മൂന്നാം വരവും ഗംഭീരമാക്കി ശാന്തി കൃഷ്ണ
നാലു പതിറ്റാണ്ട് മുൻപ് ഒന്നാം വരവ്. മൂന്നു പതിറ്റാണ്ട് മുൻപ് രണ്ടാം വരവ്. ആറു വർഷം മുൻപ് മൂന്നാം വരവ്. എല്ലാ വരവും ഗംഭീരമാക്കി ശാന്തികൃഷ്ണ തിളങ്ങുന്നു. നിള സിനിമയിൽ അത്ഭുതപ്പെടുത്തുന്ന പകർന്നാട്ടമാണ് ശാന്തികൃഷ്ണ കാഴ്ചവച്ചത്. ഓണക്കാലത്ത് ദുൽഖർ സൽമാന്റെ അമ്മയായി കിംഗ് ഒഫ് കൊത്ത. എ.വി അനൂപിന്റെ ഭാര്യയായി അച്ഛനൊരു വാഴ വെച്ചു എന്നീ രണ്ടു ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുന്നിൽ എത്തി. സിനിമയിൽ ഇനി, ഇടവേള ഉണ്ടാവില്ലെന്നും മനോഹരമായ യാത്ര ആസ്വദിക്കുന്നെന്നും ശാന്തികൃഷ്ണ.
മൂന്നാം വരവിലും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ടല്ലോ?
തീർച്ചയായിട്ടും. ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഈ വരവ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സിനിമയിൽ ഷീല ചാക്കോ എന്ന നല്ലൊരു കഥാപാത്രം കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. എന്ത് കാര്യം ആണെങ്കിലും എന്ത് വേഷം ആണെങ്കിലും നമ്മുക്കുള്ളതെങ്കിൽ തേടി എത്തും എന്ന് വിശ്വസിക്കാറുണ്ട്. ഷീല ചാക്കോയെ കിട്ടിയത് വലിയൊരു ഭാഗ്യമായിരുന്നു. എന്റെ ജീവിതത്തിൽ എപ്പോഴും ഉയർച്ചയും താഴ്ചയുമുണ്ടായിരുന്നു. താഴ്ചകളിൽ നിന്ന് കരകയറ്റിയത് സിനിമയാണ്. അതുമാത്രമല്ല എന്റെ കൂട്ടുകാരും പ്രേക്ഷകരും ആ സമയത്ത് എന്നെ പിന്തുണച്ചതുകൊണ്ടാണ് വീണ്ടും സിനിമയിലേക്ക് വരാൻ സാധിച്ചത്. മൂന്നാം വരവിൽ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞു. കുട്ടനാടൻ മാർപ്പാപ്പ സിനിമയിൽ മേരി എന്ന കോമഡി കഥാപാത്രത്തെ അവതരിപ്പിച്ചു. അരവിന്ദന്റെ അതിഥികളിൽ കുറച്ചു സീനുകളിലാണ് ഉണ്ടായിരുന്നതെങ്കിലും ശക്തമായ അമ്മ കഥാപാത്രമായിരുന്നു. ഇതിലെല്ലാം ഞാൻ സന്തോഷവതിയാണ്. ആദ്യമായാണ് ദുൽഖർ സൽമാനൊപ്പം അഭിനയിക്കുന്നത്. അച്ഛൻ ഒരു വാഴ വെച്ചു സിനിമയിലെ കഥാപാത്രം ഏറെ ആസ്വദിച്ചാണ് ചെയ്തത്.
മനസിൽ നിന്ന് മായാതെ നിൽക്കുന്ന കഥാപാത്രങ്ങൾ ?
ഒരുപാടുണ്ട്. നിള സിനിമയിലെ ഡോക്ടർ മാലതി എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. 75 വയസുള്ള കിടപ്പുരോഗിയായ ഗൈനക്കോളജിസ്റ്റ് കഥാപാത്രം ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഇന്ദു ലക്ഷ്മി വളരെ നന്നായി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ്. പക്ഷേ അധികമാരും കണ്ടതായി തോന്നുന്നില്ല. ആദ്യ സിനിമയായ നിദ്രയിലെ അശ്വതി എന്നും ഉള്ളിലുണ്ട്. ആ ഒരു പ്രായത്തിൽ ഞാൻ ചെയ്ത പക്വതയുള്ള കഥാപാത്രമായിരുന്നു. എൺപതുകളിൽ ചില്ല്, ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്തു. തൊണ്ണൂറുകളിൽ രണ്ട് അംഗീകാരങ്ങൾ. സവിധം സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ചകോരം സിനിമയിൽ ശാരദാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള പുരസ്കാരം. തൊണ്ണൂറുകളിൽ തിരികെ സിനിമയിലേക്ക് എത്തിയപ്പോൾ മനസിൽ തട്ടിനിൽക്കുന്ന വെല്ലുവിളിയുള്ള കഥാപാത്രങ്ങളാണ് ലഭിച്ചത്. നയം വ്യക്തമാക്കുന്നു, വിഷ്ണുലോകം, സുകൃതം തുടങ്ങി നല്ല സിനിമകൾ ചെയ്യാൻ സാധിച്ചു. ഈ സിനിമകളിലെ കഥാപാത്രങ്ങൾ എല്ലാം മായാതെ നിൽപ്പുണ്ട്.
നർത്തകിയായ ശാന്തി കൃഷ്ണയെ പറ്റി ആലോചിക്കാറുണ്ടോ?
അതൊരിക്കലും മറക്കാൻ കഴിയില്ല. കലാമേഖലയിലേക്ക് ആദ്യം വന്നത് നർത്തകിയായാണ്. ആറു വയസുമുതൽ ഭരതനാട്യം പഠിക്കാൻ തുടങ്ങിയതാണ്. എന്റെ ആദ്യ പ്രണയം നൃത്തത്തോട് തന്നെയാണ്. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ കാലിൽ കുറച്ച് പ്രശ്നങ്ങൾ വന്നു. കാൽ കൂടുതൽ ആഞ്ഞടിക്കാൻ പാടില്ല എന്ന് ഡോക്ടർ പറഞ്ഞു. പിന്നെ പരിശീലനം ചെയ്യാൻ കഴിയാതെ വന്നു. അങ്ങനെ സംഭവിച്ചതിൽ ഒരുപാട് വിഷമിച്ചു. പക്ഷേ എന്റെയുള്ളിൽ ഇപ്പോഴും നൃത്തമുണ്ട്. സ്റ്റേജുകൾ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. നൃത്തവേദിയിലേക്ക് തിരിച്ചുവരണമെന്ന് നിളയിൽ അഭിനയിക്കുമ്പോൾ വിനീത് എന്നോട് പറഞ്ഞു. എല്ലാവരുടെയും പിന്തുണയും സ്നേഹവും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും, തീർച്ചയായും വീണ്ടും നൃത്തം ചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നാലു പതിറ്റാണ്ട് പിന്നിടുന്നു സിനിമയിലെ യാത്ര?
എന്റെ ജീവിതവഴി ഇതുതന്നെയാണോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരു കരിയറാക്കാനല്ല സിനിമയിലേക്ക് വന്നത്. നിദ്ര സിനിമ വളരെ പ്രതീക്ഷിക്കാതെ വന്ന അവസരമായിരുന്നു. സിനിമയിൽ അഭിനയിക്കാൻ വേണ്ടി അങ്ങോട്ട് ആരോടും അവസരം ചോദിച്ചില്ല. പലരുടെയും സ്നേഹം കൊണ്ടും അനുഗ്രഹം കൊണ്ടും മാത്രമാണ് നല്ല അവസരങ്ങൾ കിട്ടിയത്. ഇന്നും എന്നും മലയാളി പ്രേക്ഷകർ എന്നെ അവരുടെ കുടുംബാംഗമായി കാണുന്നു. ഇപ്പോഴും പുറത്തുപോകുമ്പോൾ പലരും വലിയ കാര്യത്തോടെ സംസാരിക്കുകയും ഓടിവന്ന് കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. അതെല്ലാം എന്റെ ജീവിതത്തിൽ കിട്ടിയ സമ്മാനമാണ്. സിനിമ എന്നും എന്റെ കൂടെയുണ്ട്. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അനുഗ്രഹം ഉണ്ടാവട്ടെ എന്നാണ് ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |