കൊച്ചി: ഒരു വ്യക്തി സ്വകാര്യമായി മൊബൈലിൽ അശ്ളീല ചിത്രങ്ങളും വീഡിയോയും കാണുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി. എന്നാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നതും ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 292 പ്രകാരം കുറ്റകരമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
മൊബൈലിൽ അശ്ളീല ദൃശ്യം കണ്ടെന്നാരോപിച്ച് അങ്കമാലി കറുകുറ്റി സ്വദേശിക്കെതിരെ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലായ് 11നു രാത്രി ആലുവ പാലസിനു സമീപം റോഡരികിൽ നിൽക്കെ മൊബൈലിൽ അശ്ളീല വീഡിയോ കണ്ടെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇതിനെതിരെയായാണ് ഹർജി. ഹർജിക്കാരൻ കുറ്റം സമ്മതിച്ചാൽ തന്നെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 292 പ്രകാരം രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ല. കേസിൽ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർ നടപടികളും റദ്ദാക്കി.
അശ്ളീല സാഹിത്യം നൂറ്റാണ്ടുകളായി നിലവിലുണ്ട്. ഡിജിറ്റൽ യുഗത്തിൽ ഇവ വിരൽത്തുമ്പിലെത്തുന്ന സ്ഥിതിയുണ്ട്. ഒരാൾ സ്വകാര്യമായി അശ്ളീല ദൃശ്യങ്ങൾ കാണുന്നതിൽ ഇടപെടുന്നത് അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കുട്ടിക്ക് മൊബൈൽ വേണ്ട; ഇഷ്ട ഭക്ഷണം നൽകൂ
കുട്ടികൾ ഇത്തരം ദൃശ്യങ്ങൾ കാണുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. കുട്ടികൾക്ക് മൊബൈൽ ഫോൺ സമ്മാനമായി നൽകി സന്തോഷിപ്പിക്കരുത്. പകരം രുചികരമായ ഭക്ഷണം തയ്യാറാക്കി നൽകണം. ക്രിക്കറ്റ്, ഫുട്ബാൾ തുടങ്ങിയ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കണം. അങ്ങനെ നാളത്തെ മികച്ച പൗരന്മാരായി വളർത്തണം. കളിക്കളങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന കുട്ടികൾ അമ്മയുണ്ടാക്കുന്ന രുചികരമായ ഭക്ഷണം ആസ്വദിക്കട്ടെ. കുട്ടികൾക്ക് ഫോൺ നൽകി അവരുടെ വഴിക്കു വിട്ടശേഷം രക്ഷിതാക്കൾ തങ്ങളുടെ ജോലിയിലേക്ക് തിരിയുന്നതിലെ അപകടം മനസിലാക്കണം. യാതൊരു മേൽനോട്ടവുമില്ലാതെ കുട്ടികൾ ഫോൺ ഉപയോഗിക്കാൻ അനുവദിക്കരുത്. ഈ ചിന്തകൾ രക്ഷിതാക്കളുടെ തീരുമാനത്തിനു വിടുകയാണെന്നും ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |