കാൺപൂർ: പണം ചോദിച്ചിട്ട് നൽകാത്തതിനെത്തുടർന്ന് ട്രെയിനിനുള്ളിൽ പാമ്പുകളെ തുറന്നുവിട്ട് പാമ്പാട്ടികൾ. സുരക്ഷിതരാണെങ്കിലും യാത്രക്കാർ പരിഭ്രാന്തിയിലായത് 30 മിനിട്ടോളം.
പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്ന് മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പുറപ്പെട്ട ചമ്പൽ എക്സ്പ്രസിന്റെ ജനറൽ കോച്ചിലായിരുന്നു സംഭവം. മുകളിലെ ബർത്തുകളിലും ടോയ്‌ലെറ്രിലുമടക്കം ഒളിച്ചിരിക്കാൻ ആളുകൾ നെട്ടോട്ടമോടിയതോടെ സംഘർഷാവസ്ഥയുമുണ്ടായി. ചിലർ മണിക്കൂറുകളോളം ടോയ്‌ലെറ്രിൽ ഒളിച്ചിരുന്നതായി യാത്രക്കാർ പറഞ്ഞു. ഉത്തർപ്രദേശിലെ ബന്ദ സ്റ്റേഷനിൽ നിന്നാണ് പാമ്പാട്ടികൾ കയറിയത്. അല്പസമയത്തിന് ശേഷം ഇവർ ഒരു പാമ്പിനെ തുറന്നുവിടുകയും കളിപ്പിക്കുകയും ചെയ്തു. പ്രകടനം അവസാനിച്ചപ്പോൾ പാമ്പാട്ടികൾ യാത്രക്കാരിൽ നിന്ന് പണം ആവശ്യപ്പെട്ടു. ചിലർ പണം നൽകുകയും ചിലർ വിസമ്മതിക്കുകയും ചെയ്തു. ഇതോടെ പണം നൽകാത്തവരുമായി പാമ്പാട്ടികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് മറ്റു പാമ്പുകളെ കൂടി തുറന്നുവിടുകയായിരുന്നു. യാത്രക്കാരിൽ ചിലർ റെയിൽവേ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു.
എന്നാൽ പാമ്പാട്ടികൾ തന്നെ പാമ്പുകളെ പിടികൂടി അടുത്ത സ്റ്റോപ്പായ മഹോബ സ്റ്റേഷനിൽ ഇറങ്ങി രക്ഷപ്പെട്ടു. ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധന നടത്തി. ഝാൻസി സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരെ മറ്രൊരു ബോഗിയിലേക്ക് മാറ്രി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും പലർക്കും പരിഭ്രാന്തി മാറിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പാമ്പാട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് കേസ് എടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടനെ ഇവരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |