150 യാത്രക്കാർ
നടന്നത് അര കി.മീ
ന്യൂഡൽഹി: ഭൂഗർഭ സ്റ്റേഷനിലേക്കുള്ള ടണലിൽ വൈദ്യുതി നിലച്ച് ഡൽഹി മെട്രോ ട്രെയിൻ നിന്നു. 10 മിനിട്ട് നോക്കിയിട്ടും രക്ഷയില്ല. തുടർന്ന് എമർജൻസി വാതിലിലൂടെ യാത്രക്കാരെ ഇറക്കി. അര കിലോമീറ്റർ ടണലിലൂടെ നടത്തി പുറത്തെത്തിച്ചു. ആറ് ബോഗികളിലായി 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇന്നലെ രാവിലെ 9.30ന് നോയിഡ സിറ്റി-ദ്വാരക സെക്‌ടർ 21 ബ്ളൂ ലൈൻ റൂട്ടിലാണ് സംഭവം. ബ്ളൂലൈനിന്റെ ഭൂമിക്കടിയിലുള്ള സ്റ്റേഷനിലേക്കെത്താൻ ഒരു കിലോമീറ്റർ നീളമുള്ള ടണലാണ്. ഇതിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ ട്രെയിൻ നിൽക്കുകയായിരുന്നു. ബാറ്ററി സഹായത്തോടെ ബോഗികളിൽ എ.സിയും ലൈറ്റും ഓണാക്കി.
സാങ്കേതിക തകരാറാണെന്നും ഉടൻ പരിഹരിക്കുമെന്നും അറിയിപ്പ് വന്നതായി ട്രെയിനിലുണ്ടായിരുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സെബി മാത്യു പറഞ്ഞു. വൈദ്യുതി നിലയ്‌ക്കുന്നത് പതിവായതിനാൽ യാത്രക്കാർ കാത്തിരുന്നു. എന്നാൽ, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ വൈകിയതോടെ പുറത്തിറക്കുകയായിരുന്നു. ബാറ്ററി ചാർജും വൈകാതെ തീരുമെന്നു മനസ്സിലാക്കി വനിതാ ലോക്കോ പൈലറ്റാണ് അവസരോചിതമായി ഇടപെട്ടത്. ഇവരെ യാത്രക്കാർ അഭിനന്ദിച്ചു.
ടോർച്ച് തെളിച്ച്
സ്റ്റേഷനിലേക്ക്
ട്രെയിൻ നിന്ന് പത്തു മിനിട്ടായപ്പോൾ ലോക്കോ പൈലറ്റിന്റെ അനൗൺസ്‌മെന്റ് : 15 മിനിട്ട് പ്രവർത്തിപ്പിക്കാനുള്ള ബാറ്ററിയേ ഉള്ളൂ. എമർജൻസി വാതിൽ വഴി പുറത്തിറക്കുകയാണ്. പരിഭ്രമിക്കരുത്
പിന്നാലെ മുഴുവൻ യാത്രക്കാരോടും മുന്നിലെ ബോഗിയിലെത്താൻ നിർദ്ദേശിച്ചു. വിൻഡ് ഷീൽഡുള്ള ഭാഗത്ത് ഘടിപ്പിച്ച എമൻജൻസി വാതിൽ തുറന്ന് എല്ലാവരെയും പുറത്ത് ട്രാക്കിലിറക്കി.
വൈദ്യുതി നിലച്ചതിനാൽ ടണലിൽ കൂരിരുട്ടായിരുന്നു. ജീവനക്കാർ ടോർച്ച് തെളിച്ച് യാത്രക്കാരെ മുന്നോട്ട് നയിച്ചു. അര മണിക്കൂർ കഴിഞ്ഞാണ് ഗതാഗതം പുന:സ്ഥാപിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |