കുമളി: വീട്ടുമുറ്റത്തെ പരിമിതമായ സ്ഥലത്ത് സമ്പൂർണ്ണ ജൈവ പച്ചക്കറി കൃഷി വിജയിപ്പിച്ച് മാതൃകയാകുകയാണ് അണക്കര ചെല്ലാർകോവിൽ വേമ്പിലാമറ്റം ബാബു സ്‌കറിയ എന്ന കർഷകൻ. പയർ ഉൾപ്പെടെയുള്ള പച്ചക്കറികൾ കീടനാശിനിയോ രാസവളമോ പ്രയോഗിക്കാതെയാണ് നൂറുമേനി വിളഞ്ഞു നിൽക്കുന്നത്. സ്വന്തം വീട്ടുമുറ്റം എങ്ങനെ വൃത്തിയായി സംരക്ഷിക്കാം എന്ന ചിന്തയിൽ നിന്നുമാണ് ബാബുസ്‌കറിയ എന്ന കർഷകന് ജൈവ പച്ചക്കറി തോട്ടം എന്ന ആശയം രൂപപ്പെട്ടത്.
അത്ര വിശാലമല്ലാത്ത വീട്ടുമുറ്റത്ത് നൂറുചുവടോളം വള്ളിപ്പയർ മികച്ച വിളവ് നൽകിയാണ് നിൽക്കുന്നത്. പയർ വിൽപ്പന നടത്തി ഭേദപ്പെട്ട വരുമാനവും ലഭിക്കുന്നുണ്ട്. വീട്ടിൽ നിന്നുള്ള ആട്ടിൻകാഷ്ഠവും പിണ്ണാക്ക് വളങ്ങളും മാത്രമാണ് പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്നത്. രാസവളങ്ങൾ കീടനാശിനിയോ ലേശം പോലും അടുപ്പിക്കാറില്ല എന്ന് ഇദ്ദേഹം പറയുന്നു. ഇതുകൂടാതെ തക്കാളി, പച്ചമുളക്, ചീര, ചാക്കുകളിൽ വളർത്തുന്ന മരച്ചീനി എന്നിവയും ഇദ്ദേഹത്തിന്റെ വീടിന് ചുറ്റും ഉണ്ട്.
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഇദ്ദേഹത്തിന് കൃഷിഭവൻ വഴി ആനുകൂല്യങ്ങൾ നൽകാൻ സാധിച്ചതായി ചക്കുപള്ളം കൃഷി ഓഫീസർ പ്രിൻസി ജോൺ പറഞ്ഞു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ തോട്ടം സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തോളമായി മുടക്കമില്ലാതെ ഇദ്ദേഹം വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി നടത്തി വരികയാണ്. ഒരിഞ്ച് സ്ഥലം പോലും പാഴാക്കാതെ എങ്ങനെ ഭക്ഷ്യ ഉത്പാദനവും വരുമാനവും കണ്ടെത്താം എന്നതിന് മികച്ച മാതൃകയാണ് ബാബുസ്‌ക്കറിയ എന്ന ഈ കർഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |