ഒരു കർഷകൻ ഗ്രാമത്തിലെ സന്യാസിയെ സമീപിച്ച് ചോദിച്ചു, ഞാൻ എത്രയൊക്കെ ശ്രമിച്ചിട്ടും എന്റെ മനസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്?
സന്യാസി ചോദിച്ചു. നീ കുതിരപ്പുറത്ത് പോകുന്നത് ഞാൻ കാണാറുണ്ട്. കുതിര സവാരി പഠിക്കുന്ന സമയത്ത് കുതിരപ്പുറത്തു നിന്ന് വീണാൽ നീ എന്തുചെയ്യുമായിരുന്നു?
ഞാൻ വീണ്ടും കുതിരപ്പുറത്തു കയറും.അതുതന്നെയാണ് നിങ്ങളുടെ പ്രശ്നത്തിനുമുള്ള പരിഹാരം.
മനസാകുന്ന കുതിര താഴെ വീഴ്ത്തുമ്പോൾ വിജയിക്കുമെന്ന് ദൃഢമായി വിശ്വസിച്ച് വീണ്ടും വീണ്ടും ശ്രമിക്കുക. ഒടുവിൽ മനസ് നിങ്ങളുടെ നിയന്ത്രണത്തിലാവുക തന്നെ ചെയ്യും. ഇഷ്ടാനിഷ്ടങ്ങൾക്ക് കീഴടങ്ങുന്നതാണ് നമ്മുടെ ദുശീലങ്ങൾക്ക് കാരണം. ശീലങ്ങൾ ക്രമേണ സ്വഭാവമായി, സ്വഭാവം നമ്മെ തിന്നുന്നു.
ഒരാൾ വർഷങ്ങളായി ഇടതു കൈയിൽ വാച്ച് ധരിക്കുന്നുവെന്ന് കരുതുക. അയാൾ പെട്ടെന്നൊരു ദിവസം അത് വലതു കൈയിലേക്ക് മാറ്റിയാൽ, ഓരോ തവണയും സമയം അറിയാൻ ഇടതു കൈയിലേക്ക് നോക്കിപ്പോകും. അതാണ് ശീലത്തിന്റെ ശക്തി. ശീലങ്ങളാണ് ഒരു പരിധിവരെ നമ്മുടെ ജീവിതം നിയന്ത്രിക്കുന്നത്. ശീലത്തിന്റെ ഈ ശക്തി തന്നെ നമുക്ക് അനുകൂലമാക്കി മാറ്റണം. എന്നുവച്ചാൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കണം. ക്രമേണ മനസ് വടക്കുനോക്കിയന്ത്രം പോലെ എപ്പോഴും ശരിയായ ദിശയിലേക്ക് മാത്രം തിരിയും.
ഇഷ്ടാനിഷ്ടങ്ങൾ നിയന്ത്രിച്ച് സ്വന്തം ധർമ്മം ശരിയായി അനുഷ്ഠിക്കുന്നതാണ് അച്ചടക്കം. നമുക്ക് ഇഷ്ടമുള്ളത് വേണ്ടെന്നു വയ്ക്കാനും, ഇഷ്ടമില്ലാത്തത് സ്വീകരിക്കാനും മനസിനെ പരിശീലിപ്പിക്കണം. അപ്പോൾ മനോബലം വർദ്ധിച്ചുവരും.
ഗോതമ്പിന്റെ അലർജിയുള്ള ഒരാൾ സുഹൃത്തുക്കൾ നിർബന്ധിച്ചാലും ഇഷ്ടമുള്ളതാണെങ്കിലും ഗോതമ്പടങ്ങിയ ഒന്നും കഴിക്കില്ല. കാരണം കഴിച്ചാലുള്ള വിപത്തിനെക്കുറിച്ചറിയാം. ഇതുപോലെ ലക്ഷ്യത്തിൽ നിന്നും നമ്മെ അകറ്റുന്ന എന്തിനോടും നമ്മൾ അകലം പാലിക്കണം. നമ്മുടെ മനസ് ഒരു സൂപ്പർ മാർക്കറ്റ് പോലെയാണ്. സൂപ്പർമാർക്കറ്റിൽ നമുക്ക് വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങൾ ഉണ്ടായിരിക്കും. എന്നാൽ നമുക്ക് ആവശ്യമുള്ളത് മാത്രം വാങ്ങുകയും, ബാക്കിയുള്ളവയെ അവഗണിക്കുകയുമാണ് നാംചെയ്യുന്നത്. ഇതുപോലെ മനസിൽ സത്ചിന്തകളും ദുഷ്ചിന്തകളുമെല്ലാം കടന്നുവരും. സത്ചിന്തകളെ മാത്രം പ്രോത്സാഹിപ്പിക്കണം.
അപരിചിതരുടെ വാഹനങ്ങൾ നമ്മുടെ ഗ്യാരേജിൽക്കൊണ്ടിടാൻ നമ്മൾ അനുവദിക്കാറില്ല. നമ്മുടെ മനസിന്റെ കാര്യത്തിലും ഇപ്രകാരമൊരു നിയന്ത്രണം വയ്ക്കണം.അതിന് നമ്മുടെ വിവേകബുദ്ധിയെ ഉണർത്തണം.
ആന നടക്കുമ്പോൾ വഴിയുടെ ഇരുവശത്തുമുള്ള എല്ലാത്തിലും തുമ്പിക്കൈകൊണ്ട് പരതിക്കൊണ്ടിരിക്കും. അപ്പോൾ പാപ്പാൻ ആനയുടെ തുമ്പിക്കൈയിൽ ഒരു വടി വച്ചുകൊടുക്കും. അതോടെ തുമ്പിക്കൈയുടെ ചലനം നിൽക്കും.
നമ്മുടെ മനസിന്റെ പ്രകൃതവും ഏതാണ്ട് ഇതുപോലെയാണ്. മന്ത്രജപം, ധ്യാനം, കലാഭ്യാസനം തുടങ്ങിയ നല്ല ശീലങ്ങളാവുന്ന വടികൊണ്ട് നമ്മുടെ മനസിനെ വരുതിയിലാക്കണം. വാശിക്കാരനായ ഒരു കുഞ്ഞിന് അമ്മ ആഹാരം കൊടുക്കുമ്പോൾ ആ കുഞ്ഞ് കരഞ്ഞു ബഹളം വച്ചാൽ അമ്മ കുഞ്ഞിന്റെ ശ്രദ്ധ വേറെ ഏതെങ്കിലും കാര്യത്തിലേക്കു തിരിച്ചുവിടും. എന്നിട്ട് ഭക്ഷണത്തിന്റെ ഉരുള കുഞ്ഞിന്റെ വായിൽ വച്ചുകൊടുക്കും. മനസിനെയും ഇതുപോലെയുള്ള തന്ത്രമുപയോഗിച്ച് നമ്മൾ ഇച്ഛിക്കുന്ന വഴിക്ക് കൊണ്ടുവരണം. അതിനായി ഈശ്വരനിലോ ശ്രേഷ്ഠമായ ഏതെങ്കിലും ആദർശത്തിലോ പ്രേമം വളർത്തിയെടുക്കണം. ഈ രീതിയിൽ മനസ് ക്രമേണ നമ്മുടെ സുഹൃത്തും സേവകനുമായിത്തീരും, നമ്മുടെ ജീവിതത്തിൽ ആനന്ദവും ശാന്തിയും നിറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |