തിരുവനന്തപുരം: സ്പീക്കർ റൂളിംഗ് നൽകിയിട്ടും സ്പീക്കറെ പോലും അപമാനിക്കുന്ന തരത്തിലാണ് ഭരണകക്ഷി അംഗങ്ങൾ പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിരന്തരമായി സ്പീക്കർ അവഹേളിതനാകുന്ന തരത്തിലുള്ള പ്രവർത്തനമാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കിട്ടിയ അവസരത്തിലെല്ലാം സ്പീക്കറെ മോശക്കാരനാക്കാനാണ് ഭരണപക്ഷം ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മന്ത്രിമാരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തിയത്. പ്രതിപക്ഷ ഉപനേതാവിന്റെ വാക്കൗട്ട് പ്രസംഗം നടത്താനും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം അനുവദിച്ചില്ല. നിയമസഭ തല്ലിത്തകർത്തവർ മന്ത്രിമാരായി ഇരിക്കുന്ന സഭയിൽ അവരുടെയെല്ലാം നേതൃത്വത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ മന്ത്രിമാരുടെ സംഘമാണ്. പ്രതിപക്ഷത്തിന്റെ പ്രസംഗം തടസപ്പെടുത്തുന്നതും സ്പീക്കറെ അവഹേളിക്കുന്നതും പ്രതിഷേധാർഹമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ആഭ്യന്തരവകുപ്പ് ഹൈജാക്ക് ചെയ്‌തിരിക്കുന്നത്. അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മുന്നാക്ക വികസന കോർപറേഷൻ ചെയർമാനെ മാറ്റിയത് പോലും മുഖ്യമന്ത്രി അറിഞ്ഞില്ല. ഇത് അറിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് അവിടെ ഇരിക്കുന്നത്? വേറെ ആരൊക്കെയോ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ആ സംഘത്തിന്റെ കയ്യിലാണ് ആഭ്യന്തരവകുപ്പ്. ഈ സംഘമാണ് ഐ.ജി വിജയനെ സസ്‌പെൻഡ് ചെയ്യിപ്പിച്ചത്. മാദ്ധ്യമ പ്രവർത്തകർക്കെതിരെയും രാഷ്ട്രീയ എതിരാളികൾക്കെതിരെയും കേസെടുക്കുന്നതും ഈ സംഘമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |