കോഴിക്കോട്: നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചയിടങ്ങളിലെ കോളേജുകളിലെ പരീക്ഷകൾ മാറ്റി. കാലിക്കറ്റ് സർവകലാശാലയാണ് പരീക്ഷ മാറ്റിയതായി അറിയിച്ചത്. കണ്ടെയ്‌ൻമെന്റ് സോണിലെ താമസക്കാരായ കുട്ടികൾ ആരോഗ്യവകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കിയാൽ പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
അതേസമയം നിപ സ്ഥിരീകരിച്ചവരുമായി സമ്പർക്കമില്ലാത്ത ഒരാൾ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ പനിയും അപസ്‌മാരവുമായി നിരീക്ഷണത്തിലുണ്ട്. ഇയാളുടെ സ്രവം പരിശോധനയ്‌ക്ക് അയച്ചു. തുടർന്ന് കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് ജില്ലയിൽ 10 ദിവസം പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. സമ്പർക്കപട്ടികയിലുള്ളവരുടെ എണ്ണം 789 ആയതായി കോഴിക്കോട് കളക്‌ടർ എ.ഗീത അറിയിച്ചു. ഇന്ന് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരുടെ സാമ്പിൾ പൂനെയിലേക്ക് അയച്ചു. ഇന്ന് 11 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.
മരുതോങ്കരയിൽ വീട്ടിൽ ഐസൊലേഷനിലുള്ള മൂന്നുപേർക്ക് പനിയുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 13 പേർ നിരീക്ഷണത്തിലുണ്ടെന്നും കളക്‌ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |