ന്യൂഡൽഹി : ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയെ നേരിടുന്നത് ലക്ഷ്യം വച്ച് ഇന്ത്യ- ഗൾഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജി 20 ഉച്ചകോടിക്കിടെയാണ് കരാർ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇന്ത്യയിൽ നിന്നാരംഭിച്ച് യൂറോപ്പിലേക്ക് നീളുന്നതാണ് സാമ്പത്തിക ഇടനാഴി.
രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അടുത്ത തലമുറയ്ക്കായി സാമ്പത്തിക ഇടനാഴി അടിത്തറ പാകുമെന്നും മോദി പറഞ്ഞു. യു.എ.ഇ, സൗദി അറേബ്യ, ജോർദാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തി റെയിൽ, തുറമുഖ വികസനം നടപ്പാക്കി അടിസ്ഥാനസൗകര്യങ്ങളൊരുക്കി ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരം 40 ശതമാനം വർദ്ധിപ്പിക്കുകയാണ് കരാർ ലക്ഷ്യമിടുന്നത്. രാജ്യങ്ങളുമായി സഹകരിച്ച് ആശയവിനിമയ ബന്ധത്തിനായി വാർത്താവിനിമയ കേബിളുകൾ സ്ഥാപിക്കുക, റെയിൽ തുറമുഖ സൗകര്യങ്ങൾ വികസിപ്പിക്കുര, ഹൈഡ്രജൻ പൈപ്പു ലൈനുകൾ സ്ഥാപിക്കുക തുടങ്ങിയവയും ഇതിൽപ്പെടുന്നു.
പദ്ധതിക്ക് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. പുതിയ അവസങ്ങൾക്ക് വഴിതുറക്കുകയാണ് ലക്ഷ്യമെന്ന് ജോ ബൈഡൻ പ്രതികരിച്ചു. ഇടനാഴിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസലറും വ്യക്തമാക്കി.. ഫ്രാൻസും പദ്ധതിക്ക് പിന്തുണ അറിയിച്ചു.
ചൈന - പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ (സി.പി.ഇ.സി) പദ്ധതിയെ നേരിടുകയാണ് പുതിയ പ്രഖ്യാപനത്തിലുടെ ലക്ഷ്യമിടുന്നത്. ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് റോഡ് പദ്ധതിയുടെ ഭാഗമായി ചൈനയെയും പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്നതായിരുന്നു ചൈനയുടെ പദ്ധതി. ചൈനയിലെ കഷ്ഖർ പ്രദേശവുമായി ഗ്വാദ്വറിനെ ബന്ധിപ്പിച്ച് ഏഷ്യയുടെ ചരക്കുനീക്കത്തിന്റെ കേന്ദ്രമായി ഗ്വാദർ തുറമുഖത്തെ മാറ്റുകയാണ് ചൈന ലക്ഷ്യമിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |