ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ"യും ബി.ജെ.പിയും നേർക്കുനേർ പൊരുതിയ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ വീതം നേടി ഇരുകൂട്ടർക്കും നേട്ടവും നഷ്ടവും.
ജാർഖണ്ഡിലെ ദുമ്രി, പശ്ചിമബംഗാളിലെ ധൂപ്‌ഗുരി, ഉത്തർപ്രദേശിലെ ഘോസി സീറ്റുകൾ ഇന്ത്യ സഖ്യം ജയിച്ചപ്പോൾ ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ സീറ്റുകൾ ബി.ജെ.പി നേടി. ത്രിപുരയിൽ കേവല ഭൂരിപക്ഷത്തേക്കാൾ ഒരു സീറ്റ് മാത്രം അധികമുള്ള ബി.ജെ.പിക്ക് രണ്ട് മണ്ഡലങ്ങളിലെയും വിധി നിർണായകമായിരുന്നു.
ത്രിപുരയിലെ സിറ്രിംഗ് സീറ്രായ ബോക്സാനഗറിലും ധൻപൂരിലും ദയനീയമായി പരാജയപ്പെട്ട സി.പി.എമ്മിന് വൻ തിരിച്ചടി നേരിട്ടു. ബോക്സാനഗറിൽ സി.പി.എം എം.എൽ.എയായിരുന്ന ഷംസുൽഹഖിന്റെ മരണത്തെ തുടർന്ന് മത്സരിച്ച അദ്ദേഹത്തിന്റെ മകൻ മിയാൻ ഹുസൈനെ ബി.ജെ.പിയുടെ
തഫജ്ജൽ ഹൊസൈൻ 30,237 വോട്ടിന് തോൽപ്പിച്ചു. സി.പി.എമ്മിന് കെട്ടിവച്ച പണം പോയി.
കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്ക് നിയമസഭാംഗത്വം രാജിവച്ചതിനെ തുടർന്നാണ് ധൻപൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടങ്ങളിലും കോൺഗ്രസ് പിന്തുണയോടെ മത്സരിച്ചിട്ടും സി. പി. എം തകർന്നടിഞ്ഞു. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് സി.പി.എം വോട്ടെണ്ണൽ ബഹിഷ്കരിച്ചിരുന്നു.
ഉത്തർ പ്രദേശിലെ ഘോസി മണ്ഡലത്തിൽ സമാജ്‌വാദി നേതാവ് സുധാകർ സിംഗ് വിജയിച്ചത് 'ഇന്ത്യ"ക്ക് പ്രതീക്ഷയാണ്. ബി.ജെ.പിയുടെ ദാരാ സിംഗ് ചൗഹാനെതിരെ വൻ ഭൂരിപക്ഷം നേടി. 2022ൽ ദാരാ സിംഗ് ചൗഹാൻ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. പിന്നീട് ബി.ജെ.പിയിൽ ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. അതേവർഷം സുധാകർ സിംഗിന് ടിക്കറ്റ് നിഷേധിക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ടു തന്നെ ഇരുവരുടെയും അഭിമാന പോരാട്ടമായിരുന്നു.
പശ്ചിമ ബംഗാളിലെ ധുപ്‌ഗുരിയിൽ തൃണമൂൽ കോൺഗ്രസിന്റെ നിർമ്മൽ ചന്ദ്ര റോയ് വിജയിച്ചു. ബി.ജെ.പിയുടെ തപസി റോയിയെ 200ലധികം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബി.ജെ.പിയുടെ പാർവതി ദാസ് വിജയിച്ചു.
ജാർഖണ്ഡിലെ ദുമ്രിയിൽ ജെ.എം.എം സ്ഥാനാർത്ഥി ബേബി ദേവി എ.ജെ.എസ്.യു സ്ഥാനാർത്ഥി യോശോദ ദേവിയെ 17,000ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |