ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കഴിഞ്ഞ മാസം എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 35കാരന് പോക്സോ നിയമപ്രകാരം പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. സംഭവം നടന്ന് 32 ദിവസത്തിനുള്ളിലാണ് വിധി.
ഐ.പി.സി സെക്ഷൻ 302, 376 എ, ബി വകുപ്പുകൾ പ്രകാരമാണ് വിഷ്ണു ബമോറയ്ക്ക് പോക്സോ സ്പെഷ്യൽ ജഡ്ജി കുമുദിനി പട്ടേൽ വധശിക്ഷ വിധിച്ചത്.
എട്ടു വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയയാക്കിയെന്ന മറ്റൊരു കേസിൽ കോടതി പ്രതിക്ക് ജീവപര്യന്തം തടവും വിധിച്ചു.
ജൂൺ എട്ടിന് കമലനഗറിലെ വീട്ടിൽ നിന്ന് സമീപത്തെ കടയിലേക്ക് പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. അടുത്ത ദിവസം രാവിലെ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ തൊട്ടടുത്ത പ്രദേശത്ത് കണ്ടെത്തി. ജൂൺ 10ന് വിഷ്ണു ബമോറയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.എൻ.എ പരിശോധനയുടെയും മറ്റു സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ ജൂൺ 12ന് ഇയാൾക്കെതിരെ 108 പേജുള്ള കുറ്റപത്രം ചുമത്തി. പ്രോസിക്യൂഷൻ 30ഓളം സാക്ഷികളെ വിസ്തരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിന് ഐ.പി.സി 363, 366 വകുപ്പുകൾ പ്രകാരം മൂന്നും ഏഴും വർഷം വീതം തടവുശിക്ഷയും ഇയാൾക്ക് വിധിച്ചു..