രണ്ട്കൂട്ടം കറികളും, പോരാത്തതിന് പാലും മുട്ടയും. സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിഭവങ്ങളുടെ ലിസ്റ്റ് കണ്ട് സർക്കാരിനെ പ്രശംസിക്കുമ്പോൾ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ വായ്പ വാങ്ങി പ്രതിസന്ധിയിലായ അദ്ധ്യാപകർ മറുവശത്തുണ്ടെന്ന യാഥാർത്ഥ്യം കാണാതെ പോവരുത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനുള്ള തുക സർക്കാർ നൽകാത്തതിനാൽ പ്രധാനാദ്ധ്യാപകർ പലിശയ്ക്ക് പണമെടുത്ത് ഭക്ഷണം നൽകുന്ന സ്ഥിതിയാണ്. പുതിയ അദ്ധ്യയന വർഷം ആരംഭിച്ച് മൂന്നുമാസം പിന്നിടുമ്പോഴും സ്‌കൂളുകൾക്കുള്ള ഉച്ചഭക്ഷണ ഫണ്ട് ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ സ്‌കൂളുകളിൽ കഴിഞ്ഞ മൂന്നുമാസം ഉച്ചഭക്ഷണം വിതരണം ചെയ്ത വകയിൽ പ്രധാനാദ്ധ്യാപകർക്ക് ലഭിക്കാനുള്ളത് 130 കോടി രൂപയാണ്. ജൂൺ മുതലുള്ള തുക കുടിശ്ശികയാണ്. ' കടക്കാരെ പേടിച്ച് നാണംകെട്ട് ജീവിക്കേണ്ട അവസ്ഥയാണ്. ശമ്പളത്തേക്കാൾ വലിയ തുകയാണ് ഉച്ചഭക്ഷണ പദ്ധതിക്കായി നീക്കിവയ്‌ക്കേണ്ടി വരുന്നത്. ലഭിക്കുന്ന ശമ്പളം കൂടാതെ കടം കൂടി വാങ്ങിയാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത് താങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല. മക്കളുടെ പഠനവും വീട്ടുചെലവും ഒന്നും നടക്കുന്നില്ല. ജീവിതം ഇത്തരത്തിൽ മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കുന്നില്ല. അതിനാൽ, ഉച്ചഭക്ഷണ പദ്ധതിയ്ക്ക് പണം അനുവദിക്കാത്ത പക്ഷം വിദ്യാധിരാജ എൽ.പി.എസിൽ ഉച്ചഭക്ഷണ പദ്ധതി വ്യാഴാഴ്ച മുതൽ നിർത്തുകയാണ് ' ...സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പച്ചക്കറികളും മറ്റ് സാധനങ്ങളും നൽകിയവർ വീട്ടിലേക്ക് പണം ചോദിച്ച് നിരന്തരം വരുന്നതിൽ മനം മടുത്ത കരകുളം എട്ടാംകല്ല് വിദ്യാധിരാജ എയ്ഡഡ് എൽ.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ ജെ.പി.അനീഷ് നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർക്കും നൂൺ മീൽ സൂപ്രണ്ടിനും നൽകിയ കത്തിലെ നൊമ്പരപ്പെടുത്തുന്ന വാക്കുകളാണിത്. ഓഗസ്റ്റ് 27 ന് കരകുളം സഹകരണ ബാങ്കിൽ നിന്നും 11.50 ശതമാനം പലിശയ്ക്ക് രണ്ടുലക്ഷം രൂപ വായ്പയെടുത്താണ് കടകളിൽ നൽകാനുള്ള പണം അദ്ധ്യാപകൻ വാങ്ങിയത്.
കഴിഞ്ഞ മൂന്ന് മാസമായി സർക്കാരിൽ നിന്നും ഉച്ചഭക്ഷണ പദ്ധതിയ്ക്കായി ഒന്നും ലഭിക്കാത്തതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ് നടത്തിപ്പുകാർ. ഓരോ സ്‌കൂളിലെയും പ്രധാന അദ്ധ്യാപകനാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല. കേന്ദ്രത്തിൽ നിന്നുള്ള 80 കോടി രൂപയും സംസ്ഥാന വിഹിതമായ 50 കോടി രൂപയുമാണ് കുടിശ്ശികയായി കിടക്കുന്നത്. ഉച്ചഭക്ഷണ ഫണ്ടിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. സംസ്ഥാനത്തെ 12,600 സ്‌കൂളിലെ എട്ടാംക്ലാസ് വരെയുള്ള 30 ലക്ഷത്തോളം കുട്ടികൾക്കാണ് സൗജന്യ ഉച്ചഭക്ഷണം ലഭിച്ച് വരുന്നത്. 150 വിദ്യാർത്ഥികൾ വരെയുള്ള സ്‌കൂളുകളിൽ ഒരു കുട്ടിക്ക് എട്ട് രൂപ വീതവും അതിന് മുകളിൽ 500 വരെ വിദ്യാർത്ഥികളുള്ള സ്‌കൂളുകളിൽ അധികം വരുന്ന ഓരോ കുട്ടിയ്ക്കും ഏഴ് രൂപയും നൽകും. കൂടാതെ, 500 ന് മുകളിൽ വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അധികമുള്ള ഓരോ കുട്ടിയ്ക്കും ആറ് രൂപയും അനുവദിക്കും. ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരുദിവസം മുട്ടയും നൽകണം. മുട്ട കഴിക്കാത്തവർക്ക് നേന്ത്രപ്പഴം നൽകണം. ഇതിനൊന്നും അധിക തുക അനുവദിക്കുന്നില്ല. ഒരു മുട്ടയുടെ വില അഞ്ച് രൂപ വരുമ്പോഴും ഒരു കുട്ടിയ്ക്ക് പരമാവധി സർക്കാർ നൽകുന്നത് എട്ട് രൂപയാണെന്നത് വേദനാജനകമാണ്. ചില സ്‌കൂളുകൾ തുക താങ്ങാനാവാതെ മുട്ടയും പാലും നിർത്തിയിട്ടുണ്ട്. രണ്ട് തരം കറിയും തോരനും ചോറിനൊപ്പം ഉണ്ടാവും. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ പാചകം മുഴുവൻ ഗ്യാസ് അടുപ്പിൽ വേണമെന്നാണ് നിബന്ധന. ഇതിനെല്ലാം കൂടി സർക്കാർ നൽകുന്ന തുക വളരെ തുച്ഛമാണെന്നത് നമ്മെ അമ്പരപ്പിക്കുകയാണ്.
നിത്യോപയോഗ സാധനങ്ങളുടേയും പാചക വാതകത്തിന്റെയും വില ദിനംപ്രതിയെന്നോണം വർദ്ധിക്കുന്നു. ഇതിന്റെ ഫലമായി ഉച്ചഭക്ഷണ പദ്ധതിയ്ക്കും ചെലവേറി. എന്നിരുന്നാലും, 2016 ൽ നിശ്ചയിച്ച നിരക്കാണ് ഇപ്പോഴും പിന്തുടരുന്നത്. തുക വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി അദ്ധ്യാപകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ മുന്നിലെത്തുന്ന വിദ്യാർത്ഥികളെ ഓർത്ത് കടം വാങ്ങിക്കൂട്ടിയ അദ്ധ്യാപകർ തളർന്ന് പോയിരിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ തുക കർഷകർക്ക് ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് സമാനമാണ് ഉച്ചഭക്ഷണ വിതരണ പ്രതിസന്ധിയും. ഉച്ചഭക്ഷണ ഫണ്ട് എന്ന് ലഭിക്കുമെന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് അധികൃതരും സർക്കാരും നൽകുന്നില്ല. പെരുന്നാളിനോ ഓണത്തിനോ തുക നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല.
പുതിയ അദ്ധ്യയന വർഷത്തിന് മുമ്പേ പല പ്രധാനാദ്ധ്യാപകരും വിരമിക്കുകയും പകരം എച്ച്.എം ചാർജ്ജുണ്ടായിരുന്ന പലരും പ്രമോഷനാവുകയും ചെയ്തു. 2021 മുതൽ പ്രമോഷൻ നേടി പ്രധാനാദ്ധ്യാപക തസ്തികയിൽ വന്നവർക്ക് എച്ച്.എം സ്‌കെയിൽ പ്രകാരമുള്ള ശമ്പളം നൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നൽകാത്ത സ്ഥിതിയാണ്. എച്ച്.എം തസ്തികയിൽ വരുന്നതിന് മുമ്പുള്ള ശമ്പളമാണ് കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും ഇവർക്ക് ലഭിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. അതിനാൽത്തന്നെ, വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ഏറ്റെടുക്കാൻ കഴിയില്ലെന്ന സ്ഥിതിയിലാണ് ഇവർ.
ഉച്ചഭക്ഷണ പദ്ധതിയ്ക്കായുള്ള മാർച്ചിലെ തുക അനുവദിച്ചത് അടുത്തിടെയാണ്. ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് പൂർത്തിയായ ശേഷം ഉച്ചഭക്ഷണ തുക അനുവദിക്കുമെന്നാണ് അറിയിച്ചതെങ്കിലും പാഴ്വാക്കായി മാറുകയായിരുന്നു ആ വാഗ്ദാനം. നേരത്തെ, ഉച്ചഭക്ഷണ തുക സർക്കാർ മുൻകൂറായി അനുവദിച്ചിരുന്നു. ഉച്ചഭക്ഷണ പദ്ധതിയിലെ കുടിശ്ശിക ഉടൻ ലഭ്യമാക്കണം എന്ന ആവശ്യവുമായി കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷയൻ (കെ.പി.എസ്.ടി.എ) 13 ന് ത്രിതല സത്യാഗ്രഹ സമരവും 16 ന് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചും നടത്താനൊരുങ്ങുകയാണ്.
ഗോത്രവർഗ വിദ്യാർത്ഥികളുള്ള മേഖലകളിൽ ഉച്ചഭക്ഷണം കൂടി നിലച്ചാൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് വർദ്ധിക്കാനിടയുണ്ട്. ഉച്ചഭക്ഷണം പോഷക സമൃദ്ധമാകണമെന്ന് നിഷ്‌കർഷിച്ചത് സംസ്ഥാന സർക്കാർ ആയിരുന്നിട്ടും ഈ മെല്ലെപ്പോക്ക് നയം അപഹാസ്യമാണ്. അദ്ധ്യാപനവുമായി ബന്ധപ്പെട്ട ജോലികൾക്കിടെ ഉച്ചഭക്ഷണ പദ്ധതി പ്രധാനാദ്ധ്യാപകർക്ക് തീരാദുരിതവും സാമ്പത്തിക ബാദ്ധ്യതയുമായി മാറിയിരിക്കുകയാണ്. കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകുന്നത് മഹത്തായ കർമ്മമാണ്.. എന്നാൽ, ഇതിനായി സ്വന്തം കീശ കീറേണ്ടി വന്ന് കടമെടുത്ത് പ്രതിസന്ധിയിലായ അദ്ധ്യാപകരുടെ ദുരിതം മുഖവിലയ്‌ക്കെടുക്കേണ്ടത് അനിവാര്യമാണ്.
വിദ്യാലയത്തിലെത്തുന്ന കുട്ടികളിലാരും വിശന്നിരിക്കരുത് എന്ന ചിന്തയിൽ നന്മ ചെയ്തതിന്റെ പേരിൽ സാമ്പത്തിക ഭദ്രത നഷ്ടമായ അദ്ധ്യാപകർ നൊമ്പരമാണ്. സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായിരുന്ന സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി അദ്ധ്യാപകരുടെ മാത്രം ഉത്തരവാദിത്വമായി മാറുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |