കോട്ടയം: മരണപ്പെട്ട ആളുകളോട് സഹതാപം കാണിക്കുന്ന രീതി ഉപതിരഞ്ഞെടുപ്പുകളിൽ ഉണ്ടാകാറുണ്ടെന്ന് സിപിഎം നേതാവ് എം സ്വരാജ്. പുതുപ്പള്ളിയിൽ അന്തരിച്ച ഉമ്മൻചാണ്ടിയും ജെയ്ക്ക് സി തോമസും തമ്മിലാണ് മത്സരം നടന്നതെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ട ആളുകളോടുണ്ടാകുന്ന സഹതാപം അടുത്ത തിരഞ്ഞെടുപ്പിലുണ്ടാകില്ല. അരുവിക്കര ഉദാഹരണമായി ചൂണ്ടിക്കാട്ടി സ്വരാജ് പറഞ്ഞു.
അതേസമയം ചാണ്ടി ഉമ്മനോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ജനവിധി ഉൾക്കൊള്ളുന്നതായി എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ് പ്രതികരിച്ചിരുന്നു. മുന്നോട്ട് വയ്ക്കാൻ ശ്രമിച്ച രാഷ്ട്രീയത്തിൽ തന്നെ ഉറച്ച് നിൽക്കുന്നു. പുതിയ പുതുപ്പള്ളിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാം. സിപിഎം അടിത്തറ തകർന്നിട്ടില്ല എന്നത് മുൻ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാണ്. വിജയത്തിലേയ്‌ക്ക് വളരാൻ കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്നു. 2021ലേത് പോലെ രാഷ്ട്രീയം ഇത്തവണ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഉമ്മൻ ചാണ്ടി വികാരം മാത്രമാണ് അലയടിച്ചത്. എന്റെ രാഷ്ട്രീയ സമരങ്ങൾ ഇനിയും തുടരും. പുതുപ്പള്ളിയുടെ പുതിയ എംഎൽഎയ്‌ക്ക് ഭാവുകങ്ങൾ നേരുന്നു. '- ജെയ്‌ക് വ്യക്തമാക്കി.
37,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ കേരള നിയമസഭയിലേയ്ക്ക് ജയിച്ചുകയറിയത്. മുഖ്യ എതിരാളിയായിരുന്ന സി പി എമ്മിലെ ജെയ്ക്ക് സി തോമസിന് 42425 വോട്ട് ലഭിച്ചപ്പോൾ ചാണ്ടി ഉമ്മന് 80144 വോട്ടുകൾ ലഭിച്ചു. ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാലിന് വെറും 6558 വോട്ടുമാത്രമാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |