കോട്ടയം: കഴിഞ്ഞ മാസം എട്ടിന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ അന്ന് തന്നെ കോൺഗ്രസ് നേതൃത്വം അവരുടെ സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനിപ്പുറം പുതുപ്പള്ളിയിൽ ചരിത്ര നേട്ടം കൈവരിച്ച് നിയമസഭയിലേയ്‌ക്കെത്താൻ പോകുന്ന ചാണ്ടി ഉമ്മന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ഈ നിയമസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎൽഎ എന്നതാണ് ആ പ്രത്യേകത. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ ജയിച്ചത്. വോട്ടെണ്ണൽ തുടങ്ങി ഓരോ നിമിഷവും ചാണ്ടി കൃത്യമായി ലീഡുനില ഉയർത്തി. ഒരു ഘട്ടത്തിൽ നാൽപ്പതിനായിരം കടന്ന് മുന്നേറിയ ലീഡ് നില അവസാന കണക്കുകളിൽ 37,719ൽ എത്തുകയായിരുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പല എംഎൽഎമാരും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്. മലപ്പുറത്ത് മുസ്ലീം ലീഗിന്റെ പി ഉബൈദുള്ള നേടിയ 35,208 വോട്ട് ആയിരുന്നു യുഡിഎഫിന്റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. വേങ്ങരയിൽ 30,596 വോട്ട് നേടിയ ലീഗിന്റെ തന്നെ പി കെ കുഞ്ഞാലിക്കുട്ടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസിന്റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത് കരുനാഗപ്പള്ളിയിൽ മത്സരിച്ച സി ആർ മഹേഷാണ്. 29,208 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മഹേഷ് ജയിച്ചത്.
ഇവരുടെയെല്ലാം ഭൂരിപക്ഷം കടത്തിവെട്ടിയാണ് കന്നിയംഗത്തിൽ തന്നെ ചരിത്രവിജയവുമായി ചാണ്ടി ഉമ്മൻ നിയമസഭയുടെ പടികയറുന്നത്. 15-ാം നിയമസഭയിലെ എംഎൽഎമാരുടെ ഭൂരിപക്ഷ കണക്കിൽ ആദ്യ പത്തിൽ ചാണ്ടി ഉമ്മൻ സ്ഥാനം പിടിച്ചു. ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ് അദ്ദേഹം. 35,000ത്തിലധികം ഭൂരിപക്ഷമുള്ള 12 എംഎൽഎമാരാണ് നിയമസഭയിലുള്ളത്. ഇതിൽ രണ്ടുപേർ യുഡിഎഫും ബാക്കിയുള്ളവർ ഇടതുപക്ഷ എംഎൽഎമാരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |