ആലുവ: പുതുപ്പള്ളിയിൽ സ്വപ്‌ന തുല്യമായ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കുകയെന്ന് എം.വി. ഗോവിന്ദന് മനസിലായി. ബി.ജെ.പിയുടെയാണോ, സി.പി.എമ്മിന്റെയാണോ വോട്ടുകൾ കുറയുന്നതെന്ന് കണക്ക് വരുമ്പോൾ നോക്കാം. ബി.ജെ.പിയുടെ വോട്ട് കുറഞ്ഞാൽ അത് യു.ഡി.എഫിന് ചെയ്തതാണെന്ന് ഗോവിന്ദൻ പറയും. സി.പി.എമ്മിന്റെ വോട്ട് കുറഞ്ഞാൽ എന്ത് പറയും. പിണറായി വിജയന്റെ ധാർഷ്ട്യം നിറഞ്ഞ ഭരണത്തിന് താക്കീത് നൽകണമെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിണറായി ബംഗാളിലേതു പോലെ കുഴിച്ചുമൂടുമെന്നും ചൂണ്ടിക്കാട്ടി കമ്മ്യൂണിസ്റ്റുകൾ ചാണ്ടി ഉമ്മന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ജെയ്ക്കിന്റെ വോട്ട് കുറഞ്ഞാൽ ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ ചാണ്ടി ഉമ്മന് വോട്ട് ചെയ്‌തെന്ന് സമ്മതിക്കാൻ ഗോവിന്ദൻ തയ്യാറാകണം. അതു കഴിഞ്ഞ് ബി.ജെ.പിയുടെ കാര്യം നോക്കാം.
മുദ്രാവാക്യം വിളിച്ചതിന് 94 വയസുകാരനായ ഗ്രോ വാസുവിന്റെ വായ പൊത്തിപ്പിടിക്കുകയും തൊപ്പി കൊണ്ട് മുഖം മറയ്ക്കുകയും ചെയ്യുന്ന പൊലീസ് അപമാനമാണ്. കള്ളക്കേസെടുത്താണ് ഗ്രോ വാസുവിനെ അകത്താക്കിയത്.
മുന്നാക്ക വികസന കോർപ്പറേഷനിൽ കേരള കോൺഗ്രസ് (ബി) പ്രതിനിധിയെ മാറ്റി സി.പി.എമ്മുകാരനെ നിയമിച്ചത് സർക്കാരും പാർട്ടിയും മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. ചെയർമാനെയും ബോർഡ് അംഗങ്ങളെയും മാറ്റിയതറിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി കസേരയിൽ ഇരിക്കരുത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ഭരണം നടത്തുന്നതെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |