തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എ ഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ആയുധമാക്കി പ്രതിപക്ഷം. കുണ്ടറ എം എൽ എയായ പി സി വിഷ്‌ണുനാഥാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബത്തിനും സുഹൃത്തുക്കൾക്കും അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപണമുയർത്തിയത്.
അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾ കൈവശം ഉണ്ടെന്നും അനുമതി നൽകിയാൽ സഭയിൽ അവതരിപ്പിക്കാമെന്നും വിഷ്‌ണുനാഥ് പറഞ്ഞു. മോഷ്ടിക്കാൻ എ ഐ ക്യാമറ വയ്ക്കുന്നത് കേരളത്തിലെ ആദ്യ പദ്ധതിയാണെന്നും വിഷ്‌ണുനാഥ് വിമർശിച്ചു. ഉത്തരവിന് വിരുദ്ധമായി വ്യവസായ വകുപ്പ് പദ്ധതി കെൽട്രോണിന് നൽകി എന്നും സാങ്കേതികപരമായി പരിജ്ഞാനം ഇല്ലാത്ത എസ് ആർ ഐ ടിയെ ഏൽപ്പിച്ചു എന്നും വിഷ്‌ണുനാഥ് കുറ്റപ്പെടുത്തി.
ടെണ്ടർ വ്യവസ്ഥ അനുസരിക്കാതെയാണ് കരാറും ഉപകരാറും നൽകിയതെന്നും അറുപത് ശതമാനത്തോളമായിരുന്നു നോക്കുകൂലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം മുഖ്യമന്ത്രിയുടെ മകനെതിരെ നടത്തിയ പരാമർശം ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്നും എതിർപ്പിനിടയാക്കി.ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ സഭാരേഖയിൽ നിന്നും മാറ്റണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്നായിരുന്നു സ്‌പീക്കർ നൽകിയ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |