ആർഡിഎക്സുമായി ഷെയ്ൻ നിഗവും ആന്റണി വർഗീസും സംസാരിക്കുന്നു
ഇടിയോട് ഇടി. എല്ലാം തീ പാറുന്ന സംഘട്ടനങ്ങൾ. ഓണച്ചിത്രങ്ങളിൽ 50 കോടി ക്ളബിൽ ഇടം പിടിച്ച ആർഡിഎക്സ് കുതിപ്പ് തുടരുന്നു. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇടിയും അടിയും കൊടുക്കുന്നതും വാങ്ങുന്നതും. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരും ഒരേ പോലെ ഏറ്രെടുക്കുകയാണ്. സമീപകാലത്ത് പുറത്തിറങ്ങിയ യുവതാര ചിത്രങ്ങളിൽ മികച്ച അഭിപ്രായവും കളക്ഷനും ആർഡിഎക്സ് ഇടിയും അടിയും കൊടുത്തു ഏറ്റുവാങ്ങുന്നു. അന്യ ഭാഷകളിലേക്ക് ആർഡിഎക്സ് ഇനി വണ്ടി കയറും.
50 കോടി ക്ളബിൽ. ഒപ്പം മികച്ച അഭിപ്രായവും ആർഡിഎക്സ് നേടുന്നു?
ഷെയ്ൻ: അതിന്റെ സന്തോഷം വലുതാണ്. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രമാണ് ആർഡിഎക്സ്. കുടുംബ ബന്ധങ്ങളും ഇമോഷൻസും പ്രണയവും എല്ലാം ചേരുന്ന ഓണ ചിത്രം.എല്ലാത്തരം പ്രേക്ഷകരെയും ഒരേപോലെ ആകർഷിക്കാൻ കഴിയുന്നുണ്ട്. തിയേറ്രറുകളിൽ തന്നെ കാണേണ്ട സിനിമ.
ആന്റണി : നല്ല ഒരു ഓണവിരുന്ന് നൽകാൻ സാധിച്ചു. ആറ് സംഘട്ടനങ്ങളുണ്ട്. ബീസ്റ്ര്, വിക്രം എന്നീ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപ് അറിവാണ് ( അൻപ് മണി, അറിവു മണി) ആക്ഷൻ കൊറിയോഗ്രഫർ.അവർ മലയാളത്തിൽ ആദ്യമാണ്. ഷെയ്ൻ പറഞ്ഞപോലെ എല്ലാം ചേരുന്ന ചിത്രം. കുടുംബത്തിനൊപ്പം എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയാണ് ആർഡിഎക്സ്. വലിയ വിജയം നേടുന്നതിൽ ഒരുപാട് സന്തോഷം.
പ്രിയദർശൻ, നവാസ് ഹിദായത്ത്. രണ്ടുപേരുടെയും ചിത്രങ്ങളെ എങ്ങനെ സമീപിച്ചു?
ഷെയ്ൻ : പ്രിയൻ സാർ എഡിറ്റ് ചെയ്തു കൊണ്ടാണ് ചിത്രീകരിക്കുക. മനസിൽ അപാരമായ എഡിറ്റിംഗ് നടത്തുന്നു. അത് വർഷങ്ങളുടെ പരിചയ സമ്പത്തുകൊണ്ടാവും. കൊറോണ പേപ്പേഴ്സിൽ അഭിനയിക്കുമ്പോൾ അത് തിരിച്ചറിയാൻ സാധിച്ചു. നവാസ് ഹിദായത്തിന് ആർ ഡി എക്സ് എന്ന തന്റെ ആദ്യ സിനിമയെപ്പറ്റി കൃത്യമായ ധാരണയുണ്ട്.നടൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്വത്തിന്റെ കാര്യത്തിൽ വ്യത്യാസം തോന്നിയില്ല. എല്ലാ സിനിമയോടും ഒരേ സമീപനമാണ്. ആർ ഡി എക്സിൽ കഥാപാത്രത്തിനുവേണ്ടി കരാട്ടെ പരിശീലനം വേണ്ടിവന്നു. ബാർടെൻഡിംഗും വെയ്റ്റ് ലോസ് ട്രെയിനിംഗും എല്ലാം റോണക്സ് എന്ന കഥാപാത്രത്തിന് വേണ്ടി വന്നു. ഇത്തരം മാറ്റങ്ങൾ മുൻപത്തെ സിനിമകൾക്കുംവേണ്ടിയും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമല്ലേ ആർഡിഎക്സ്?
ആന്റണി: തീർച്ചയായും. എന്നാൽ ബഡ്ജറ്റ് അല്ല, അനുയോജ്യമായ കഥയും കഥാപാത്രവുമാണ് ആദ്യം നോക്കുന്നത്. ആർഡിഎക്സിന് മികച്ച കഥയുണ്ട്. ഡേവിഡ് എന്ന കഥാപാത്രം ശക്തമാണ്. മിന്നൽ മുരളിക്ക് ശേഷം സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രമാണ് ആർഡിഎക്സ്. നല്ല സബ്ജക്ട് വരുമ്പോൾ കൂടെ നിൽക്കുന്ന നിർമ്മാതാവുണ്ടെങ്കിൽ നല്ല സിനിമകൾ എനിക്കും പ്രേക്ഷകർക്കും ലഭിക്കും.
ഷെയ്ൻ : മുൻപ് ചെയ്ത സിനിമ പോലെയല്ല ആർഡിഎക്സ്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായതിനാൽ ഫൈറ്റ് രംഗങ്ങൾ കൂടുതലാണ്. രണ്ട് പാട്ടുകൾക്ക് ഡാൻസ് കൊറിയോഗ്രഫി ചെയ്തു. അങ്ങനെ നോക്കുമ്പോൾ പുതിയ ഒരു അനുഭവം തന്നെയാണ്.എല്ലാത്തിനും ഫലം ലഭിച്ചു.
നവാഗത സംവിധായകരുടെ സിനിമയിലാണല്ലോ അധികവും?
ആന്റണി : ഒന്നും പ്ളാൻ ചെയ്യുന്നതല്ല. അനുയോജ്യമായ കഥ വരുമ്പോൾ ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ നവാഗത സംവിധായകരുടെ ചിത്രങ്ങളാവും കൂടുതൽ. കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ഒപ്പം അഭിനയിക്കുന്ന ചാവേർ ആണ് ഇനി വരുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾക്കുശേഷം വീണ്ടും ടിനു പാപ്പച്ചനൊപ്പം. ചാവേറും ആക്ഷൻ ത്രില്ലറാണ്. ഇനി ചെയ്യാൻ പോകുന്നതും ആക്ഷൻ ചിത്രം.നവാഗതനായ അജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്.
പുതിയ പ്രതീക്ഷകൾ?
ഷെയ്ൻ: പ്രതീക്ഷകളാണല്ലോ മുൻപോട്ട് നയിക്കുന്നത്. പുതിയ സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്.
ആന്റണി : പ്രതീക്ഷകൾ തന്നെയാണ് എപ്പോഴും. പുതിയ സിനിമ ഉടൻ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |