കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അഞ്ച് വർഷത്തെ ബാങ്കിംഗ് ഇടപാട് സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാനും കേന്ദ്ര ഏജൻസി കോൺഗ്രസ് നേതാവിനോട് ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 22-ന് ഇതേ കേസിൽ കെ സുധാകരനെ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇ ഡി നടപടിയിൽ തനിക്ക് ഒരു ഭയവുമില്ല എന്നായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഒന്നാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം ഓഗസ്റ്റ് 30ന് വീണ്ടും ഹാജരാകാൻ കെ സുധാകരനോട് ഇ ഡി നിർദേശിച്ചിരുന്നു. എന്നാൽ പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ ചുമതലകളുള്ളതായി അറിയിച്ച് സാവകാശം തേടുകയായിരുന്നു.
മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽവച്ച് സുധാകരൻ പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസണിന്റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപും മൊഴി നൽകിയിരുന്നു. എന്നാൽ ആരോപണങ്ങൾ സുധാകരൻ തള്ളി. ഇത് അടക്കമുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സുധാകരനെ ചോദ്യം ചെയ്യുന്നത്.
മോൻസൺ നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് ഇ ഡിയുടെ ഇടപെടൽ. കോടികളുടെ ഇടപാടുകളിൽ കള്ളപ്പണം, ഹവാലപ്പണം എന്നിവ ഉപയോഗിച്ചോയെന്ന് ഇ ഡി പരിശോധിക്കും. ക്രൈം ബ്രാഞ്ച് പ്രതി ചേർത്തവരെന്ന നിലയ്ക്കാണ് കെ. സുധാകരനെയും പൊലീസ് ഓഫീസർമാരെയും ചോദ്യം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |