തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രത്തിന് നിവേദനം നൽകാൻ യു.ഡി.എഫ്. എം.പി.മാർ സഹകരിക്കാതിരുന്നതിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം.
സംസ്ഥാനത്തെ 18 യു.ഡി.എഫ് എം.പി.മാരും പാഴാണെന്നും, അവർക്ക് സംസ്ഥാനത്തിന്റെ കാര്യത്തിൽ ഒരു താത്പര്യവുമില്ലെന്നും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരനെക്കാൾ ആവേശത്തോടെയാണ് യു.ഡി.എഫ് എം.പിമാർ കേന്ദ്ര സർക്കാരിന് വേണ്ടി സംസാരിക്കുന്നത്. മണിപ്പൂരിലെ ലഹള ചർച്ച ചെയ്യുന്നതിനിടെ, ബെന്നി ബഹനാൻ ലോകസഭയിൽ തിരക്കിട്ട് ഉന്നയിച്ചത് കേരളത്തിലെ പൊലീസിന്റെ കെടുകാര്യസ്ഥതയാണ്. അതാരെ സംരക്ഷിക്കാനാണ്?. രമേശ് ചെന്നിത്തല ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് അറിയുന്നത്. അപ്പോഴെങ്കിലും ഈ സമീപനം മാറണമെന്ന് മന്ത്രി പരിഹസിച്ചു.
നിയമസഭയിൽ എം.പിമാരെ അവഹേളിക്കുന്നത് ശരിയല്ലെന്നും,അത് രേഖയിൽ നിന്ന് നീക്കം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതിനാൽ എം.പിമാരെ മോശമാക്കാനുള്ള ഗൂഢനീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, രേഖയിൽ നിന്ന് നീക്കണമെന്ന ആവശ്യം സ്പീക്കർ തള്ളി.
കേരളത്തിന്റെ ആവശ്യം സംസാരിക്കാൻ വിളിച്ച യോഗത്തിൽ പങ്കെടുത്തെങ്കിലും നിവേദനത്തിൽ ഒപ്പിടാനോ,കേന്ദ്ര ധനമന്ത്രിയെ കാണാനോ യു.ഡി.എഫ്.എം.പിമാർ വന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് എം.പിമാരുടെ കുഴപ്പമല്ല,കോൺഗ്രസ് നയമാണത്. നേരത്തെ സഹകരണമേഖലയിലെ വഴി വിട്ട കേന്ദ്ര ഇടപെടലിനെതിരെ സമരം ചെയ്യാൻ വിളിച്ചപ്പോൾ സഹകരിക്കാൻ തയ്യാറായ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീട് പിൻമാറിയത് പാർട്ടി പറഞ്ഞിട്ടാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിളിക്കേണ്ടത് പോലെ വിളിക്കാതിരുന്നിട്ടാണ് എം.പിമാർ വരാതിരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇലയിട്ട് വിളിക്കാൻ ഇത് കല്ല്യാണസദ്യയല്ലെന്ന് ധനമന്ത്രി തിരിച്ചടിച്ചു. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോൾ എം.പിമാരെ ഏകോപിപ്പിക്കാൻ പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തുന്ന പതിവുണ്ടായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എന്നാൽ അത്തരം അഭിപ്രായം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹിയിൽ പോകുന്ന ധനമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ എം.പിമാരെ അവഹേളിക്കുന്നതാണ് പ്രശ്നമെന്ന് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷ എം.പിമാരെ കാണുന്ന പതിവ് നേരത്തെയുമില്ലെന്ന് വ്യവസായമന്ത്രി പി.രാജീവ് മറുപടി നൽകി. ഭരണപക്ഷത്തുനിന്ന് സംസാരിച്ച വി.ജോയി,കടകംപള്ളി സുരേന്ദ്രൻ,പി.എസ്.സുപാൽ, എം.രാജഗോപാൽ, ജോബ് മൈക്കിൾ, കെ.വി. സുമേഷ് തുടങ്ങിയവരും എം.പിമാരെ വിമർശിച്ചു.യു.ഡി.എഫ് എം.പി മാരുടെ ചെയ്തികൾ പൊതുസമക്ഷത്തിൽ തുറന്ന് കാട്ടപ്പെട്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ ഉത്തരം മുട്ടുമ്പോൾ എം.പിമാരെ കുറ്റപ്പെടുത്തി രക്ഷപ്പെടാനുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |