പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിന്റെ ഈ വർഷത്തെ മികച്ചവിദ്യാർത്ഥി കർഷകനുള്ള അവാർഡ് നേട്ടത്തിന്റെ നിറവിലാണ് എട്ടാം ക്ലാസുകാരനായ ബനഡിക്ട്. ചിത്രകലയിൽ സംസ്ഥാന അവാർഡുനേടിയ ബനഡിക്ട് ബഹുമുഖപ്രതിഭയാണ്. പഞ്ചായത്ത് രണ്ടാംവാർഡായ താന്നിപ്പുഴയിലെ വീട്ടുപരിസരത്താണ് ബനഡിക്ട് പച്ചക്കറി കൃഷി ചെയ്യുന്നത്.
പ്ളാവ്, മാവ്, ചാമ്പ, പുളി, വാഴ, വഴുതനങ്ങ, ചീനി, മത്തൻ, പടവലം, വെണ്ട, കറിവേപ്പ്, പാവൽ, പേരയ്ക്ക, പാഷൻഫ്രൂട്ട്, തക്കാളി, കറ്റാർവാഴ, കുരുമുളക് ചെടി, കപ്പ, പനി നീർക്കൂക്ക... ബെനഡിക്ടിന്റെ കൃഷിയിടത്തിൽ ഇല്ലാത്തതൊന്നുമില്ലെന്ന് പറയാം.
നാലാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ കൃഷിയോട് താത്പര്യം പ്രകടിപ്പിച്ചുതുടങ്ങിയ ബെനഡിക്ട് വീട്ടുപറമ്പിൽ കൃഷിത്തോട്ടം വിപുലമാക്കുകയായിരുന്നു. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ അവാർഡ് നൽകി അനുമോദിച്ചിട്ടുണ്ട്. പ്രദീപ് വേലായുധൻ സംവിധാനം ചെയ്ത ഒരു കടന്നൽ കഥ എന്ന ചിത്രത്തിൽ ഇടുക്കി ജാഫറിന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ച ബെനഡിക്ട് വെള്ളിത്തിരയിലും അരങ്ങേറി.
പൊതുപ്രവർത്തകനായ താന്നിപ്പുഴ പോൾ വർഗീസിന്റെയും താന്നിപ്പുഴ അനിത വിദ്യാലയത്തിലെ പ്രധാന കായികാദ്ധ്യാപിക ഷീന പോളിന്റെയും മ കനാണ്. കാലടി ചെങ്ങൽ ജ്ഞാനോദയ സെൻട്രൽ സ്കൂളിലാണ് ഈ മിടുമിടുക്കൻ പഠിക്കുന്നത്. ബെനഡിക്ടിന് പ്രോത്സാഹനവുമായി സഹപാഠികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹ്യപ്രവർത്തകർ, കർഷകർ, നാട്ടുകാർ തുടങ്ങിയവർ ഒപ്പമുണ്ട്.
സഹോദരി അപർണ ലിസപോളും ബഹുമുഖപ്രതിഭയാണ്. കരാട്ടെയിൽ ബ്ളാക്ക് ബെൽറ്റായ അപർണ ആർച്ചറി, വയലിൻ എന്നിവയും അഭ്യസിക്കുന്നു. ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുനേടി റെക്കാഡ് ഭൂരിപക്ഷത്തിലാണ് അപർണ വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |