ചോറ്റാനിക്കര: എടയ്ക്കാട്ടുവയൽ കാനായിക്കോട് ഗവ. എൽ.പി സ്‌കൂളിലെ ഉച്ചഭക്ഷണത്തെ ചൊല്ലി സമൂഹമാദ്ധ്യമത്തിൽ സുഹൃത്തുക്കൾ നടത്തിയ ചർച്ച ഒടുവിൽ പൊലീസ് സ്റ്റേഷൻ കയറി. കുട്ടികളെ നിരത്തി പ്രതിഷേധിച്ച പി.ടി.എ, സ്വന്തം നടപടി വിവാദമാകുമെന്നായപ്പോൾ പരാതി പിൻവലിച്ച് തടിയൂരി.
ഉച്ചഭക്ഷണത്തിലെ സാമ്പാറിൽ കഷണങ്ങൾ ഇല്ലെന്നും ഇതിലും പോഷക സമൃദ്ധം മുമ്പു നൽകിയ കഞ്ഞിയും പയറുമായിരുന്നുവെന്ന വെള്ളക്കാട്ട് തടം സ്വദേശിയുടെ കമന്റാണ് പ്രശ്നത്തിന് തുടക്കത്തിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട പി.ടി.എ, കമന്റ് ഇട്ട 'സാമൂഹ്യ ദ്രോഹി'യെ ഒറ്റപ്പെടുത്തണമെന്ന് പോസ്റ്റ് ഇടുകയും സ്‌കൂൾ മുറ്റത്ത് കുട്ടികളെ നിരത്തി പ്രതിഷേധിക്കുകയും ചെയ്തു.
കുട്ടികൾക്ക് മൂന്ന് തരം കറികൾ കൂട്ടിയാണ് ഉച്ചഭക്ഷണം വിളമ്പുന്നത് എന്നായിരുന്നു പി.ടി.എയുടെ വാദം. തുടർന്ന് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
കമന്റിട്ടയാളെ വിളിച്ചുവരുത്തിയ എസ്.എച്ച്.ഒ കാര്യങ്ങൾ തിരക്കിയപ്പോൾ, കമന്റ് ഇട്ടത് തെറ്റാണെന്നും ബോദ്ധ്യപ്പെട്ടതിനാൽ 10 മിനിറ്റിനുള്ളിൽ കമന്റ് ഡിലീറ്റ് ചെയ്‌തെന്നും കമന്റ് സ്‌ക്രീൻഷോട്ട് എടുത്ത് നാടുമുഴുവൻ പ്രചരിപ്പിച്ചത് പി.ടി.എ ആണെന്നും ധരിപ്പിച്ചു. ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഇതിന്റെ പേരിൽ തന്റെ ഉപജീവനമാർഗമായ കച്ചവടം ഇല്ലാതാക്കാൻ ശ്രമിച്ചെന്നും ഇയാൾ അറിയിച്ചു.
മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കാമെന്ന് പി.ടി.എ അറിയിച്ചെങ്കിലും ഇയാൾ തയ്യാറായില്ല. കുട്ടികളെ മണിക്കൂറുകളോളം മഴ നനയിച്ചു സമരം നടത്തുകയും എൽ.പി സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച നടത്തിയ സമരത്തിന്റെ ചിത്രം പത്രത്തിൽ നൽകുകയും ചെയ്ത പി.ടി.എ ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വാദിച്ചു. തർക്കം ഉയർന്നപ്പോൾ അപകടം മണത്ത പി.ടി.എ പരാതി പിൻവലിച്ചു പിൻവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |