കൊല്ലം: ചിത്രരചനയിൽ ആരെയും അമ്പരപ്പിക്കുന്ന കൈവേഗവും വൈഭവവുമായി ഗോപിക കണ്ണൻ എന്ന കൊച്ചു മിടുക്കി നേടിയത് 500ൽ ഏറെ പുരസ്‌കാരങ്ങൾ. ഗോപികയുടെ വടക്കേവിള ശ്രീവിലാസം നഗറിൽ നാരായണ മന്ദിരം വീടിന്ന് പുരസ്‌കാരങ്ങളുടെ കൂടാരമാണ്. കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയായ ഗോപിക പ്രായഭേദമെന്യേ മത്സരാർഥികളോട് മത്സരിച്ചാണ് ഇത്രയും പുരസ്കാരങ്ങൾ വാരിക്കൂട്ടിയത്. സംസ്ഥാന -ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ വരെ ഈ കൂട്ടത്തിലുണ്ട്. ഓരോവരയിലും തന്റേതായ ശൈലി രൂപപ്പെടുത്തിയെടുക്കാൻ ഇതിനോടകം ഗോപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നഗരത്തിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണന്റെയും സാരി ഡിസൈനറായ മഞ്ജുവിന്റെയും മകളാണ് ഗോപിക കണ്ണൻ. എല്ലാ വിധ പിന്തുണയുമായി കലാകാരിയും പോണ്ടിച്ചേരിയിൽ സോഷ്യോളജി രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ സഹോദരി മീനാക്ഷി കണ്ണനും ഒപ്പമുണ്ട്.
ചുമരുകൾ ക്യാൻവാസാക്കി തുടക്കം
നാലാം വയസിൽ വീടിന്റെ ചുമരുകൾ ക്യാൻവാസാക്കിയാണ് ഗോപിക വരച്ചു തുടങ്ങിയത് എൽ.കെ.ജി യിൽ പഠിക്കുന്ന സമയത്ത് ഗോപിക വരച്ച ചിത്രം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും അദ്ധ്യാപകർ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. ഇതാണ് ചിത്ര രചനാ മത്സരങ്ങളിലേക്ക് ഗോപികയെ പങ്കെടുപ്പിക്കാൻ കിട്ടിയ ധൈര്യത്തിന് പിന്നിലെന്ന് മാതാവ് മഞ്ജു പറഞ്ഞു. ആദ്യ മത്സരത്തിൽ തന്നെ ഒന്നാംസ്ഥാനം നേടിയതോടെ ചിത്രരചനമത്സരത്തിൽ ഗോപികയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചിത്ര രചനയക്ക് പുറമേ നൃത്തത്തിലും സംഗീതത്തിലും അഭിനയത്തിലും ഗോപിക തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‌കൂൾ കലോത്സവം ചിത്രരചനയിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി വിപുലമായൊരു പ്രദർശനം നടത്താനുള്ള തയാറെടുപ്പിലാണ് ഗോപിക.
ചിത്രങ്ങൾക്ക് ആവശ്യക്കാരേറെ
ഗോപികയുടെ ചിത്രങ്ങളുടെ പ്രത്യേകത തിരിച്ചറിഞ്ഞ് ആവശ്യക്കാരും ഏറെയെത്തി. ഹോട്ടലുകൾ, സ്ഥാപനങ്ങൾ, കലണ്ടറുകൾ എന്നിങ്ങനെ നിരവധി ഇടങ്ങളിൽ ഗോപികയുടെ ചിത്രങ്ങൾ ഇടംപിടിച്ചു. ജി.എസ്.ടി വകുപ്പിന്റെ മാസികയിലെ മുഖചിത്രവും ഗോപികയുടെ സൃഷ്ടികളിലൊന്നാണ്. 2019ൽ ഫൈൻആർട്സ് കോളജിലെ കുട്ടികൾക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ ചിത്ര രചനയിൽ തന്നേക്കാൾ പ്രായമായവരെ പിന്തള്ളിയാണ് ഗോപിക ഒന്നാംസ്ഥാനം നേടിയത്. ലാന്റ് സ്‌കേപ്പ് ചിത്രങ്ങളാണ് ഏറെ പ്രിയം.
അഭിനന്ദിച്ച് പ്രമുഖർ
അക്രിലിക് , ജലഛായം, പെൻസിൽ ഡ്രോയിംഗ് തുടങ്ങി ഏത് വിഭാഗവും ഈ കൊച്ചുകലാകാരിക്ക് വഴങ്ങും. കേരള ലളിതകല അക്കാദമി ഈ വർഷം സംഘടിപ്പിച്ച കുട്ടികളുടെ സംസ്ഥാനതല ചിത്രപ്രദർശനത്തിലേക്ക് ഗോപികയുടെ 'എ വില്ലേജ് ലൈഫ്' എന്ന ജലഛായ ചിത്രം തിരഞ്ഞെടുത്തിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, അടൂർഗോപാലകൃഷ്ണൻ, എം. മുകുന്ദൻ, കാനായി കുഞ്ഞിരാമൻ, നടൻജയസൂര്യ തുടങ്ങിയ പ്രമുഖരെല്ലാം ഗോപികയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |