വാഗമൺ: കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലത്തിൽ രണ്ടു മണിക്കൂറിനുള്ളിൽ കയറിയത് 100 പേർ. രാവിലെ 9നും 11നും ഇടയിലുള്ള സമയത്തിലാണ് ഇത്രയും പേർ ചില്ലുപാലത്തിലൂടെ കാഴ്ചകൾ കണ്ടത്. അമ്പതിനായിത്തോളം രൂപയാണ് ആദ്യ ദിവസം വരുമാനമായി ലഭിച്ചത്. 11 മണിയോടെ പെയ്ത ശക്തമായ മഴയെത്തുടർന്ന് പാലത്തിലേക്കുള്ള പ്രവേശനം അധികൃതർ നിറുത്തിവയ്ക്കുകയായിരുന്നു. മഴയത്ത് തെന്നി വീഴാൻ സാദ്ധ്യതയുള്ളതിനാലാണിത്. കുടയുമായി പാലത്തിൽ കയറുന്നത് കാറ്റുപിടിക്കാനും കാരണമാകും.
ഇന്നലെ രാവിലെ മുതൽ ചില്ലുപാലത്തിൽ കയറാൻ സഞ്ചാരികളുടെ നീണ്ട നിരയായിരുന്നതായി ഡി.ടി.പി.സി അധികൃതർ പറഞ്ഞു. ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കണക്കിലെടുത്ത് ഓൺലൈനായി ടിക്കറ്റ് നൽകുന്നതും അധികൃതരുടെ പരിഗണനയിലാണ്.
ഒരേ സമയം 15 പേർക്കാണ് പ്രവേശനം. 5- 10 മിനിട്ട് വരെ പാലത്തിൽ ചെലവഴിക്കാം. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ പാലത്തിൽ നിന്നാൽ കാണാനാകും. 500 രൂപയാണ് പ്രവേശന ഫീസ്.
വാഗമണിൽ നിന്ന് നാലു കിലോമീറ്റർ ദൂരെയുള്ള കോലാഹലമേട്ടിലാണ് ഡി.ടി.പി.സിയുടെ അഡ്വഞ്ചർ പാർക്കിലാണ് ചില്ലുപാലം ഒരുക്കിയിരിക്കുന്നത്. റോക്കറ്റ് ഇജക്ടർ, ജയന്റ് സ്വിംഗ്, സിപ് ലൈൻ, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളർ, ഫ്രീ ഫോൾ, ഹ്യൂമൻ ഗൈറോ തുടങ്ങി നിരവധി സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |