ഏഷ്യാ കപ്പ്: സൂപ്പർ ഫോറിൽ ഇന്ത്യ പാകിസ്ഥാനെ 228 റൺസിന് കീഴടക്കി
വിരാടിനും കൊഹ്‌ലിക്കും സെഞ്ച്വറി, കുൽദീപിന് അഞ്ച് വിക്കറ്റ്
പരിക്കേറ്റ് പാക് താരങ്ങളായ ഹാരീസ് റൗഫും, നസീം ഷായും ബാറ്റ് ചെയ്തില്ല
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 228 റൺസിന്റെ വമ്പൻജയം. മഴ രസംകൊല്ലയായി റിസർവ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എന്ന മികച്ച ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ പാകിസ്ഥാന്റെ വെല്ലുവിളി 32 ഓവറിൽ 128 റൺസിൽ അവസാനിക്കുകയായിരുന്നു. പരിക്കേറ്റ നസീം ഷായ്ക്കും ഹാരീസ് റൗഫിനും ബാറ്റ് ചെയ്യാനായില്ല. 5 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദാവാണ് പാക് ബാറ്റിംഗിന്റെ ആണിക്കല്ലിളക്കിയത്. ജസ്‌പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ. ഷർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതംവീഴ്ത്തി. 27 റൺസെടുത്ത ഫഖർ സമാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ. സൽമാൻ അലി ആഗ (23),ഇഫ്തികർ അഹമ്മദ് (23) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് പാക് ബാറ്റർമാർ.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ റിസർവ് ദിനമായ ഇന്നലേയും മഴയെത്തുടർന്ന് ഒരുമണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിംഗ്സിനിടെയും മഴ രസംകൊല്ലിയായെത്തി.
ഞായറാഴ്ച ഇന്ത്യ 24.1 ഓവറിൽ 147/2 എന്ന നിലയിലായിരിക്കുമ്പോഴാണ് മഴയെ തുടർന്ന് മത്സരം റിസർവ് ദിനമായ ഇന്നലത്തേയ്ക്ക് മാറ്റിവച്ചത്.ആദ്യ ദിനം ഓപ്പണർമാരായ ക്യാപ്ടൻ രോഹിത് ശർമ്മയും (56), ശുഭ്മാൻ ഗില്ലും (58) അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ഇന്നലെ സൂപ്പർ സെഞ്ച്വറികളുമായി നിറഞ്ഞാടുകയായിരുന്നു വിരാട് കൊഹ്ലിയും കെ.എൽ. രാഹുലും.
വിമർശകരുടെ വായടപ്പിച്ച പ്രകടനവുമായി രാഹുലും അന്താരാഷ്ട്ര കരിയറിലെ 77-ാം സെഞ്ച്വറിയുമായി കൊഹ്ലിയും റെക്കാഡ് കൂട്ടുകെട്ടുമായി പാക് ബൗളിംഗ് നിരയ്ക്ക് മേൽ സമ്പൂർണ ആധിപത്യമാണ് കാഴ്ചവച്ചത്. കൊഹ്‌ലി 94 പന്തിൽ 6 സിക്സും 9ഫോറുമുൾപ്പെടെ 122 റൺസ് നേടി. രാഹുൽ 106 പന്തിൽ 12 പോറും 2 സിക്സും ഉൾപ്പെടെ 111 റൺസ് എടുത്തു. പേരുകേട്ട പാക് ബൗളിംഗ് നിരയ്ക്ക് ഇന്നലെ എറിഞ്ഞ ഇരുപത്തിയാറോളം ഓവറിൽ നിന്ന് ഒരുവിക്കറ്റ് പോലും നേടാനായില്ല. അപരാജിതമായ മൂന്നാം വിക്കറ്റിൽ ഇരുവരും194 പന്തിൽ 233 റൺസ് കൂട്ടിച്ചേർത്തു. ഫഹീം അഷ്റഫ് എറിഞ്ഞ അവസാന ഓവറിൽ 18 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. അവസാന പന്തിൽ സിക്സടിച്ചാണ് കൊഹ്‌ലി ഇന്ത്യൻ ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്. 49-ാം ഓവർ എറിയുന്നതിനിടെയാണ് നസീംഷാ പരിക്കിനെത്തുടർന്ന് പവലിയനിലേക്ക് മടങ്ങിയത്.
പരിക്കേറ്റ ഹാരീസ് റൗഫിന് ഇന്നലെ ഒരോവർ പോലും ചെയ്യാനായില്ല.
ഇന്നത്തെ മത്സരം
ഇന്ത്യ-ശ്രീലങ്ക
(വൈകിട്ട് 3 മുതൽ)
ലൈവ്: സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |