തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമനിധി അംഗങ്ങളുടെ പെൻഷൻ വിതരണം കഴിഞ്ഞ ഒമ്പത് മാസമായി മുടങ്ങിയെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. 2022 നവംബർ വരെയുള്ള പെൻഷനാണ് നൽകിയത്. ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതാണ് പെൻഷൻ മുടങ്ങാൻ കാരണം. 3.80 ലക്ഷം ഗുണഭോക്താക്കളുള്ള ബോർഡിൽ പ്രതിമാസ പെൻഷൻ വിതരണത്തിന് 57 കോടി രൂപയാണ് വേണ്ടിവരുന്നത്. എന്നാൽ ബോർഡിന്റെ പ്രധാന വരുമാനമായ സെസ് പിരിവിലൂടെ ഏകദേശം 30 കോടി രൂപ മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ സെസ് കളക്ഷൻ കാര്യക്ഷമമാക്കി പെൻഷൻ കുടിശ്ശിക തീർക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എസ്.എസ്.എൽ.സി പരീക്ഷ
മാന്വൽ ഉടൻ
തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാന്വൽ പ്രകാരമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. മാനുവലിന്റെ കരട് തയ്യാറായി. എം.എൽ.എമാരുടെ അഭിപ്രായമുൾപ്പെടെ തേടി വിശദമായ ചർച്ചയ്ക്ക് ശേഷം പരീക്ഷ മാന്വൽ അന്തിമാക്കും. ഹയർസെക്കൻഡറി പരീക്ഷ മാന്വൽ 2021 ജനുവരി 18ന് പുതുക്കിയ സാഹചര്യത്തിൽ പുതിയതിന്റെ ആവശ്യമില്ല. എസ്.എസ്.എൽ.സി ഫലം നേരത്തെ പ്രസിദ്ധീകരിച്ചതിലൂടെ 50 അദ്ധ്യായന ദിവസങ്ങൾ അധികമായി ലഭിച്ചു. ഇതര സംസ്ഥാനത്തും വിദേശത്തും പോയ വിദ്യാർത്ഥികൾക്ക് ഇത് ഗുണമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |