'ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം" എന്ന് മഹാകവി വള്ളത്തോൾ പാടിയത് ന.മോ.ജി കുറേ കേട്ടിട്ടുണ്ട്. ഈയിടെയായി ന.മോ.ജി അത് ആവർത്തിച്ചാവർത്തിച്ച് കേൾക്കുമ്പോൾ പല വേണ്ടാതീനങ്ങളും വിചാരിച്ച് ഉറക്കം കെട്ടുപോകുന്നു. അടുത്ത വരിയെപ്പറ്റിയാണ് അദ്ദേഹത്തിന്റെ ചിന്ത കാടുകയറിപ്പോകുന്നത്. 'കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ" എന്നാണ്
വള്ളത്തോൾ പാടിയതെങ്കിലും അതുപോലെയല്ല ആ വരികൾ ന.മോ.ജി കേൾക്കുന്നത്. 'ഇന്ത്യാ", 'ഇന്ത്യാ" എന്നേ കേൾക്കുന്നുള്ളൂ. അപ്പോൾ ആ ഞരമ്പുകളിൽ ചോര തിളയ്ക്കുന്നോ അതോ മരവിച്ച് പോകുന്നോ എന്ന് ചോദിച്ചാൽ ന.മോ.ജിക്ക് തന്നെ നിശ്ചയമില്ലാത്ത അവസ്ഥ.
ചിന്തകൾ മനസ്സിനെ ആകുലമാക്കുമ്പോൾ ഏത് ന.മോ.ജിയുടെയും ഉറക്കം കെടും. രാഹുൽജിയാണെങ്കിൽ എപ്പോഴും പറയുന്നത് സ്നേഹത്തിന്റെ കട തുറക്കുന്നതിനെപ്പറ്റിയാണ്. ഇവിടെയാണെങ്കിൽ അങ്ങനെയൊരു കടയെപ്പറ്റി വലിയ ഗ്രാഹ്യമില്ല. വേറെ പല കടകളും പല നിലയ്ക്കും തുറക്കാനറിയാം. മണിപ്പൂരിലെ ചായക്കട അത്തരത്തിലൊന്നായിരുന്നു. പക്ഷേ, സ്നേഹത്തിന്റെ കട, അതെങ്ങനെ എന്നതാണ് കുഴയ്ക്കുന്ന പ്രശ്നം.
അങ്ങനെയാണ് വള്ളത്തോളിന്റെ ആ ഒറ്റവരി മാത്രം മതി ഇനി കേൾക്കുന്നത് എന്ന തീരുമാനത്തിലേക്ക് ന.മോ.ജിയെ എത്തിച്ചത്. ന.മോ.ജി പറയുന്നത്. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത് എന്ന് പറഞ്ഞത് പോലെ ആ 'ഇന്ത്യാ" കൂട്ടരെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് എന്നാണ് ന.മോ.ജിയുടെ ഉറച്ച കല്പന.
ഇന്ത്യ, അതായത് ഭാരതം എന്നാണ് ഭരണഘടനയ്ക്കകത്ത് നമ്മുടെ ശില്പികൾ പണ്ട് എഴുതിപ്പിടിപ്പിച്ചത്. ഇന്ത്യ എന്ന് പേര് മാറ്റാൻ പണ്ട് ഉത്തരപ്രദേശത്ത് മുലായംസിംഗിന്റെ പാർട്ടിക്കാർ ഭരിച്ച കാലത്ത് ശ്രമിച്ചിരുന്നുവത്രെ. അന്ന് ചുവപ്പ് കണ്ട കാളയെപ്പോലെയാണത്രെ ഭാ.ജ.പക്കാർ അതിനെ നേരിട്ടത്.
ഇന്ത്യ എന്ന് മാറ്റി ഭാരത് എന്നാക്കാൻ എട്ടൊമ്പത് കൊല്ലം മുമ്പ് സുപ്രീംകോടതിയിൽ ഹർജി പോയപ്പോഴും നഹി, നഹി എന്നാണ് ന.മോ.ജി ആൻഡ് കോ. ബോധിപ്പിച്ചത്. അങ്ങനെ ഭരണഘടനയ്ക്കകത്ത് എന്തെങ്കിലും മാറ്റം പരിഗണിക്കേണ്ട സാഹചര്യമൊന്നുമില്ല എന്നാണ് കോടതിയിൽ പറഞ്ഞത്. പക്ഷേ, ഇന്നതല്ല സ്ഥിതി. ആ ഇന്ത്യയല്ല ഈ ഇന്ത്യ. അന്ന് ന.മോ.ജിക്ക് അത് പറയാം. ഇന്നിപ്പോൾ സ്നേഹത്തിന്റെ കച്ചവടവുമായി ഇറങ്ങിത്തിരിച്ചവർ എന്തിനും ഏതിനും ' ഇന്ത്യാ" എന്ന് പറയുമ്പോൾ എങ്ങനെ സഹിക്കും?
' ഇന്ത്യാ" എന്നും പറഞ്ഞിറങ്ങിയിരിക്കുന്ന കൂട്ടർ പല അൽക്കുൽത്ത് വേലകളും കാട്ടിക്കൂട്ടുകയാണ്. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിത്തുടങ്ങുന്നു എന്ന തോന്നൽ ന.മോ.ജിക്കുണ്ട്. ആകപ്പാടെ ഇരുണ്ടാൽ പോയി, തീർന്നു സംഗതി. അത് പാടില്ല. അതുകൊണ്ട് ഭാരത് എങ്കിൽ ഭാരത്. അതാണ്.
അങ്ങനെയാണ് ന.മോ.ജിയുടെ ആ അമ്പത്താറിഞ്ച് ബുദ്ധിക്കകത്ത് ഇതുപോലുള്ള വലിയ വലിയ കാര്യങ്ങൾ ഉദിച്ചുതുടങ്ങുന്നത്. സ്നേഹത്തിന്റെ കടക്കാരാണെങ്കിൽ മണിപ്പൂരിനെപ്പറ്റി പറയുന്നു, ചൈനയെപ്പറ്റി പറയുന്നു. അപ്പോൾ എന്താണ് ചെയ്യുക!
ഇന്ത്യ എന്ന പേര് നമ്മൾക്ക് കിട്ടുന്നതിനെ പണ്ട് എതിർത്തത് മുഹമ്മദാലി ജിന്നാ സാഹിബ് ആണെന്നാണ് ശശി തരൂർജി പറയുന്നത്. പണ്ട് വിഭജനമുണ്ടായപ്പോൾ മുസ്ലിം ഭൂരിപക്ഷപ്രദേശം പാക്കിസ്ഥാനും ബാക്കിഭാഗം ഹിന്ദുസ്ഥാനും ആകുമെന്ന് കരുതിയിരുന്ന ജിന്നാ സാഹിബിന് 'ഇന്ത്യാ" എന്ന പേര് മറ്റേകൂട്ടർ റാഞ്ചിയെന്ന് മനസ്സിലായതോടെ ഹാലിളകിയെന്നാണ് കഥ. ഇന്ത്യ എന്ന പേരുണ്ടായത് സിന്ധു നദിയും ആ നദീതടപ്രദേശമായ സിന്ധ് പ്രദേശവും കൊണ്ടാണ്. അവ രണ്ടും പാക്കിസ്ഥാന്റെ കൈയിലായിട്ടും നെഹ്റു-ഗാന്ധി കൂട്ടർക്കാണ് ഇന്ത്യ കിട്ടിയത്. എങ്ങനെ ഹാലിളകാതിരിക്കും!
പിളർപ്പിന്റെ സമയത്ത് ഇന്ത്യാ ഗവർണർ ജനറൽ മൗണ്ട് ബാറ്റണിനോട് 'ഇന്ത്യ" തനിക്ക് വേണമെന്ന് ജിന്ന പറഞ്ഞെങ്കിലും ആരും കേട്ടില്ല. അങ്ങനെ ജിന്നാ സാഹിബിന് കൈവിട്ടുപോയതും നെഹ്റുവിന് കിട്ടിയതുമായ ഇന്ത്യക്ക് ഇതുമൂലം ലഭിച്ച സൗഭാഗ്യമാണ് ഐക്യരാഷ്ട്രസഭയിലെ സ്ഥാപകാംഗത്വം തുടരാനായി എന്നുള്ളത്. ബ്രിട്ടീഷ് ഇന്ത്യ ഒപ്പിട്ടിരുന്ന എല്ലാ രാജ്യാന്തര ഉടമ്പടികളും എല്ലാ അംഗീകാരങ്ങളും കിട്ടിയത് ഇന്ത്യക്ക്. ഇതൊന്നും പാകിസ്ഥാന് കിട്ടിയില്ല. ഇന്ത്യ മുന്നിലായി. ഇനി ഈ കിട്ടിയതെല്ലാം പോയാലും തരക്കേടില്ല, ആ 'ഇന്ത്യാ" എന്നും പറഞ്ഞ് നടക്കുന്ന കൂട്ടർക്ക് നല്ല നാല് കിട്ടണം എന്ന് ന.മോ.ജി ചിന്തിച്ചുപോയാൽ അതിനെ കുറ്റം പറയുന്നത് ഒട്ടും നല്ലതല്ല. സാഹചര്യത്തിന്റെ സമ്മർദ്ദം ഏത് കടുവയെയാണ് നരഭോജിയാക്കാത്തത്!
- പുതുപ്പള്ളിയിൽ വിഘടനവാദികളും പ്രതിക്രിയാവാദികളും ചേർന്ന് പണി നൽകി. ഇത്രയും വലിയ പണിയാകുമെന്ന് പക്ഷേ പ്രതീക്ഷിച്ചതല്ല.
വികസനമില്ലായ്മയ്ക്ക് ഇങ്ങനെയൊരു പ്രശ്നപരിഹാരം പിണറായി സഖാവ് പോലും വിചാരിച്ചില്ല. ചാണ്ടി ഉമ്മൻ ഭൂരിപക്ഷം വികസിപ്പിച്ച് വികസനമില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കിക്കളഞ്ഞത് ഒട്ടും ശരിയായില്ല.
വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിൽ പ്രഥമദൃഷ്ട്യാ ഉള്ള അകൽച്ച അന്തർധാരയായി സംഭവിച്ചു എന്ന് സമാധാനിക്കാൻ മാത്രമേ ഇത്തരുണത്തിൽ സാധിക്കുന്നുള്ളൂ.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |