തിരുവനന്തപുരം: പുതുപ്പള്ളി ജനവിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരം തുടങ്ങാൻ യു.ഡി.എഫ് യോഗ തീരുമാനം.
സർക്കാരിനെതിരെ യു.ഡി.എഫ് ഉന്നയിച്ച അഴിമതിയാരോപണങ്ങൾ ശരിയാണെന്ന് പുതുപ്പള്ളി ഫലം വ്യക്തമാക്കുന്നു. ഒക്‌ടോബർ 10 മുതൽ 15 വരെ എല്ലാ പഞ്ചായത്തിലും മുഖ്യമന്ത്രിയുടെ രാജി, വിലക്കയറ്റം, അഴിമതി തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് പ്രവർത്തകർ പദയാത്ര നടത്തും. ഓരോ പഞ്ചായത്തിലും 12 വോളണ്ടിയർമാർ പങ്കെടുക്കും. ഒക്‌ടോബർ 18ന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 50,000 പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് മാർച്ചും ഉപരോധവും സംഘടിപ്പിക്കുമെന്നും കൺവീനർ എം.എം.ഹസൻ അറിയിച്ചു.
സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടന്നതായി സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമായ സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ യു.ഡി.എഫ് നിയമ നടപടികൾ സ്വീകരിക്കും. തെരുവിൽ ശക്തമായ പ്രക്ഷോഭവും നടത്തും. മുഖ്യമന്ത്രിയും ഗണേശ് കുമാറും ഉൾപ്പെടെയുള്ളവർ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് വ്യക്തമായി. സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തി എൽ.ഡി.എഫിൽ ചേക്കേറിയ വഞ്ചകനാണ് ഗണേശ് കുമാർ. ഗണേശിനെ യു.ഡി.എഫിൽ എടുക്കില്ലെന്നും ഹസൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |