സീൻ 1
എട്ടാം ക്ളാസിൽ പഠിക്കുന്ന സമയം. പാലക്കാട് കൊല്ലങ്കോട് ഉദയ വായനശാലയുടെ വിഷക്കാറ്റ് നാടകത്തിൽ ബാലനടനായി അഭിനയിക്കുകയാണ്. അപ്പോൾ, നാടകം ഉദ്ഘാടനം ചെയ്യാൻ എത്തിയത് മധു സാർ. ജീവിതത്തിൽ ആദ്യമായി കാണുന്ന സിനിമാനടൻ. ഒപ്പം നിന്നു ഫോട്ടോയെടുക്കാൻ അവസരം ലഭിച്ചപ്പോൾ ഞാൻ മധുസാറിനോട് ചേർന്നുനിന്നു. അപ്പോൾ ഒന്നു തൊട്ടു നോക്കാൻ തോന്നി. ഞാൻ മധുസാറിനെ തൊട്ടു.
സീൻ 2
സിനിമ സ്വപ്നവുമായി മദ്രാസിൽ ആദ്യമായി ചെന്നിറങ്ങിയ ദിവസം. മലയാള സിനിമകൾ പ്രദർശിപ്പിക്കുന്ന എൽഫിൻസൺ തിയേറ്ററിൽ മധുസാർ ആദ്യമായി സംവിധാനം ചെയ്യുന്ന പ്രിയ റിലീസ് ചെയ്ത ദിവസമായിരുന്നു അന്ന്. ആദ്യ ഷോ തന്നെ കണ്ടു. മദ്രാസിൽ കാണുന്ന ആദ്യ മലയാള സിനിമ. നായകനായി അഭിനയിക്കുന്ന മധുസാറിനെ പ്രതിനായകനായി കണ്ടു.നായക നടന് എങ്ങനെ വില്ലനാവാൻ കഴിയും എന്നാലോചിച്ചു.
സീൻ 3
പി. ഭാസ്കരന്റെ ശിഷ്യനായി എന്റെ ആദ്യ സിനിമ ഉമ്മാച്ചു .ആ സിനിമയിൽ മായൻ എന്ന കഥാപാത്രമായി മധുസാർ. ആദ്യമായാണ് സിനിമയുടെ ഷൂട്ടിംഗ് കാണുന്നത്. ആദ്യമായി ക്ളാപ്പ് അടിക്കുന്നത് മധുസാറിന്റെ മുഖത്താണ്. എല്ലാം ഒരു നിമിത്തംപോലെ, മുൻപിൽ മധു എന്ന മഹാനായ നടൻ. ഉമ്മാച്ചുവിന്റെ ലൊക്കേഷനിൽ എന്നെ തിരിച്ചറിഞ്ഞു. 'കൊച്ചുപയ്യൻ". എന്താ ഉദ്ദേശം ? പഠിച്ചുകൂടെ ... മധുസാർ ചോദിച്ചു.
സീൻ 4
സംവിധാനം ചെയ്ത എന്റെ രണ്ടാമത്തെ സിനിമ ജലതരംഗത്തിൽ മധുസാർ ആയിരുന്നു നായകൻ. ബ്ളാക്ക് ആന്റ് വൈറ്റ് സിനിമ. ചിത്രീകരണത്തിനിടെ ഷോട്ടിന്റെ കാര്യത്തിൽ ഞങ്ങൾ തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു. അങ്ങനെ ഒരു ഷോട്ട് വച്ചതിന്റെ കാരണം വ്യക്തമാക്കിയപ്പോൾ ഈ ചിന്തകൾ പലർക്കുമില്ലെന്ന് ഉപദേശിച്ചു. ഞങ്ങൾ കൂടുതൽ അടുത്തു. സിനിമയ്ക്ക് അപ്പുറത്തേക്ക് സ്നേഹവും ആത്മബന്ധവും വളർന്നു. അത് സിനിമ ലോകത്ത് ചർച്ച ചെയ്യപ്പെട്ടു. അഭിപ്രായങ്ങൾ തുറന്നു പറയുന്ന അന്നത്തെ ആ ഇരുപതുകാരനെ സാറിന് ഇഷ്ടപ്പെടുകയും ചെയ്തു.പലരും അഭിപ്രായം പറയാറില്ലെന്ന് പറഞ്ഞു.ആ പ്രായത്തിൽ എനിക്ക് മധുസാറിന്റെ വലിപ്പം അറിയില്ലല്ലോ.
സീൻ 5
ഒരുദിവസം ലൊക്കേഷനിൽ വന്നപ്പോൾ ഷർട്ടിന്റെ കൈമടക്കിൽ നിന്നു കാശ് എടുത്ത് തന്നിട്ട് കുറച്ച് ഐസ്ക്രീമും ലഡുവും വാങ്ങാൻ പറഞ്ഞു. ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് വാങ്ങികൊണ്ടുവന്നപ്പോൾ 'ചന്ദ്രൻ തന്നെ കൊടുക്കണമെന്ന് 'പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു. ഷീലയും അടൂർഭാസിയുമെല്ലാം കാര്യം അന്വേഷിച്ചു. ഉമ സ്റ്റുഡിയോയുടെ ആദ്യ സിനിമ പി. ചന്ദ്രകുമാർ സംവിധാനം ചെയ്യുന്നു. മധുസാറിന്റെ വാക്കുകൾ. അസ്തമയം ആയിരുന്നു സിനിമ. ഉമ സ്റ്റുഡിയോയുടെ ബാനറിൽ കുറെ സിനിമകൾ ഞാൻ സംവിധാനം ചെയ്തു. എന്റെ സിനിമകളിൽ മധുസാർ നായകനായി അഭിനയിച്ചു. എന്റെ ഗുരുനാഥൻ, ഏട്ടൻ. എന്നെ ഇന്നും പിടിച്ചുനിറുത്തുന്നതിന് ഒരു കാരണം മധുസാർ ആണ്. താരമൂല്യം കുറയുമ്പോൾ സിനിമയിലെ ബന്ധങ്ങൾ ഇല്ലാതാവും. ഞങ്ങൾക്കിടയിൽ താരമൂല്യമില്ല. ഞങ്ങൾ ഇപ്പോഴും ഒരുമിച്ചാണ്. ഒരു കുടുംബത്തിലെ അംഗമായി പരസ്പരം മാറാൻ സാധിച്ചു. ചില നേരത്ത് മധുചേട്ടാ എന്നാണ് വിളി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |