പാലോട്: കാഴ്ചയുടെ കാണാസ്വർഗങ്ങൾ തീർത്ത് വിനോദസഞ്ചാരികളെ ആകർഷിച്ച് മലയോര ടൂറിസം മേഖല. മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മങ്കയം, ബ്രൈമൂർ, മീൻമുട്ടി എന്നിവിടങ്ങൾ വനവും, വെള്ളച്ചാട്ടവും, സാഹസികമലയാത്രകളും എല്ലാം കോർത്തിണക്കി കൊണ്ട് സഞ്ചാരികളെ വരവേൽക്കുകയാണ്. സുഖശീതളമായ കാലാവസ്ഥയും സംസ്കൃതിയുടെ ജീവ താളവുമാണ് ഈ നാടിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന മങ്കയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. തെക്കൻ കേരളത്തിലെ ഏറ്റവും മനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങൾ മങ്കയത്തിന് സ്വന്തമാണ്. കാളക്കയവും, കുരിശടിയും സന്ദർശകരെ ആകർഷിക്കുന്നഭംഗിയാണ് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം.
ആസ്വദിക്കാം പ്രകൃതി ഭംഗി
മഴക്കാടുകളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന അരുവിയിൽ കുളിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ ഇടമാണ് മങ്കയം. പുഴയുടെ ഓരത്ത് കൂടി നടന്നാൽ ചെറിയ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു. ദീർഘദൂര നടത്തത്തിനായി വനത്തിലേക്ക് നീളുന്ന നടപ്പാതകളും ഉണ്ട്. 60 അടി ഉയരത്തിൽ നിന്ന് അഞ്ച് തട്ടുകളിലൂടെയാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകൃതി ഭംഗിയിൽ 650 ഏക്കർ സ്ഥലത്ത് വിവിധതരം ഔഷധസസ്യങ്ങളും ബ്രിട്ടീഷുകാർ സ്ഥാപിച്ച തേയില തോട്ടവുമുള്ള ബ്രൈമൂർ എസ്റ്റേറ്റിലേക്കുള്ള വഴിയിലാണ് മങ്കയം വെള്ളച്ചാട്ടം ഉള്ളത്.
സസ്യ ജന്തുജാലങ്ങളുടെ കലവറ
പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ അരിപ്പ വൈവിധ്യങ്ങളായ സസ്യ ജന്തുജാലങ്ങളുടെ താവളമാണ്. അരിപ്പയിലെ ശാന്തമായ കാടുകൾക്കിടയിലൂടെ പ്രകൃതിയെ അതിന്റെ ഏറ്റവും മനോഹരമായി കാണാൻ സാധിക്കും. 270 ഓളം പക്ഷികളുടെ ആവാസ കേന്ദ്രമാണ് അരിപ്പ. മലബാർ വേഴാമ്പലിനെ കാണാൻ സാധിക്കുന്ന ഒരിടം കൂടിയാണ് അരിപ്പ. മാക്കാച്ചിക്കാട, കോഴിവേഴാമ്പൽ, മീൻപരുന്ത്, കാട്ടുമൂങ്ങ, ചാരത്തലയൻ ബുൾബുൾ തുടങ്ങിയ വ്യത്യസ്ഥമായ പക്ഷികളും ഇവിടെയുണ്ട്.
ലക്ഷ്യം ഫാം ടൂറിസം
ഇടിഞ്ഞാർ, മങ്കയം, ബ്രൈമൂർ തുടങ്ങിയ വിനോദ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഫാം ടൂറിസം തുടങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം. ഇതിനായി ഇവിടുത്തെ ജനങ്ങളെ ഉൾപ്പെടുത്തി ഒരു കൂട്ടായ്മ രൂപീകരിക്കുകയും ഇതിലൂടെ നിരവധിപേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഈ മേഖലയിൽ ചെറിയ ഹട്ടുകൾ നിർമ്മിച്ച് ഇവർ തന്നെ വളർത്തുന്ന ജൈവ പച്ചക്കറി, മത്സ്യം, കോഴി, താറാവ് തുടങ്ങിയവ സഞ്ചാരികൾ ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഭക്ഷണമാക്കി നൽകുകയാണ് ഫാം ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |