കാശില്ലെങ്കിൽ പദ്ധതി
നിറുത്തിക്കൂടേയെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി പ്രധാന അദ്ധ്യാപകർ ചെലവഴിച്ച തുക എന്നു തിരിച്ചു നൽകാനാകുമെന്ന് സംസ്ഥാന സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. പദ്ധതിക്കുള്ള തുക കൂട്ടണമെന്നും മുൻകൂറായി പ്രധാന അദ്ധ്യാപകർക്ക് നൽകണമെന്നുമാവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ നിർദ്ദേശം. ഹർജി വിശദമായ വാദത്തിന് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
കാശില്ലെങ്കിൽ പദ്ധതി നിറുത്തിക്കൂടേയെന്നു വാക്കാൽ ചോദിച്ച സിംഗിൾബെഞ്ച്, കുടിശികയ്ക്ക് പലിശ നൽകണമെന്ന് ഉത്തരവിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. പദ്ധതിയുടെ ചെലവ് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നതെന്ന് ഗവൺമെന്റ് പ്ളീഡർ വിശദീകരിച്ചു. കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് തുക നൽകാൻ തടസമെന്നും വ്യക്തമാക്കി.
കുടിശികയ്ക്കു വേണ്ടി അദ്ധ്യാപകർ കേന്ദ്ര സർക്കാരിനു പിന്നാലെ പോകണമെന്നാണോ പറയുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. സ്കൂൾ ഉച്ചഭക്ഷണത്തിനു സർക്കാർ നൽകുന്നത് യഥാർത്ഥ ചെലവിന്റെ 50 ശതമാനം മാത്രമാണെന്നും ഇതുതന്നെ സമയത്തു ലഭിക്കാത്തതിനാൽ മിക്ക സ്കൂളുകളിലും പ്രധാന അദ്ധ്യാപകർക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ഉച്ചഭക്ഷണത്തിനുള്ള യഥാർത്ഥ ചെലവിന്റെ അടിസ്ഥാനത്തിൽ തുക വർദ്ധിപ്പിക്കുക, ഇത് മാസാദ്യം തന്നെ നൽകുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം ചുമതലയിൽ നിന്ന് പ്രധാന അദ്ധ്യാപകരെ ഒഴിവാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |