അബുദാബി: ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോൾഡൻ വിസ കൈമാറി. ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് നടി വിസ കൈപ്പറ്റിയത്. യുഎഇയുടെ പത്ത് വർഷത്തെ ഗോൾഡൻ വിസ പതിച്ച പാസ്പോർട്ട് ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണി, സണ്ണി ലിയോണിന് കൈമാറി. ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവനദാതാക്കളാണ് ഇസിഎച്ച് ഡിജിറ്റൽ. മലയാള സിനിമയിൽ നിന്നടക്കം നിരവധി പ്രമുഖർക്ക് ഇസിഎച്ച് ഡിജിറ്റൽ മുഖേനെ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
അതേസമയം സണ്ണി ലിയോൺ ഉൾപ്പെടെ സിനിമാതാരങ്ങൾ എത്തുമെന്ന് പ്രചാരണത്തിന് ശേഷം കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ മെഗാ ഫാഷൻ ഷോ പരിപാടിയിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തിരുന്നു. തുടർന്ന് നൂറോളം പൊലീസുകാരെത്തി പരിപാടി തടയുകയും നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഘാടകരെയടക്കം വേദിയിൽ നിന്ന് പുറത്താക്കി. കോഴിക്കോട് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടത്തിവരികയായിരുന്ന 'ഫാഷൻ റേയ്‌സ്- വിൻ യുവർ പാഷൻ' ഡിസൈനർ ഷോയും 'ഗോൾഡൻ റീൽസ് ഫിലിം അവാർഡ്‌സ്' പരിപാടിയുമാണ് ഒടുവിൽ വാക്കേറ്റത്തിൽ കലാശിച്ചത്.
764 കുടുംബങ്ങൾ സംസ്ഥാനത്തൊട്ടാകെ നിന്ന് കോഴിക്കോട് എത്തിയതായി പൊലീസ് പറഞ്ഞു. ട്രേഡ് സെന്ററിൽ കുട്ടികൾക്ക് ക്യാറ്റ് വാക്ക് പരിശീലനം നൽകുമെന്നും ചലച്ചിത്ര താരങ്ങളും പ്രമുഖ ഡിസൈനർമാരും പരിശീലനം നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ പ്രമുഖ ഡിസൈനർമാർ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, കുട്ടികൾക്ക് നൽകിയ വസ്ത്രങ്ങൾ തീരെ ഗുണനിലവാരമില്ലാത്തതായിരുന്നുവെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |