കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസിൽ എറണാകുളം തൃക്കാക്കര സ്വദേശി വിഷ്ണു റോയിയെ (24) ബംഗളുരുവിൽ നിന്ന് പ്രത്യേകാന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. നേരത്തെ അറസ്റ്റിലായ മൂന്നാം പ്രതി ആദിത്യ സക്കറിയയുടെ സുഹൃത്താണ് ഇയാൾ. തൃക്കാക്കര എ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ബംഗളുരുവിൽ ഡിസൈനറായ വിഷ്ണു വ്യാജരേഖയുണ്ടാക്കാൻ ആദിത്യയെ സഹായിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാളുടെ പങ്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.വിഷ്ണുവും ആദിത്യയും കൊച്ചിയിലെ ഒരു പ്രമുഖ വ്യവസായ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇവിടുത്തെ കമ്പ്യൂട്ടറിൽ നിന്ന് രേഖകൾ ലഭിച്ചെന്നായിരുന്നു ആദിത്യയുടെ നിലപാട്. ഇയാളുടെ പിതാവ് സക്കറിയ വളവി തേവരയിൽ നടത്തുന്ന സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്.
ഫാ.പോൾ തേലക്കാട്ട്, ഫാ. ആന്റണി കല്ലൂക്കാരൻ എന്നിവരെ കേസിൽ പ്രതി ചേർത്തിരുന്നു. ഇവർക്ക് ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം നൽകി. കർദ്ദിനാൾ രഹസ്യ അക്കൗണ്ടുകളിലൂടെ വൻതുക കൈമാറിയെന്ന വ്യാജ രേഖകൾ ചമച്ച് അഴിമതിക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സീറോ മലബാർ സഭയിലെ ഫാ. ജോബി മാപ്രക്കാവിൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.