സാധാരണക്കാർക്ക് ആശ്വാസമായി പച്ചക്കറി വില കുത്തനെ താഴേക്ക്. കുതിച്ചുയർന്ന തക്കാളി വില വളരെയധികം കുറഞ്ഞിട്ടുണ്ട്. ഒരു കിലോ തക്കാളിയുടെ വില 12 രൂപയാണ്. ഇഞ്ചിയും വെളുത്തുള്ളിയുമാണ് വിലയിൽ മുന്നിൽ. ഒരു കിലോ ഇഞ്ചിയ്ക്കും വെളുത്തുള്ളിയ്ക്കും 160 രൂപ വീതമാണ് വില. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയിൽ നിന്നുള്ള ഉത്പാദനം വർദ്ധിച്ചതാണ് നിലവിലെ വിലക്കുറവിന് കാരണം.
കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേയ്ക്ക് പ്രധാനമായും പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ ഇവിടെ അപ്രതീക്ഷിതമായി പെയ്ത മഴയിൽ കനത്ത കൃഷിനാശം സംഭവിച്ചതാണ് പച്ചക്കറികളുടെ വില വലിയ തോതിൽ വർദ്ധിക്കാൻ കാരണമായത്. നേരത്തെ തക്കാളിയുടെ വില കിലോയ്ക്ക് 180 രൂപവരെ ഉയർന്നിരുന്നു.
എന്നാൽ ഡിമാൻഡനുസരിച്ച് ഇഞ്ചി ലഭിക്കുന്നില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 95 ശതമാനം ഇഞ്ചിയും വിളവെടുത്തിരുന്നു. ഈ വർഷം നട്ട ഇഞ്ചി വിളവെടുപ്പിന് പാകമാകുന്നത് ഡിസംബറിലായതിനാൽ അതുവരെ ഇഞ്ചി വിലയിൽ കാര്യമായ കുറവുണ്ടാവില്ല. പച്ചക്കറി വിലയിലെ വർദ്ധനവ് ചൂണ്ടിക്കാണിച്ച് നേരത്തെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരേ സാധനത്തിന് പലയിടത്തും പല വില ഈടാക്കുന്നുവെന്ന ആക്ഷേപവും ശക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |