ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പ്രതിഭ, മലയാളത്തിന്റെ പ്രിയങ്കരനായ മധു നവതിയുടെ നിറവിൽ...
മലയാള സിനിമയ്ക്ക് വിലാസമുണ്ടാക്കിയവരിൽ ഏറ്റവും മുൻ നിരയിലാണ് മധുവിന്റെ സ്ഥാനം. മധുവിനെ മാറ്റി നിറുത്തി മലയാള സിനിമയുടെ ചരിത്രം എഴുതാൻ ആർക്കും കഴിയുകയില്ല. നടൻ,സംവിധായകൻ, നിർമ്മാതാവ് ,സ്റ്റുഡിയോ ഉടമ എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളിൽ ആറു പതിറ്റാണ്ട് ഇന്ത്യൻ സിനിമയെ ധന്യമാക്കിയ മധു സെപ്തംബർ 23ന് നവതിയിലേക്ക് കടക്കുകയാണ്. തിരുവനന്തപുരം കണ്ണമ്മൂലയിലെ 'ശിവഭവനം" വീട്ടിൽ വച്ച് മധുവുമായി വിശദമായി സംസാരിച്ചു. നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ തലമുറകളുടെ മനസിൽ സ്ഥാനം നേടിയ മധുവിന്റെ അഭിനയജീവിതത്തിൽ വ്യക്തിമുദ്ര പതിഞ്ഞ 400 ലധികം ചിത്രങ്ങൾ. മലയാള സാഹിത്യത്തിലെ ഉജ്ജ്വലമായ രചനകളിലെ നായക കഥാപാത്രമാകാൻ അവസരം ലഭിച്ച മധുവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജെ.സി.ഡാനിയേൽ അവാർഡ് കേരളം നൽകി.എന്നാൽ ഈ അതുല്യ പ്രതിഭയ്ക്ക് ദാദാ സാഹിബ് ഫാൽകെ അവാർഡ് നൽകേണ്ട സമയം വൈകിയിരിക്കുന്നു.മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് മധുവിന് ഒരിക്കലും ലഭിച്ചില്ലെന്നത് ആ അവാർഡിന്റെ വലിപ്പം കുറയ്ക്കുന്നതുമായി. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്:--
താരം ,നായകൻ, നടൻ ഇത് മൂന്നും ആയിരുന്നെങ്കിലും നടനാണ് അതിൽമുന്നിലേക്ക് വന്നത്.ബോധപൂർവമായിരുന്നോ?
ഏറെക്കുറെ അതേയെന്നു പറയാം. നടനാകാനാണ് ആഗ്രഹിച്ചത്. താരമാകാൻ വിരോധം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ നടനെ മാറ്റിനിറുത്തി താരമാകാൻ ആഗ്രഹിച്ചില്ല.
നാടകങ്ങൾ കണ്ടാണോ നടനാകാൻ പ്രേരണയുണ്ടായത് ?
സ്കൂളിൽ നാലിലും അഞ്ചിലും പഠിക്കുമ്പോൾത്തന്നെ നാട്ടിലെ വായനശാലകളിൽ നാടകങ്ങൾ കണ്ടത് പ്രചോദനമായിരുന്നു.നാടകം അന്ന് വളരെ സജീവമായിരുന്നു. തിരുവനന്തപുരത്ത് അന്ന് ഡ്രാമാറ്റിക് ബ്യൂറോ ഉണ്ടായിരുന്നു.സുകുമാരൻനായർ,സി.ഐ.പരമേശ്വരൻപിള്ള, കൈനിക്കര കുമാരപിള്ള,പദ്മനാഭപിള്ള ഇവരുടെയൊക്കെ നാടകങ്ങൾ കണ്ടാണ് അഭിനയിക്കാൻ താത്പര്യം തോന്നിയത്.അന്ന് മലയാളത്തിൽ കുറച്ചു സിനിമകളെ ഇറങ്ങിയിരുന്നുള്ളു.
ഹിന്ദി സിനിമകളോ?
ഹിന്ദിചിത്രങ്ങൾ വളരെ ഇഷ്ടമായിരുന്നു.ഹിന്ദി പഠിച്ചിരുന്നതിനാൽ മനസിലാവുകയും ചെയ്യുമല്ലോ.അന്നത്തെചെറുപ്പക്കാരെല്ലാം ഹിന്ദി സിനിമകൾ ഇഷ്ടപ്പെട്ടവരായിരുന്നു.എല്ലാ നടൻമാരെയും ഇഷ്ടമായിരുന്നു.പ്രത്യേകിച്ച് രാജ് കപൂർ,ദിലീപ് കുമാർ,അശോക് കുമാർ എന്നിവരോട് എനിക്ക് വലിയ താത്പര്യമായിരുന്നു.
സത്യനും പ്രേനസീറും വന്ന് പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞാണ് താങ്കൾ സിനിമയിലേക്ക് എത്തുന്നത്.എന്നിട്ടും അതിവേഗം സത്യൻ,നസീർ,മധു എന്നായി?
കഥയിൽ ഒരു സെക്കൻഡ് ഹീറോ ക്യാരക്ടർ കാണുമല്ലോ.ഞാൻ വന്ന വേളയിൽ മലയാള സിനിമയുടെ എണ്ണം കൂടി.സത്യൻമാഷിനും പ്രേംനസീറിനും അഡ്ജസ്റ്റ് ചെയ്യാവുന്നതിന് പരിധി ഉണ്ടായിരുന്നു.എല്ലാം അവരെ വച്ച് ചെയ്യാൻ പറ്റില്ലല്ലോ.അപ്പോൾ സെക്കൻഡ് ഫിഡിൽ നമ്മൾക്ക് കിട്ടി.
മലയാള സിനിമയിലെ ക്ളാസിക്കായിരുന്നു വിൻസന്റ് മാസ്റ്ററുടെ ഭാർഗവീനിലയം.അതിലെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രത്തെയാണ് താങ്കൾക്ക് ലഭിച്ചത്.സിനിമയിലെത്തി വൈകാതെ ലഭിച്ച ആ കഥാപാത്രത്തെ ഉജ്ജ്വലമായ അഭിനയം കൊണ്ട് താങ്കൾ അവിസ്മരണീയമാക്കി.മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച അഭിനയ മാതൃകകളിലൊന്നാണത്?
ഒരു നടൻ എന്ന നിലയിൽ പൊതുവെ അംഗീകാരം കിട്ടിയെന്നുമാത്രമല്ല,എനിക്കു തന്നെ ഉള്ളിൽ ഒരു ആത്മവിശ്വാസം ഉണ്ടാക്കിത്തന്നത് ആ ചിത്രമാണ്.
ശരിക്കും അതായിരുന്നോ വഴിത്തിരിവ്?
ശക്തി അതായിരുന്നു.നടനായി എസ്റ്റാബ്ളിഷ് ചെയ്തു.വിൻസന്റ് മാസ്റ്റർ അസാധാരണ പ്രതിഭയായിരുന്നു.സിനിമയുടെ കാര്യങ്ങൾ എല്ലാം അറിയാവുന്നയാൾ.അതിന്റെ തിരക്കഥാ രചനാവേളയിൽ ബഷീറും വന്നിരുന്നു.ഞാനും അവിടെയുണ്ടായിരുന്നു.ചന്ദ്രതാര പ്രൊഡക്ഷൻസ് ആർ.എസ്.പ്രഭുവും വിൻസന്റ് മാസ്റ്ററുമൊക്കെ ഞാനാ വേഷം ചെയ്താൽ നന്നാകുമെന്നു പറഞ്ഞിരുന്നു.മാത്രമല്ല ബഷീറിന്റെ നീലവെളിച്ചം എന്ന കഥ നേരത്തെ ഞാൻ വായിച്ചിരുന്നു.
ചെമ്മീനിലെ പരീക്കുട്ടി ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും നല്ല റൊമാന്റിക് കഥാപാത്രങ്ങളിലൊന്നാണ്.അന്ന് കാമുകവേഷങ്ങൾ ഒരുപാടു ചെയ്ത പ്രേംനസീർ ഉണ്ടായിട്ടും രാമുകാര്യാട്ട് താങ്കളെ കാസ്റ്റു ചെയ്തു?
പ്രേംനസീർ അന്ന് ഹീറോയാണ്.ഒരു പക്ഷേ നസീർ അവസാനം പളനിയെ അടിച്ചോടിക്കുകയൊക്കെ ചെയ്തിരുന്നെങ്കിൽ നസീറിനെ തന്നെ കാസ്റ്റ് ചെയ്തേനെ.ഈ കഥാപാത്രം അങ്ങനെയായിരുന്നില്ലല്ലോ.താഴ്ന്നുകൊടുക്കുന്ന കഥാപാത്രമാണ്. നസീർ ഭംഗിയായി ചെയ്തേനെ.പക്ഷേ അദ്ദേഹത്തിന്റെ ആരാധകർ അത് ഉൾക്കൊള്ളുകയില്ല.ആ റോൾ അഭിനയിക്കാൻ ഇമേജ് ഇല്ലാത്ത ഒരു നടൻ വേണമെന്ന് രാമു കാര്യാട്ടിനു തോന്നിക്കാണും.ചെമ്മീനിന്റെ ആദ്യ ക്രെഡിറ്റ് തകഴിക്ക് അവകാശപ്പെട്ടതാണ്.അത്രയും മികച്ച കഥാപാത്രങ്ങളെയല്ലേ സൃഷ്ടിച്ചത്.പരീക്കുട്ടി എന്ന കഥാപാത്രത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഞാൻ ഭഗവദ്ഗീതയിലേക്കു പോകും.അയാളുടെ പ്രേമം നിഷ്ക്കാമകർമ്മമാണ്.ഒന്നും പ്രതീക്ഷിക്കാതെ പ്രേമിക്കുന്ന നിഷ്കളങ്കനായ കഥാപാത്രം.അങ്ങനെയുള്ള കഥാപാത്രങ്ങൾ വളരെ കുറവാണ്.പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടതും അതിനാലാണ്.
മലയാള സിനിമയുടെ നാഴികക്കല്ലുകളായി വിശേഷിപ്പിക്കാവുന്ന ചെമ്മീൻ,ഭാർഗവീ നിലയം,ഓളവും തീരവും, സ്വയംവരം എന്നിങ്ങനെ അനവധി സുപ്രധാന ചിത്രങ്ങളിൽ നായകനാവാൻ അവസരം ലഭിച്ചു?അന്ന് പ്രമുഖ താരങ്ങളെല്ലാമുണ്ട്?
ഈ കഥാപാത്രങ്ങളെ നോക്കിയാൽ അവയെല്ലാം പ്രീ-ഇമേജ് വേണ്ടാത്ത കഥാപാത്രങ്ങളാണ്.ശരിക്കും എസ്റ്റാബ്ളിഷ് ചെയ്ത ഒരു ഹീറോയ്ക്ക് പറ്റിയവയല്ല. അവരുടെ ആരാധകർക്ക് അത് ഇഷ്ടപ്പെടില്ല.എനിക്കുതന്നെ അത്തരം അനുഭവമുണ്ട്.ഒന്നു രണ്ടു ചിത്രങ്ങളിൽ ക്ഷീണിതനായി അഭിനയിച്ചപ്പോൾ ആരാധകർ എന്തിനാണ് ഇങ്ങനെയുള്ള ചിത്രങ്ങളിൽ അഭിനയിക്കുന്നത് എന്നു ചോദിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളുടെ ഇമേജ് നോക്കിയില്ല?
ഒരിക്കലും നോക്കിയില്ല
സ്വയംവരം ഇറങ്ങും മുമ്പാണ് താങ്കൾ പ്രിയ എന്ന ചിത്രം സംവിധാനം ചെയ്തത്. അത് താങ്കളിലെ നടനുവേണ്ടി ചെയ്തതല്ലേ?
അതേ. ചെമ്മീനും ഭാർഗവീനിലയവും ഓളവും തീരവുമൊക്കെ കഴിഞ്ഞ് ഒരുപാട് ചിത്രങ്ങൾ വന്നെങ്കിലും എല്ലാം ഒരുമാതിരി ടൈപ്പ് ചെയ്യുന്നതുപോലെയായിരുന്നു.ആ ഇമേജ് മാറ്റണമെന്നു തോന്നി.എന്റെ മനസിലുണ്ടായിരുന്നത് ആക്ടിംഗാണ്.സി.രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവൽ വായിച്ചപ്പോൾ അതിലെ കഥാപാത്രം വ്യത്യസ്തമായിതോന്നി.ആക്ടിംഗിനു കൂടുതൽ സ്കോപ്പുള്ള കഥാപാത്രം .പലരും എതിർത്തു.അപ്പോഴത്തെ ഇമേജിനെ ബാധിക്കുമെന്നു കാര്യാട്ട് വരെ പറഞ്ഞു.നായകൻ അടൂർഭാസി ആയിരുന്നു.
നടനെ രക്ഷിക്കാൻ സംവിധായകന്റെ വേഷമണിഞ്ഞു ?
അതെ (ചിരിക്കുന്നു) ഇമേജ് പൊളിക്കുകയായിരുന്നു ലക്ഷ്യം.
അനവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടും രണ്ട് സ്പെഷ്യൽ ജൂറി അവാർഡല്ലാതെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചില്ല ?
ഞാൻ വളരെ സന്തുഷ്ടനാണ്.കിട്ടിയതൊക്കെ കൂടുതലെന്നു വിശ്വസിക്കുന്നവനാണ് ഞാൻ.അവാർഡ് കിട്ടിയില്ലെന്ന് ഞാനെപ്പോഴെങ്കിലും പരാതി പറഞ്ഞോ?അതൊന്നും ഞാൻ കാര്യമാക്കിയിട്ടില്ല.
സത്യനും പ്രേംനസീറുമുള്ളപ്പോൾ നിങ്ങളെല്ലാവരും ഒരുമിച്ചഭിനയിച്ചു.കഥാപാത്രത്തിന്റെ പ്രാധാന്യം കൂടിയോ കുറഞ്ഞോ എന്നു നോക്കുകയോ തിരക്കഥയിൽ ഇടപെടുകയോ ചെയ്തിട്ടുണ്ടോ?
എന്നെ സംബന്ധിച്ചിടത്തോളം ആ പ്രശ്നം ഇല്ലായിരുന്നു.അവർ എന്റെ സീനിയേഴ്സായിരുന്നു.അവർ നോക്കാതിരുന്നിരിക്കില്ല.ഞാൻ ആദ്യം അഭിനയിച്ച നിണമണിഞ്ഞ കാൽപ്പാടുകളിലെ സ്റ്റീഫന്റെ വേഷം സത്യൻസാറിന് ഓഫർ ചെയ്തതായിരുന്നു.അന്നത്തെ കാലത്ത് അദ്ദേഹത്തിന് അത് ചെറിയൊരു കഥാപാത്രമായിരുന്നു.
സെറ്റിൽ വലിപ്പച്ചെറുപ്പം ഉണ്ടായിരുന്നോ?
അങ്ങനെയൊരു കാര്യമേ ഇല്ലായിരുന്നു.എല്ലാവരും തമ്മിൽ വലിയ അടുപ്പമായിരുന്നു.ഒരു ഷോട്ട്
കഴിഞ്ഞാൽ അടുത്തതാകും വരെ എല്ലാവരും ഒരുമിച്ചിരുന്ന് വാചകമടിക്കും.ഷോട്ടാകുമ്പോൾ പോകും.അന്ന് കാരവാനൊന്നും ഇല്ല. ഇന്നിപ്പോൾ കാരവാനുണ്ടെങ്കിലും നിങ്ങൾ സെറ്റിൽ പോയി നോക്കു.അവിടെ ഓരോരുത്തരും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയായിരിക്കും.അത് സിനിമയുടെ മാത്രം പ്രശ്നമല്ല.വീടുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
സത്യൻ ?
അതുല്യ നടനായിരുന്നു.ഞാൻ ഗുരുസ്ഥാനത്താണ് അദ്ദേഹത്തെ കണ്ടിരുന്നത്. ഞങ്ങൾ ഒരുമിച്ചഭിനയിച്ചപ്പോഴെല്ലാം എന്നെ വലിയ രീതിയിൽ ഹെൽപ്പ് ചെയ്തിരുന്നു.എന്റെ വിവാഹകാര്യത്തിൽപ്പോലും.
പ്രേം നസീർ?
നസീർ നല്ല നടനും നല്ല മനുഷ്യനുമായിരുന്നു. ശ്രീരാമചന്ദ്രന്റെ വേഷം കെട്ടിയതിനാൽ അദ്ദേഹത്തിന്റെ അഭിനയംഅധികം പ്രദർശിപ്പിക്കാനായില്ല.മരം ചുറ്റിയുള്ള വേഷങ്ങളല്ലാതെ ലഭിച്ച കഥാപാത്രങ്ങളൊക്കെ മികച്ച അഭിനയത്താൽ നസീർ സമ്പന്നമാക്കി.ഹീറോ ആയി നിന്നതിനാൽ കൂടുതൽ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ തേടിയെത്തിയില്ല.
ഷീല,ജയഭാരതി,ശാരദ, വിധുബാല, ശ്രീവിദ്യ എല്ലാം മികച്ച ജോടികളായിരുന്നല്ലോ?
ഓരോ കാലത്തും എനിക്കു പറ്റിയ ജോടികളായിരുന്നു അവർ.ആദ്യം ഷീലയായിരുന്നു.പിന്നീടാണ് ജയഭാരതി വരുന്നത്.പടങ്ങളുടെ എണ്ണം കൂടിയപ്പോൾ ഷീല വളരെ ബിസിയായി.അപ്പോൾ ജയഭാരതിക്കു മാർക്കറ്റ് കൂടി.ജയഭാരതിയാണെന്നു തോന്നുന്നു എന്റെ കൂടെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത്.പിന്നെയാണ് ശാരദ വരുന്നത്.ശ്രീവിദ്യ എന്റെ മിഡിൽ ഏജിലാണ് വരുന്നത്.ഞങ്ങൾ രണ്ടുപേരുടെയും തടി മാച്ച് ചെയ്യുന്നതായിരുന്നു.അവർ നല്ല ആർട്ടിസ്റ്റായിരുന്നു.എല്ലാവരും അവരവരുടേതായ നിലയിൽ നല്ല ആർട്ടിസ്റ്റായിരുന്നു.
ഒരു ശില്പി മികച്ച ഒരു ശില്പം കൊത്തിയെടുക്കുന്നതുപോലെ വിൻസന്റ് മാസ്റ്റർ ഒരുക്കിയ ശിൽപ്പം ആയിരുന്നു ഭാർഗവീനിലയം.അതിനൊരു പുഃനസൃഷ്ടി ഉണ്ടായി, നീലവെളിച്ചം എന്ന പേരിൽ. കണ്ടിരുന്നോ?
സംവിധായകൻ ആഷിക് അബുവും നടി റീമയും കൂടി റിലീസിനു മുമ്പ് എന്നെ വീട്ടിൽക്കൊണ്ടുവന്ന് കാണിച്ചു.ടൊവിനോ നന്നായി ചെയ്തു.നടിക്കു പറ്റിയില്ല.അവർ നല്ല ആർട്ടിസ്റ്റാണ്.ഭാർഗവീനിലയം ഇറങ്ങിയില്ലായിരുന്നെങ്കിൽ നീലവെളിച്ചം അപ്രീഷിയേറ്റ് ചെയ്യപ്പെട്ടേനെ.താമസമെന്തേ വരുവാൻ എന്ന പാട്ടുകേൾക്കുമ്പോൾ പ്രേംനസീറിന്റെ മുഖം വരും.പി.ജെ.ആന്റണിയുടെയും അങ്ങനെതന്നെ. അവർ രണ്ടുപേർക്കുമൊപ്പം ആയില്ല.അഭിനയിച്ച പെൺകുട്ടി നന്നായി അഭിനയിച്ചു.വിജയനിർമ്മല ഒരു ഗിഫ്റ്റഡ് ഗേളായിരുന്നു.പ്രത്യേകമായ ഒരു ചൈതന്യം ഉണ്ടായിരുന്നു.ഭാർഗവീനിലയം ഷൂട്ട് ചെയ്യുമ്പോൾ അവർ ഒരു കുട്ടിയുള്ള വീട്ടമ്മയാണ്.അച്ഛൻ സ്റ്റുഡിയോയിലെ പ്രോജക്ടർ ഓപ്പറേറ്റർ ആണ്. അദ്ദേഹത്തിന് ചോറുകൊണ്ടു വരുമ്പോഴാണ് വിൻസന്റ് മാസ്റ്റർ കണ്ടത്.തിരക്കഥ വായിച്ചപ്പോൾ മുതൽ വലിയ കണ്ണുകളുള്ള നായികയെ തിരയുകയായിരുന്നു അദ്ദേഹം. പലരെയും നോക്കി.അപ്പോഴാണ് വിജയനിർമ്മല കൺമുന്നിൽ വന്നുനിന്നത്.അതിനുശേഷം അവർ തെലുങ്കിലെ വലിയ ഹീറോയിനായി.മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വനിതയുമായി.
നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് തിരുവനന്തപുരത്തുവന്ന് പാരലൽകോളേജും ഒപ്പം പാർട് ടൈമായി ഡ്രാമാ സ്കൂളും തുടങ്ങാനായിരുന്നില്ലേ ലക്ഷ്യം?
അതെ.പക്ഷേ തിരികെ തിരുവനന്തപുരത്ത് എത്തും മുമ്പ് സിനിമയിലായി.ഡൽഹിയിൽ വച്ച് അടൂർഭാസിയാണ് രാമുകാര്യാട്ടിനെ പരിചയപ്പെടുത്തുന്നത്.നാടകത്തിലെ അഭിനയിക്കുകയുള്ളോ സിനിമയിൽ അഭിനയിക്കുകയില്ലേ എന്നദ്ദേഹം ചോദിച്ചു.ഡ്രാമ സ്കൂൾ തുടങ്ങുമ്പോൾ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയിരുന്നില്ല.അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞു.മൂടുപടം എന്ന സിനിമ ചെയ്യാൻ പോവുകയാണ് അഭിനയിക്കുന്നോയെന്നു ചോദിച്ചു.ഞാൻ സമ്മതിച്ചു. ഔപചാരികതയുടെ ഭാഗമായി മദ്രാസിൽപ്പോയി ഒരു മേക്കപ്പ് ടെസ്റ്റിൽ പങ്കെടുത്തേക്കാൻ പറഞ്ഞു.അദ്ദേഹം ഹെൽസിങ്കിയിൽപ്പോയി.മദ്രാസിൽ ചെന്നപ്പോഴാണ് നിണമണിഞ്ഞ കാൽപ്പാടുകളിൽ ചെറിയൊരു റോളുണ്ട് അഭിനയിക്കുന്നുണ്ടോയെന്ന് ശോഭന പരമേശ്വരൻ നായർ ചോദിച്ചത്.അങ്ങനെ ആദ്യ ചിത്രം അതായി.
സാത് ഹിന്ദുസ്ഥാനി?
കെ.എ.അബ്ബാസ് ഈ ചിത്രമെടുക്കാൻ ഒരുങ്ങിയപ്പോൾ ഇന്ത്യയുടെ പല സോണിൽ നിന്നുള്ള നടൻമാരെയാണ് കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.ദക്ഷിണേന്ത്യയിൽ നിന്നൊരു നടൻ വേണം.അദ്ദേഹം സുഹൃത്തായ കാര്യാട്ടിനോട് ചോദിച്ചപ്പോൾ നമ്മുടെ മധുവുണ്ടല്ലോ.ഹിന്ദിയും അറിയാമെന്നു പറഞ്ഞു.എന്തോ ആവശ്യത്തിനായി അബ്ബാസ് തിരുവനന്തപുരത്തുവന്നു.ഞാൻ മാസ്ക്കോട്ട് ഹോട്ടലിൽ പോയിക്കണ്ടു.വീട്ടിലും കൂട്ടിക്കൊണ്ടുപോയി.അമിതാഭ് ബച്ചന്റെ ആദ്യ ചിത്രമായിരുന്നു.ബച്ചന്റെ അച്ഛൻ ഹരിംവശറായ് ബച്ചൻ വലിയ കവിയായിരുന്നു. എം.എയ്ക്ക് അദ്ദേഹത്തിന്റെ കവിത ഞാൻ പഠിച്ചിട്ടുണ്ട്.
രജനിയെ തല്ലിയ കഥ?
ധർമ്മദുരൈ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം ശിവാജി ഗണേശനെയാണ് കാസ്റ്റ് ചെയ്തിരുന്നത്.അതിൽ രജനിയെ തല്ലുന്ന രംഗമുണ്ട്.ശിവാജി തല്ലിയാൽ പ്രശ്നമില്ല.വേറൊരു നടനായാൽ രജനിയുടെ ഫാൻസ് തിയറ്റർ തല്ലിപ്പൊളിക്കും.എന്നാൽ അസുഖം മൂലം ശിവാജിക്ക് അഭിനയിക്കാൻ പറ്റിയില്ല.ശിവാജിയാണ് എന്നെ വിളിക്കാൻ പറഞ്ഞത്.മധു ആകുമ്പോൾ പ്രശ്നമില്ലെന്ന് ശിവാജി പറഞ്ഞു.അങ്ങനെ ഞാൻ അഭിനയിച്ചു.രജനിയെ തല്ലുന്ന രംഗത്തിൽ.വളരെ സാധാരണക്കാരനായ മനുഷ്യനാണ് രജനി.
താങ്കൾ അച്ഛനായി അഭിനയിച്ച കോളിളക്കത്തിന്റെ സെറ്റിലാണ് ജയൻ മരിച്ചത്?
എയർഫോഴ്സിന്റെ എയർസ്ട്രിപ്പാണ്.അവിടെയുള്ള കോട്ടേജിലെ മുറിയിൽ ഞാനും എം.എൻ.നമ്പ്യാരും മേക്കപ്പ് ചെയ്യുകയായിരുന്നു.ജനാലയിലൂടെ നോക്കിയാൽ ഷൂട്ടിംഗ് നടക്കുന്നത് കാണാം.കാൽ കിലോമീറ്റർ ദൂരം വരും.പെട്ടെന്നൊരു വലിയ ശബ്ദം കേട്ടു.ജനാലയിലൂടെ നോക്കുമ്പോൾ ഹെലിക്കോപ്ടർ തറയിൽക്കിടക്കുന്നു.ഞങ്ങൾ ഉടൻതന്നെ അവിടെയുണ്ടായിരുന്ന വണ്ടിയിൽ അവിടെയെത്തി. അപ്പോഴേക്കും ജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.ജയന്റെ മരണം എല്ലാവർക്കും വലിയ ഷോക്കായിരുന്നു. മലയാള സിനിമയിലെ താരമായി ആക്ഷൻഹീറോയായി മാറിയിരുന്നു ജയൻ.
മലയാള സാഹിത്യത്തിലെ വിഖ്യാതമായ രചനകൾ സിനിമയായപ്പോൾ അതിൽഭൂരിഭാഗത്തിലും നായകനായി.ആഗ്രഹിച്ചു കിട്ടാതെ പോയ കഥാപാത്രമുണ്ടോ?
അങ്ങനെയില്ല.ഞാൻ വായിച്ചതും മോഹിച്ചതുമായ എല്ലാ കഥാപാത്രവും കിട്ടി.എനിക്ക് അഭിനയിക്കണമെന്ന് താത്പര്യമുള്ളതുണ്ടായിരുന്നെങ്കിൽ ഞാൻ നിർമ്മിച്ച് അഭിനയിച്ചേനെ.ഇമേജിനു പോകാത്ത കഥാപാത്രങ്ങളായിരുന്നു.വീരശൂര പരാക്രമിയോ ശ്രീരാമനോ ഒന്നുമായിരുന്നില്ല നോവലിലെ കഥാപാത്രങ്ങൾ.ചുക്ക് ,ഏണിപ്പടികൾ അങ്ങനെ അഭിനയിച്ച കഥാപാത്രങ്ങളെ നോക്കു.എന്റെ സ്റ്റാർഡം ഞാൻ തന്നെ പൊളിച്ചതിനാൽ അവയിലെല്ലാം എനിക്കഭിനയിക്കാനായി.
നവതിയിൽ മനസ് എന്ത് പറയുന്നു?
ആവശ്യമില്ലാതെ നീണ്ടുപോയില്ലേയെന്ന് തോന്നുന്നു.ജോലി ചെയ്യാൻ വയ്യ.ഓടിക്കളിച്ച ഫുട്ബോളർക്ക് നടക്കാൻ വയ്യാതെയായ ആ അവസ്ഥയാണ്.ഇൻസ്ട്രുമെന്റ് ട്യൂൺ ചെയ്തെടുക്കാം.പക്ഷേ ശരീരവും ശബ്ദവും പറ്റില്ലല്ലോ.
അഭിനയം സ്വയം വേണ്ടെന്നു വച്ചതല്ലേ?
വേണ്ടെന്നു വച്ചില്ല.ആരുടെയും അച്ഛനും മുത്തച്ഛനുമാകാൻ വയ്യ.ഈ ആരോഗ്യാവസ്ഥയിലും ചെയ്യാവുന്ന വേഷങ്ങളുണ്ടായാൽ,അത് ഗതിനിർണയിക്കുന്ന മുഴുനീള കഥാപാത്രമായാൽ,സ്ക്രിപ്ട് വായിച്ച് ഇഷ്ടപ്പെട്ടാൽ അഭിനയിക്കാം.അങ്ങനെ വന്നാൽ മാത്രം.പണ്ട് ഈ അഭിനയമൊക്കെ സ്വപ്നം കണ്ടു നടന്നിട്ടുള്ള കാലത്ത് കഷ്ടകാലത്തിന് അതെല്ലാം കിട്ടി.
നല്ല കാലത്തിന് ?
അതെ നല്ല കാലത്തിന് .ഞാൻ ആഗ്രഹിച്ചതും മോഹിച്ചതുമെല്ലാം വളരെ നേരത്തെ കിട്ടി.ആ തൃപ്തി ഉണ്ട്.സംതൃപ്തി.
താങ്കളുടെ ഒരു ദിവസം എങ്ങനെയാണ് കടന്നുപോവുന്നത് ?
പ്രത്യേകതയൊന്നുമില്ല. ഉറങ്ങുമ്പോൾ രാത്രി മൂന്നുമണിയാകും. അതിനാൽ എഴുന്നേൽക്കുമ്പോൾ പതിനൊന്ന് പന്ത്രണ്ടു മണിയാവും. നേരത്തെ കിടന്നാൽ നേരത്തേ ഉണരും. എട്ടുമണിക്കൂർ ഉറങ്ങും. വായനയുണ്ട്. കുറച്ചുനേരം ടിവി കാണും. മിക്കപ്പോഴും സന്ദർശകരുണ്ടാവും. അപ്പോൾ സംസാരിച്ചിരിക്കും. സിനിമകൾ കാണാറുണ്ട്. പഴയ സിനിമകളാണ് കൂടുതൽ കാണുന്നത്. ഞാൻ അഭിനയിച്ചതും കാണാത്തതുമായ സിനിമകൾ കാണാൻ വേണ്ടിയാണ് തുടങ്ങിയത്. അവസാനം കണ്ട സിനിമ മനു അങ്കിൾ ആണ്. മലയാള സിനിമകളേ കാണാറുള്ളൂ. പാട്ട് കേൾക്കും. പുതിയ പാട്ടുകൾ ഫോർ ഗ്രൗണ്ട് മ്യൂസിക്കായതിനാൽ പാട്ടിന്റെ വരികൾ കേൾക്കാൻ കഴിയില്ല. അടിച്ചുപൊളിക്കുകയല്ലേ. പഴയ സിനിമകളിലെ ഒരുപാട് പാട്ടുകൾ ഇഷ്ടമാണ്.
നവതി ആഘോഷിക്കുന്നുണ്ടോ ?
ഞാൻ ആഘോഷിക്കുന്നില്ല. പിറന്നാൾ ആഘോഷിക്കുന്ന ശീലമില്ല. ഒരിക്കൽ പോലും പിറന്നാൾ ആഘോഷിച്ചിട്ടില്ല. അഞ്ചാം വയസിൽ അമ്മയും അമ്മൂമ്മയും പിറന്നാൾ ദിവസം പായസമോ സദ്യയോ വച്ചിട്ടുണ്ട്. ബി.എ കഴിഞ്ഞ് ബനാറസിൽ എം.എ പഠനം. അപ്പോഴൊന്നും പിറന്നാൾ ആഘോഷിച്ചില്ല. പിന്നീട് നാഗർകോവിലിൽ മൂന്നുവർഷം. അതുകഴിഞ്ഞ് ഡൽഹിയിൽ. ആസമയത്തെല്ലാം ആഘോഷമില്ലാതെ പിറന്നാൾ കടന്നുപോയി. സിനിമയിൽ വന്നശേഷം അധികവും മദ്രാസിൽ ആയിരുന്നു. അപ്പോഴും ആഘോഷിക്കാൻ അവസരം ലഭിച്ചില്ല. തോന്നിയിട്ടുമില്ല. ഒരു പ്രത്യേകതയില്ലാതെ നവതി കടന്നുപോവും. ആശംസ നേരാൻ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും വരുമായിരിക്കും. അതിനാൽ ആ ദിവസം നല്ല തിരക്കായിരിക്കും.
ആത്മകഥ എഴുതണമെന്ന് തോന്നിയില്ലേ?
എഴുതാൻ ഒന്നുമില്ല. പലരും എഴുതുന്നുണ്ട്. എനിക്ക് എഴുതാൻ ഒന്നുമില്ല. ആത്മകഥ എഴുതാൻ പലരും പറഞ്ഞു. ഞാൻ എഴുതിയാൽ അഞ്ചാറു പേജേ വരൂ. അതിനപ്പുറത്തേക്ക് വരില്ല. എഴുതണമെന്ന് ഒരിക്കൽ പോലും തോന്നിയുമില്ല.
ആഗ്രഹിച്ച പോലെയാണോ ജീവിതയാത്ര?
ആഗ്രഹിച്ചതിനേക്കാൾ മെച്ചമായി. തിരിഞ്ഞു നോക്കുമ്പോൾ പൂർണ സംതൃപ്തിയാണ്. ജീവിതം കളർഫുൾ ആയിരുന്നില്ല.എന്നാൽ സംതൃപ്തി ലഭിച്ചു. സന്തോഷവാനാണ്. ജീവിതം ആഘോഷിക്കാൻ ശ്രമിച്ചില്ല. അടിച്ചുപൊളിച്ചിട്ടുമില്ല. ദൈവം എന്റെ ഉള്ളിൽ തന്നെയുണ്ടെന്ന് വിശ്വസിക്കുന്നു. തൊണ്ണൂറു വയസു വരെ ജീവിക്കാൻ ആയുസു തന്നതു മാത്രമാണ് ദൈവം എന്നോട് ചെയ്ത ക്രൂരതയായി ഉള്ളൂ.( ചിരി).
ഏകാന്തത അനുഭവപ്പെടുന്നില്ലേ ?
ഏകാന്തത നല്ല സുഖമാണ്. ഒരു വിഷമവും അനുഭവപ്പെടുന്നില്ല. പുറത്തായിരുന്നു ഇതുവരെ. വീട്ടിനകത്ത് കയറിയത് ഇപ്പോഴാണെന്ന് മാത്രം. ഇപ്പോൾ പുറത്തിറങ്ങാറില്ല.
സ്വപ്നം കാണാറുണ്ടോ?
ഇപ്പോൾ കാണുന്ന സ്വപ്നമൊന്നും വ്യക്തമല്ല. ഉണരുമ്പോൾ അതു നഷ്ടപ്പെടും.
സിനിമയുടെ പല മേഖലകളിൽ പ്രവർത്തിച്ചു.ആരോടാണ് കൂടുതൽ പ്രിയം?
അഭിനേതാവിനോട് തന്നെ. അഭിനയിക്കണമെന്ന അടങ്ങാത്ത ആഗ്രഹത്തോടെയാണ് സിനിമയിലേക്കു വന്നത്. ബാക്കി എല്ലാം അഭിനേതാവായ ശേഷം സംഭവിച്ച റിസൽട്ടാണ്. അതൊന്നും എന്റെ ലക്ഷ്യമല്ലായിരുന്നു. സംഭവിച്ചതാണ്. സിനിമയിൽ നിന്നു ലഭിച്ചതു അവിടെത്തന്നെ ചെലവഴിച്ച് മോക്ഷം നേടണമെന്ന ചിന്തയിലല്ല സിനിമകൾ നിർമ്മിച്ചത്. 1995നു ശേഷം സിനിമ നിർമ്മിച്ചില്ല. അനുയോജ്യമായ മനസിനെ സ്പർശിച്ച ഒരു കഥ പിന്നീട് ലഭിച്ചില്ല.
പുതിയ തലമുറയിലെ താരങ്ങളുടെ സിനിമകൾ കാണാറുണ്ടോ ?
എല്ലാവരുടെയും കണ്ടിട്ടുണ്ട്.ഫഹദ് ഫാസിൽ,പൃഥ്വിരാജ്, ദുൽഖർ, നിവിൻ, ടൊവിനോ, എല്ലാവരെയും അറിയാം. അവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. പുതുതലമുറയിൽ ആസിഫ് അലിയോടൊപ്പം മാത്രമാണ് അഭിനയിച്ചത്. ദിലീപിന്റെ കൂടെ ഒന്നുരണ്ടു സിനിമകളിൽ അഭിനയിച്ചിച്ചു. പഴയ തലമുറയിൽ എല്ലാവരുടെയും കൂടെയും അഭിനയിക്കാൻ സാധിച്ചു.
മുൻകോപമുണ്ട്. പെട്ടെന്ന് ദേഷ്യം വരും എന്നൊക്കെ ആളുകൾ കരുതുന്നു ?
അങ്ങനെ പറയുന്നത് ശരിയായിരിക്കാം. എനിക്ക് അറിയില്ല. മനഃപൂർവം ദേഷ്യപ്പെടാറില്ല. ദേഷ്യം വന്നാൽ അടക്കിപ്പിടിക്കാൻ കഴിയില്ല. സന്തോഷം വന്നാൽ ചിരിക്കും. സ്ഥായിയായി ആരോടും ദേഷ്യപ്പെടാറില്ല. ഞാൻ ഞാനായി ജീവിക്കുന്നു. എന്നെ അടുത്തറിയുന്നവരുണ്ട്. അവർക്ക് എന്നെ അറിയാം.
പ്രായമായോ?
പ്രായമായി. തൊണ്ണൂറ് വയസ് പ്രായമല്ലേ? 'തത്തേ പൊത്തേ" എന്നല്ലേ നടക്കുന്നത്. (ചിരി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |