തിരുവനന്തപുരം: എൻ സി ഇ ആർ ടി പാഠപുസ്‌തകങ്ങളിൽ നിന്ന് കേന്ദ്രം വെട്ടിമാറ്റിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതായുള്ള മഹാത്മാ ഗാന്ധിയുടെ വധം, മുഗൾ രാജാക്കന്മാരുടെ ഭരണകാലം, മൗലാനാ അബ്ദുൾ കലാം, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം, ഗുജറാത്ത് കലാപം, പരിണാമ സിദ്ധാന്തം തുടങ്ങിയ ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങൾ ചേർത്ത് പുതിയതായി പാഠപുസ്തകം തയ്യാറാക്കിയുണ്ട്. ഇത്തരത്തിൽ ഒരു പാഠപുസ്തകം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വ്യവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം, പഞ്ചവത്സര പദ്ധതികൾ, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങൾ, അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങൾ, അമേരിക്കൻ സാമ്രാജ്യത്വം, ദാരിദ്ര്യത്തെ സംബന്ധിച്ചവ, ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങൾ, ജാതി വ്യവസ്ഥ തുടങ്ങിയവയും കേന്ദ്രം പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൊവിഡിന്റെ പേരിൽ പഠനഭാരം കുറയ്ക്കാനെന്ന പേരിലാണ് എൻ സി ഇ ആർ ടിയുടെ നേതൃത്വത്തിൽ ആറ് മുതൽ 12 വരെയുള്ള പുസ്തകങ്ങളിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടിക്കുറച്ചത്. എന്നാൽ, ഇതിലൂടെ കേന്ദ്രം ലക്ഷ്യമിട്ടത് ചില നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് മന്ത്രി നേരത്തേ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |