തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വേണ്ടെന്ന് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ല. തന്റെ പിതാവിനെ ഉപദ്രവിച്ചവരോടുള്ള തന്റെ നയം അനുരഞ്ജനമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
കോൺഗ്രസ് നേതാക്കൾക്കെതിരേ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചുള്ള സോളാർ വിവാദ നായികയുടെ കത്ത് ദല്ലാൾ നന്ദകുമാർ സ്വകാര്യ ചാനലിന് കൈമാറിയത് സി പി എം നേതാക്കളുടെ സമ്മർദ്ദത്തിലാണെന്ന സി ബി ഐ റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ചാണ്ടിയുടെ പ്രതികരണം. ഉമ്മൻചാണ്ടിക്കെതിരേ നേരിട്ടുള്ള തെളിവോ, സാഹചര്യത്തെളിവോ അന്വേഷണത്തിൽ കണ്ടെത്താനായില്ല. സാമ്പത്തിക ഇടപാടുകൾക്കും തട്ടിപ്പിനും തെളിവില്ല. അതിനാൽ കേസ് അവസാനിപ്പിക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈ.എസ്.പി ആർ.എസ്.ഷെഖാവത്ത്, ഇൻസ്പെക്ടർ നിപുൺ ശങ്കർ എന്നിവർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
യു ഡി എഫ് സർക്കാരിലെ രണ്ട് ആഭ്യന്തര മന്ത്രിമാർ മുഖ്യമന്ത്രിയാകാൻ ശ്രമിച്ചതിന്റെ ഫലമായാണ് ഉമ്മൻ ചാണ്ടി തേജോവധത്തിന് ഇരയായതെന്ന് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന സോളാർ പരാതിക്കാരിയുടെ കത്ത് പുറത്താകണമെന്നും, പാർട്ടിയിൽ കലാപമാകണമെന്നും മുഖ്യമന്ത്രിയാകാൻ ശ്രമിച്ച കോൺഗ്രസിലെ രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ ആഗ്രഹിച്ചിരുന്നതായും നന്ദകുമാർ പറഞ്ഞു. ഇതിനെക്കുറിച്ചും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സി ബി ഐ റിപ്പോർട്ടിൽ ഇനിയൊരു അന്വേഷണവും വേണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. 'കഴിഞ്ഞത് കഴിഞ്ഞു, പൊതുപണത്തിൽ നിന്ന് കോടികൾ മുടക്കി ഇനിയൊരു അന്വേഷണവും വേണ്ട. ടി ജി നന്ദകുമാറിന്റെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല. കോൺഗ്രസിൽ നിന്ന് അങ്ങനെയാരും ചെയ്യുമെന്ന് കരുതുന്നില്ല. കോൺഗ്രസിലും മുന്നണിയിലും ഭിന്നത ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സത്യപ്രതിജ്ഞാ ദിനത്തിൽ സോളാർ വിഷയത്തിൽ അടിയന്തരപ്രമേയം കൊണ്ടുവന്നത് ആദരവായി കാണുന്നു'- ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |