തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിന്റെ നിർദ്ദേശം അവഗണിച്ച് മന്ത്രിമാരടക്കമുള്ള ഭരണപക്ഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗം തടസപ്പെടുത്തിയത് ഇന്നലെ നിയമസഭയെ ബഹളത്തിൽ മുക്കി.
ആലുവയിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിനെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവേ, പൊലീസിനെ വിമർശിച്ച് സതീശൻ പ്രസംഗിച്ചപ്പോഴാണ് മന്ത്രിമാരടക്കം ബഹളവുമായി എഴുന്നേറ്റത്. പ്രതിപക്ഷം സ്പീക്കർക്ക് മുന്നിലെത്തി പ്രതിഷേധിച്ച ശേഷമാണ് സതീശന് പ്രസംഗം തുടരാനായത്. കോൺഗ്രസ് അംഗങ്ങൾ വൗക്കൗട്ട് നടത്തിയതിന് പിന്നാലെ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ മന്ത്രി ജെ.ചിഞ്ചുറാണി, സതീശന്റെ പ്രസംഗത്തിൽ വിശദീകരണം നൽകാൻ തുടങ്ങി. ഇതോടെ, കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് തിരിച്ചെത്തി ബഹളമുണ്ടാക്കി.
ഇതിനിടെ, ബഹളം വച്ച മന്ത്രി വി.ശിവൻകുട്ടിയോട് സ്പീക്കർ ക്ഷുഭിതനായി. ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായി. മന്ത്രി വാക്കൗട്ടിന് ശേഷം സംസാരിച്ചാൽ മതിയെന്നും, ചെറിയ കാര്യങ്ങൾക്ക് ഇത്ര വാശിയെന്തിനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. തന്റെ പ്രസംഗം വേണ്ടെന്നു വച്ച് മന്ത്രിക്ക് സമയം കൊടുക്കണോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചതോടെ, പ്രതിപക്ഷത്തും ബഹളം കനത്തു. വാക്കൗട്ട് നടത്തിയവർ സഭയിൽ നിന്ന് പോകണമെന്ന് സ്പീക്കർ ആവർത്തിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. പലവട്ടം നിർദ്ദേശിച്ചിട്ടും സീറ്റുകളിലേക്ക് മടങ്ങാതിരുന്നതോടെ ഭരണപക്ഷത്തോട് സ്പീക്കർ രോഷാകുലനായി. മന്ത്രിക്ക് സംസാരിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞിട്ടും കേൾക്കാത്തതെന്തെന്ന് സ്പീക്കർ ചോദിച്ചു.. പ്രതിപക്ഷ ബഹിഷ്‌കരണത്തിനു ശേഷം പറഞ്ഞാൽ ആരുമുണ്ടാവില്ലെന്നായിരുന്നു മന്ത്രിമാരുടെ ന്യായീകരണം. ഇതോടെ, മന്ത്രി ചിഞ്ചുറാണിക്ക് സംസാരിക്കാൻ സ്പീക്കർ അവസരം നൽകി. ഇതിൽ പ്രതിഷേധിച്ച് കുഞ്ഞാലിക്കുട്ടി പ്രസംഗം ബഹിഷ്കരിച്ചു. ലീഗിലെയും മറ്റ് കക്ഷികളിലെയും അംഗങ്ങളും സഭ ബഹിഷ്കരിച്ചു.
നേരത്തേ, പുതുപ്പള്ളിയിലെ സതിഅമ്മയെ പിരിച്ചുവിട്ടെന്ന വി.ഡി.സതീശന്റെ ആരോപണം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ചിഞ്ചുറാണി എഴുന്നേറ്റതോടെയാണ് മന്ത്രിമാരുടെ കൂട്ട പ്രകോപനത്തിനു തുടക്കമായത്. മന്ത്രിക്കു പിന്നീടു സമയം നൽകാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും ഭരണപക്ഷം ചെവിക്കൊണ്ടില്ല. മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, ആന്റണി രാജു, വി. ശിവൻകുട്ടി, പി. രാജീവ് തുടങ്ങിയവരും ഭരണപക്ഷത്തെ വി. ജോയി അടക്കമുള്ള അംഗങ്ങളും എഴുന്നേറ്റു നടുത്തളത്തിനു തൊട്ടടുത്തു വരെയെത്തി. ഇതോടെ പ്രതിപക്ഷ നേതാവ് പ്രസംഗം അവസാനിപ്പിച്ചു. മന്ത്രിമാർ സീറ്റിലിരിക്കണമെന്ന് സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇതോടെ പ്രതിപക്ഷവും മുദ്രാവാക്യം മുഴക്കി നടുത്തളത്തിലെത്തി. പരസ്പരം വിരൽ ചൂണ്ടിയുള്ള പോർ വിളികളുയർന്നു. ഏറെ പണിപ്പെട്ടാണ് സ്പീക്കർ അംഗങ്ങളെ ശാന്തരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |