തിരുവനന്തപുരം: കന്യാകുമാരിയിൽനിന്ന് കാശ്മീരിലേക്കും തിരിച്ച് കന്യാകുമാരിയിലേക്കും 10 ദിവസംകൊണ്ട് ബൈക്ക് യാത്ര. അത് യാഥാർത്ഥ്യമാക്കിയ ത്രില്ലിലാണ് 18 വയസുകാരൻ ബിസ്മില്ല ഖാൻ. തിരുവനന്തപുരം മംഗലപുരം സ്വദേശിയായ ബിസ്മില്ല ഖാൻ റോയൽ എൻഫീൽഡ് മെറ്റിയോർ 350 ബൈക്കിലാണ് റൈഡ് നടത്തിയത്.
യാത്രകളെയും ബൈക്കുകളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബിസ്മില്ല 18 വയസ് പൂർത്തിയായ ഉടൻ ലൈസൻസ് എടുത്തു. രക്ഷിതാക്കളുടെ സാമ്പത്തികസഹായത്തോടെ ബൈക്കും സ്വന്തമാക്കി. മകന്റെ ഏത് ആഗ്രഹങ്ങൾക്കും പിന്തുണ നൽകുന്ന മാതാപിതാക്കളായ എം. ഷാനവാസും ഷെമി ഷാനവാസും കശ്മീർ യാത്രയ്ക്കും അനുവാദം നൽകി.
2023 ആഗസ്റ്റ് 5ന് രാവിലെ 6നാണ് കന്യാകുമാരിയിൽനിന്ന് പുറപ്പെട്ടത്. 15ന് പുലർച്ചെ 5.45ന് തിരിച്ചെത്തി. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാതയായ എൻ.എച്ച് 44ലൂടെയായിരുന്നു യാത്ര. പ്രതിദിനം ശരാശരി 800-900 കിലോമീറ്ററാണ് പിന്നിട്ടത്. രാവിലെ 6ന് ആരംഭിക്കുന്ന യാത്ര പലപ്പോഴും പിറ്റേദിവസം പുലർച്ചെ വരെ നീണ്ടു. ബെംഗളൂരു, ഹൈദരാബാദ്, സാഗർ, ഡൽഹി വഴിയാണ് കശ്മീരിലെത്തിയത്. ഹൈദരാബാദിലും ഡൽഹിയിലുമാണ് താമസത്തിന് ഹോട്ടൽ മുറിയെടുത്തത്. ആൾ ഇന്ത്യ റൈഡേഴ്സ് ഗ്രൂപ്പിലെ അംഗങ്ങളുടെ സഹായത്തോടെയായിരുന്നു മറ്റിടങ്ങളിലെ താമസം. അഞ്ചാമത്തെ ദിവസം കശ്മീരിലെത്തിയ ബിസ്മില്ല ആറാംദിവസം ശ്രീനഗറിലെ കാഴ്ചകൾ കാണാൻ ചെലവിട്ടു. തുടർന്ന് ഏഴാംദിവസം രാവിലെ 6ന് ശ്രീനഗറിലെ ലാൽചൗക്കിൽനിന്ന് കന്യാകുമാരിയിലേക്ക് തിരിച്ചു. വഴിയിൽ എവിടെയും തങ്ങിയില്ല. ഉറക്കം വരുമ്പോൾ പെട്രോൾ പമ്പിലോ ധാബയിലോ നിറുത്തി ഒന്നോ രണ്ടോ മണിക്കൂർ ഉറക്കം. 10 ദിവസം പൂർത്തിയാകാൻ 11 മിനിട്ട് മാത്രം ശേഷിക്കേ 8000 കിലോമീറ്റർ ദൈർഘ്യം വന്ന
യാത്ര പൂർത്തിയാക്കി.
യാത്രയ്തക്ക് അംഗീകാരം ലഭിക്കാൻ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് എന്നിവയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ബംഗളൂരുവിലെ ജയിൻ സർവകലാശാലയിൽ എയ്റോസ്പേസ് ആൻഡ് എയ്റോനോട്ടിക്സ് എൻജിനിയറിംഗ് ഒന്നാംവർഷ വിദ്യാർത്ഥിയാണ് ബിസ്മില്ല. പഠനശേഷം ജോലി നേടി അതിൽനിന്നുള്ള വരുമാനത്താൽ തുടർപഠനം നടത്തി പൈലറ്റ് ആവുകയാണ് സ്വപ്നം. എട്ടാം ക്ലാസ് വിദ്യാർത്ഥി ബാസ്മ ബിസ്മി സഹോദരി. അനിയത്തിയെയും ബൈക്ക് റൈഡിംഗ് രംഗത്തേക്ക് കൊണ്ടുവരണമെന്നാണ് ബിസ്മില്ലയുടെ ആഗ്രഹം.
പ്രതിസന്ധികൾ
അംബാലയിൽവച്ച് ബൈക്കിന്റെ വീൽ വളഞ്ഞു. കോയമ്പത്തൂരിൽവച്ച് ബോൾ ബെയറിംഗുകൾ ചതഞ്ഞുപോയി. രണ്ടും ശരിയാക്കി യാത്ര തുടർന്നു. ജമ്മുവിൽവച്ച് വസ്ത്രങ്ങളടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടു. നാഗ്പൂരിലെ വനമേഖലയിൽവച്ച് ആദിവാസികൾ ആക്രമിക്കാൻ ശ്രമിച്ചു. അതിനെയും അതിജീവിക്കാനായി.
''വിചാരിച്ചാൽ നേടിയെടുക്കാൻ സാധിക്കാത്തതായി ഒന്നുമില്ല. എതിർപ്പുകളും വിമർശനങ്ങളും ഉണ്ടാകുമെങ്കിലും നിശ്ചയദാർഢ്യമുണ്ടെങ്കിൽ എന്തും നേടാനാകും''
- ബിസ്മില്ല ഖാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |